ഫ്യൂച്ചർ ഗ്രൂപ്പിൻറ്റെ ‘ഫ്യൂച്ചർ’ ഇനി റിലയൻസിനു സ്വന്തം
ഇന്ത്യൻ ഫാഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിൻറ്റെ സുപ്രധാന ബിസിനസ് ശൃംഖലകൾ ഇനി അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് നിയന്ത്രിക്കും. ചില്ലറ വ്യപാര രംഗത്ത് ബിയാനിയുടെ പേരും മുദ്രയും ഇതോടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. കടബാധ്യതയിൽ മുങ്ങിത്താണ ഫ്യൂച്ചർ ഗ്രൂപ്പിന് ഇത് ആശ്വാസമാണോ അതോ അബദ്ധമാണോ എന്ന് ഇനി കാലം തെളിയിക്കും. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്സ് ലിമിറ്റഡ് (RRVL) ആണ് ഫ്യൂച്ചർ ഗ്രൂപ്പിലെ സ്ഥാപനങ്ങളായ ബിഗ് ബസാർ, എഫ് ബി ബി, ഫുഡ് ഹാൾ, ഈസി ഡേ, നീലഗിരിസ്, സെൻട്രൽ, ബ്രാൻഡ് ഫാക്ടറി എന്നിവ 24,713 കോടിക്ക് വാങ്ങിയിരിക്കുന്നത്. ഇതിൽ 12,000 കോടി രൂപയും ചിലവാക്കുന്നത് കടബാധ്യതകൾ വീട്ടാൻ വേണ്ടി മാത്രമായിരിക്കും എന്നാണ് യാഥാർഥ്യം. ആധുനിക റീറ്റെയ്ൽ രംഗത്ത് മാറ്റങ്ങൾക്കു നേതൃത്വം നൽകിയ ഫ്യൂച്ചർ ഗ്രൂപ്പിൻറ്റെ പ്രശസ്തമായ ബ്രാൻഡുകളുടെ കടന്നു വരവ് തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അതേ ബിസിനസ് തനിമ നിലനിർത്താനുള്ള പരിശ്രമങ്ങൾ ഉണ്ടാകുമെന്നും റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്സ് ലിമിറ്റഡ് (RRVL) ഡയറക്ടർ ഇഷ അംബാനി പ്രസ്താവനയിലൂടെ അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴലുമ്പോഴും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ബിയാനി കിണഞ്ഞു പരിശ്രമിച്ചു എന്നത് യാഥാർഥ്യമാണ്. പക്ഷെ കോവിഡ് – ലോക്ക് ഡൗൺ പ്രതിസന്ധികൾ പൂർണ്ണമായും ഈ സംരംഭങ്ങൾ കൈയൊഴിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. വസ്ത്ര വ്യാപാരംഗത്തെ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന അദ്ദേഹം ചെറുപ്പത്തിലേ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനാണ് ആഗ്രഹിച്ചതും പ്രവർത്തിച്ചതും. 1987 മെൻസ് വെയർ എന്ന ബ്രാൻഡിന് തുടക്കമിട്ടു. പക്ഷെ ബിസിനസ് ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചത് 1997 ആഗസ്റ്റിൽ, കൊൽക്കത്ത നഗരത്തിലെ തിരക്കേറിയ കമാക് സ്ട്രീറ്റിൽ 10,000 ചതുരശ്ര വിസ്തൃതിഅടിയിൽ ‘പാൻറ്റലൂൻസ്’ എന്ന ബ്രഹത്തായ ഒരു ടെക്സ്റ്റിൽ ശൃംഖല ആരംഭിച്ചപ്പോൾ മാത്രമാണ്. അത്രയും വലിയൊരു വസ്ത്രശാല നഗരത്തിൽ ആദ്യമായിരുന്നു. സമ്പന്ന -മധ്യവർഗ്ഗത്തെ ആകർഷിക്കുന്ന രീതിയിലുള്ള ഉൽപ്പന്നങ്ങളും വിലനിരക്കുകളും ആയിരുന്നു അവിടുത്തെ മുഖ്യ ആകർഷണം. ഇത് വലിയ വിജയമായതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തിൻറ്റെ മറ്റു പല നഗരങ്ങളിലും പാൻറ്റലൂൻസ് ശൃംഖല പടർന്നു പന്തലിച്ചു. മധ്യവർഗ സമൂഹത്തെ ലക്ഷ്യമിട്ടു കൊണ്ട്, 2001 കൂടുതൽ കരുത്തോടെ ‘ബിഗ് ബസാർ’ എന്ന ബ്രാൻഡ് സ്റ്റോറുകൾ അവതരിപ്പിച്ചു. ഭാഗ്യം കൊണ്ടു വന്ന അതേ കൊൽക്കത്ത നഗരത്തിൽ ബിഗ് ബസാർ സ്റ്റോറുകളിൽ സാധാരണകാർക്ക് ഉതകുന്ന വസ്ത്രങ്ങളുടെ വിപണന ശൃംഖലയും പതിവിനു വിപരീതമായി തെരുവ് കച്ചവടക്കാരെ പോലും തോൽപ്പിക്കുന്ന വില കുറവും കൂടി ആയതോടെ ജനം സ്റ്റോറുകളിലേക്കു ഒഴുകിയെത്തി. ബിസിനസ് അതിവേഗം വളർന്നു കരുത്താർജ്ജിച്ചു. ജനങളുടെ ആവശ്യങ്ങൾ നന്നായി മനസിലാക്കി കൊണ്ട് ബിഗ് ബസാർ പല വ്യഞ്ജന വ്യാപാര രംഗത്തേക്ക് കാലെടുത്തു വെച്ചു. നിഗമനങ്ങൾ തെറ്റിയില്ല. അവിടെയും വെന്നി കൊടി പാറിച്ചു. 