ഹിറ്റ്ലറുടെ ‘മെയിൻ കാംഫ്’ ന് 95 വയസ്
അഡോൾഫ് ഹിറ്റ്ലർ എന്ന ക്രൂരനായ ഏകാധിപതിയ്ക്ക് ലോകചരിത്രത്തിൽ ഉള്ള സ്ഥാനം ഒരു പക്ഷെ ചവറ്റുകുട്ടയിൽ മാത്രം ആയിരിക്കാം. വിവർണനാതീതമായ ക്രൂരതകൾ കാട്ടിക്കൂട്ടുകയും 6 വർഷത്തോളം നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ സാരഥി എന്ന നിലയ്ക്കും ലോകം ഇന്നും ഏറെ ഭയത്തോടും വെറുപ്പോടും കൂടി മാത്രമേ ആ പേര് ഉച്ചരിച്ചിട്ടുള്ളു. സ്വന്തം നാടായ ജർമനിയിൽ പോലും അദ്ദേഹത്തിന്റെ ഒരു പ്രതിമയോ സ്മാരകമോ ഇല്ല എന്നുള്ളത് ആ ‘സാമൂഹ്യ അകൽച്ച’ എത്രത്തോളം ആഴത്തിൽ ആണെന്ന് വെളിവാക്കുന്നു. എന്നാൽ അദ്ദേഹത്തിൻറ്റെ ആത്മ കഥ രചനയായ ‘മെയിൻ കാംഫ്’ അഥവാ ‘എൻറ്റെ പോരാട്ടം’ എന്ന പുസ്തകത്തിന് ലഭിച്ച ജനപ്രീതി ആരെയും അമ്പരപ്പിക്കും. ഇന്നും പ്രമുഖ പുസ്തക ശാലകളിൽ ഇത് തിരഞ്ഞു വരുന്നവരെ കാണാൻ കഴിയുമെന്നതാണ് യാഥാർഥ്യം. കൊറോണ വ്യാപന ഭീതിക്കിടെ, ഇക്കഴിഞ്ഞ ജൂലൈ 18 ന് പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ 95 ആം വാർഷികം ആരുടെയും ശ്രദ്ധയിൽപ്പെടാതെ കടന്നുപോയി. ജൂത വിരോധവും ഫാസിസ്റ്റു ചിന്തകളും കുത്തിനിറച്ച, നെഗറ്റീവ് റിവ്യൂസ് മാത്രമുള്ള ഈ പുസ്തകത്തിനെ ആരും തന്നെ പരസ്യമായി പുകഴ്ത്തി പറയുവാനോ കച്ചവട താല്പര്യം ലാക്കാക്കി മാർക്കറ്റ് ചെയുവാനോ മുന്നിട്ടിറങ്ങിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധാനന്തരം പുസ്തകത്തിന്റെ കോപ്പി റൈറ്റ് അവകാശം ഉണ്ടായിരുന്ന ജർമനിയിലെ ബവേറിയൻ സ്റ്റേറ്റ് പിൽക്കാലത്തു പുസ്തകം റീ പ്രിന്റ്റ് ചെയ്യാൻ വലിയ ഉത്സാഹം കാണിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. മാറിയ ലോകത്തിനു ചേരുന്ന ആശയങ്ങളല്ല ഈ പുസ്തകം വിഭാവനം ചെയുന്നത് എന്ന തിരിച്ചറിവാകാം ഇത്തരൊമൊരു മാറ്റത്തിനു പിന്നിൽ. ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞു പോയ ആത്മ കഥകളിൽ ഒന്നാണ് മെയിൻ കാംഫ്. ക്രൂരനായ ഒരു സ്വേച്ഛാധിപതിയുടെ പുസ്തകം ഏകദേശം ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും ഇന്നും ഹോട്ട് കേക്ക് പട്ടികയിൽ ഉൾപ്പെടാൻ എന്തായിരിക്കും കാരണം. ഒരു ഭരണകൂട ഭീകരതയുടെ സാക്ഷ്യപത്രമായി വിശേഷിക്കപ്പെടുന്ന ഈ കൃതിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്. ആദ്യമായി ഈ പുസ്തകരചനയുടെ പശ്ചാത്തലം ഒന്നു വിശകലനം ചെയാം.
പരാജയപ്പെട്ട 1923 ലെ മ്യൂണിക് അട്ടിമറിക്കു ശേഷം ജയിലിൽ അടക്കപ്പെട്ട ഹിറ്റ്ലറിനെയും കൂട്ടരെയും സന്ദർശിക്കാൻ അണികളുടെ തിരക്കായിരുന്നു. എന്നാൽ വളരെ വേഗം തന്നെ ഈ സമയം ക്രിയാത്മകമായി എന്തെങ്കിലും പ്രവർത്തങ്ങൾക്ക് വിനയോഗിക്കണം എന്ന ചിന്ത ഹിറ്റ്ലറിൽ രൂപപ്പെട്ടു. താൻ പിൽക്കാലത്തു തീർച്ചയായും ഭരണ തലപ്പത്തു എത്തുമെന്നും അതിനുള്ള വഴികളെ കുറിച്ച് കൃത്യവും വ്യക്തവുമായ ഒരു രൂപരേഖ തയ്യാറാക്കേണ്ടത് ആവശ്യമാണെന്നമുള്ള തിരിച്ചറിവിൽനിന്നാണ് മെയിൻ കാംഫിൻറ്റെ ഉത്ഭവം. നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുള്ള തന്റെ ബാല്യ കാലവും, വിയന്നയിൽ ചിത്രകരനായി ജീവിച്ചപ്പോഴുണ്ടായ അനുഭവങ്ങളുമൊക്കെ ചേർത്ത് കൊണ്ടാണ് പുസ്തക രചനയുടെ ആദ്യ ദിനങ്ങൾ കടന്നു പോയത്. പിതാവിനോടുള്ള അകൽച്ചയും, അയാളുടെ ക്രൂരമായ ശിക്ഷാരീതികളും അമ്മയോടുള്ള അഗാധ സ്നേഹവുമെല്ലാം ആദ്യ മൂന്ന് ചാപ്റ്ററുകളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഹിറ്റ്ലർ തൻറ്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വർണ്ണിക്കുമ്പോൾ അത് കേട്ട് എഴുതേണ്ട ജോലി സഹായികൾക്കായിരിന്നു. റുഡോൾഫ് ഹെസ് എന്ന ഒന്നാമത്തെ സഹായി പിൽക്കാലത്തു ഹിറ്റ്ലർ ഭരണകൂടത്തിൽ പ്രമുഖനായി തീർന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് സ്കോട്ട്ലാൻഡിൽ സമാധാന ചർച്ചക്കുപോയ ഹെസ്സിനെ ബ്രിട്ടീഷുകാർ തടവിൽവെക്കുകയും പിന്നീട് കുറ്റവിചാരണ ചെയ്യുകയുമായിരുന്നു. കേട്ടെഴുത്തുകാരിൽ രണ്ടാമനായ എമിൽ മൗറിസ് പിൽക്കാലത്തു നാസി പാർട്ടിയിലെ ശക്തനായ നേതാവ്, കുപ്രസിദ്ധിയാർജ്ജിച്ച എസ് എസ് എന്ന നാസി പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സഹ സ്ഥാപകൻ എന്നീ പട്ടങ്ങളിലൂടെ (കു) പ്രശസ്തിയിലേക്കുയർന്നു. ഈ പുസ്തകത്തിൽ ലോകത്തിനു ഭീക്ഷണിയായികൊണ്ടിരിക്കുന്ന രണ്ടു ശക്തികളായി ഹിറ്റ്ലർ ഉയർത്തി കാണിച്ചിരിക്കുന്നത് കമ്മ്യൂണസിത്തേയും ജൂദിസത്തെയുമാണ്. ചെറുപ്പകാലത്ത് താൻ പിന്തുടർന്നത് ലിബറൽ ചിന്താഗതികൾ ആയിരുന്നുവെന്നും വിയന്നയിൽ വന്നതിനു ശേഷമാണ് ജൂതന്മാരെ ആദ്യമായി നേരിൽ പരിചയപ്പെടാനും അടുത്തിടപ്പഴുകാനുമുള്ള അവസരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. അവരെ കൂടുതൽ മനസിലാക്കിയപ്പോൾ വളരെ ആഴത്തിലുള്ള ഒരുതരം മാനസിക അകൽച്ച ആരംഭിച്ചുവെന്നും സാവധാനം തീവ്ര വലതുപക്ഷ നിലപാടുകളോട് താല്പര്യം തോന്നി തുടങ്ങിയതെന്നുമാണ് തന്റെ രാഷ്ട്രീയ രംഗപ്രവേശത്തെ കുറിച്ച് ഹിറ്റ്ലർ വിവരിക്കുന്നത്. എന്ത് സംഭവമാണ് ജൂതന്മാരോട് ഇത്ര വിരോധം ഉടലെടുക്കുന്നതിൽ കാരണമായെതെന്നു ഇന്നും പലർക്കും അജ്ഞാതമാണ്. ജൂത സമൂഹത്തിനു അക്കാലത്തു യൂറോപ്പിലെ വ്യാപാര വാണിജ്യ മേഖലകളിലുണ്ടായിരുന്ന അപ്രമാദിത്യമാവാം ഒരുപക്ഷെ ഹിറ്റ്ലറെ അലോസരപ്പെടുത്തിയതെന്നു കരുതാം. ഒരു ഏകാധിപത്യ ഭരണ സംവിധാനത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാമെന്നും അതിനായി നാസികൾക്കു മുൻതൂക്കമുള്ള സർക്കാർ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും സമർത്ഥമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ ഒന്നാം വാല്യത്തിൽ 12 അധ്യായങ്ങളും രണ്ടാം വാല്യത്തിൽ 15 അദ്ധ്യായങ്ങളും ആണുള്ളത്. രണ്ടാം വാല്യം പുറത്തിറങ്ങിയത് 1927 ൽ ആണ്. പിന്നീട് ഭരണ നാളുകളിൽ തൻറ്റെ പ്രിയപ്പെട്ട സ്ഥലമായ ബെർച്ചെ ഗാർഡനിൽ വച്ച് രണ്ടാം വാല്യത്തിൽ ചിലഭാഗങ്ങൾ കൂട്ടി ചേർത്തതായും പറയപ്പെടുന്നു.
ഇതൊക്കെയാണെങ്കിലും ഹിറ്റ്ലറുടെ ആരും അറിയാതെ പോകാമായിരുന്ന ബാല്യവും കൗമാരവും ആദ്യകാല രാഷ്ട്രീയവുമൊക്കെ കൃത്യമായി വിവരിച്ചിരിക്കുന്നു ഈ ആത്മകഥയിൽ. മരണംപോലും വളരെ കൃത്യമായി പ്ലാൻ ചെയ്തു നടപ്പിലാക്കിയ ഹിറ്റ്ലർ ആത്മകഥ മുൻകൂട്ടി എഴുതി വെച്ചതിനു എന്തായിരിക്കും കാരണം. അതും ഭരണത്തിലേറുന്നതിനും കുറെ വർഷങ്ങൾക് മുൻപ്. മറ്റൊന്നുമല്ല ഇങ്ങെനയൊക്കെ ചെയ്തില്ലായെങ്കിൽ മരണശേഷം ശത്രുക്കൾ തൻറ്റെ ജീവിതത്തെ കുറിച്ച് മറ്റെന്തെങ്കിലും കഥകൾ പ്രചരിപ്പിക്കുമോ എന്ന ഭയമാകാം മുഖ്യ കാരണമായി കരുതപെട്ടുപോരുന്നത്.
നാസി പാർട്ടിയുടെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ഈ പുസ്തകം കൂടുതൽ വിറ്റഴിഞ്ഞുപോയിരുന്നത് 1940 കളിൽ ആയിരുന്നുവെങ്കിലും പിന്നീട് യുദ്ധാനന്തരം വീണ്ടും പുസ്തകത്തിന് പ്രചാരം ലഭിക്കുകയുണ്ടായി. യൂറോപ്പിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇപ്പോഴും ഈ പുസ്തകത്തിന്റെ പ്രചാരണത്തിന് അണിയറയിൽ സജീവമാണെന്നും ചില വാദഗതികൾ നിലനിൽക്കുന്നു. പരസ്യമായി ഹിറ്റ്ലറെയും നാസി പ്രസ്ഥാനങ്ങളെയും എതിർക്കുന്ന ഇകൂട്ടർ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനും വളർച്ചക്കും ഈ വജ്രായുധം കൂടിയേത്തീരുവെന്നു വിശ്വസിക്കുന്നു. ഫലത്തിൽ ഹിറ്റ്ലർ പ്രതിനിധാനം ചെയ്തപോന്ന വെറുപ്പിൻറ്റെ രാഷ്ട്രീയവും ആശയങ്ങളും രീതികളും ഇന്നും പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒളിഞ്ഞും തെളിഞ്ഞും ചിലർ ശ്രമിക്കുന്നുവെന്ന് ചുരുക്കം.
JAIJITH JAMES