2014 ൽ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നല്ല സ്വാധീനമുണ്ടായിരുന്ന ‘നീൽഗിരിസ്’ എന്ന ശൃംഖലയെ വാങ്ങിക്കൊണ്ടു സമ്പൂർണാധിപത്യന് ശ്രമമാരംഭിച്ചു. എന്നാൽ 2007 ലെ സാമ്പത്തിക മാന്ദ്യത്തോടെ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ പ്രശനങ്ങൾ തലപൊക്കി തുടങ്ങിയിരുന്നു. കാലക്രമത്തിൽ ഓരോ പ്രതിസന്ധിയേയും അതിജീവിച്ചു മുന്നോട്ടു പോകാം എന്ന ചിന്തയിൽ അത് അത്ര കാര്യമാക്കിയില്ല. ഇതേ സമയം ഓൺലൈൻ ഷോപ്പിംഗ് ട്രെൻഡുകൾ വളർന്നു വരുന്നത് വലിയ ഭീഷണിയായി തുടങ്ങിയിരുന്നു. വിരൽ തുമ്പിൽ ഷോപ്പിംഗ് എന്ന ആശയവുമായി വന്ന ഈ ഭീമൻമാർ സാവധാനം അവരുടെ ശക്തി വർധിപ്പിച്ചു വന്നതോടെ ‘പാൻറ്റലൂൻസ്’ ഉൾപ്പെടയുള്ള ശൃംഖലകൾക്കു ഇളക്കം തട്ടി തുടങ്ങി. 2012 ആയതോടെ പ്രതിസന്ധികൾ തീവ്രമായി തുടങ്ങിയിരുന്നു.
ആധുനിക ചില്ലറ വ്യാപാര രംഗത്തെ രാജാവായി കഴിഞ്ഞിരുന്ന കിഷോർ ബിയാനിയെ ബിർള ഗ്രൂപ്പും അംബാനിയുടെ റിലയൻസ് ഗ്രൂപ്പും നോട്ടമിട്ടിട്ട് കാലമേറെയായിരുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കഷ്ടപ്പെട്ട് പടുത്തുയർത്തിയ ‘പാൻറ്റലൂൻസ്’ എന്ന ടെക്സ്റ്റിൽ ശൃംഖല 2012 ൽ കുമാരമംഗലം ബിർള നയിക്കുന്ന ആദിത്യ ബിർള ഗ്രൂപ്പ് കൈക്കലാക്കി. ഫാഷൻ -വസ്ത്ര വ്യാപാര രംഗത്ത് ഏറെ താല്പര്യം ഉള്ള ബിർള ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച നേട്ടം തന്നെയായിരുന്നു. പ്ലാനറ്റ് ഫാഷൻ സ്റ്റോറുകളിലൂടെ സമ്പന്ന വർഗത്തെ മാത്രം ലക്ഷ്യം വെച്ച് നീങ്ങിയിരുന്ന അവർക്ക് മധ്യ വർഗത്തെ കൂടെ നിർത്താൻ ‘പാൻറ്റലൂൻസ്’ പോലൊരു ശൃംഖല ആവശ്യമായിരുന്നു.
നിലവിൽ ‘റിലയൻസ് ഫ്രഷ്’ എന്നൊരു റീറ്റെയ്ൽ ശൃംഖലയിലൂടെഈ രംഗത്ത് സജീവമായ റിലയൻസിന്, രാജ്യത്തെ പല നഗരങ്ങളിലായി 1000 ൽ അധിക സ്റ്റോറുകളുള്ള ‘ബിഗ് ബസാർ’ തങ്ങളുടെ ശൃംഘലയിലേക്കു വരുന്നത് കൂടുതൽ കരുത്തു പകരും എന്നതിൽ സംശയമില്ല.
കഴിഞ്ഞ 20 വർഷത്തിലേറേയായി ചെറുകിട റീറ്റെയ്ൽ രംഗത്ത് ബിയാനി രചിച്ച വിപ്ലവകരമായ മാറ്റങ്ങൾ നവ ബിസിനസ് സംരംഭകർക്ക് ഒരു പാഠപുസ്തകമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. എവിടെയാണ് ബിയാനിക്കു പിഴച്ചത്? ഐ ടി സി മോഡലിൽ വ്യത്യസ്ത മേഖലകളിൽ സാന്നിധ്യം അറിയിക്കുന്ന വലിയൊരു ബിസിനസ് സാമ്രജ്യം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ കാലിനടിയിലെ മണ്ണ് ഒലിച്ചു പോയതാണോ? വിജയപർവ്വത്തിൽ നിൽക്കുന്ന സമയത്ത്, കൃത്യമായി പറഞ്ഞാൽ 2001-2003 കാലഘട്ടത്തിൽ ബോളിവുഡിൽ രണ്ടു സിനിമകൾ നിർമ്മിച്ച് കൊണ്ട് അവിടെയും ഒന്ന് പയറ്റി. രണ്ടു പടങ്ങളും പൊട്ടിയതോടെ അതിവേഗം പിൻവാങ്ങി. പിന്നീട് ഇൻഷുറൻസ് മേഖലയിലും കൈവച്ചു. ഇറ്റാലിയൻ കമ്പനിയായ ജനറാലി യുമായി ചേർന്ന് കൊണ്ട് ‘ഫ്യൂച്ചർ ജനറാലി ഇൻഷുറൻസ് ‘ മുന്നോട്ടു കൊണ്ടുപോയെങ്കിലും അതിപ്പോൾ എസ് ബി ഐ യിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. എന്നാൽ പ്രമുഖ തുണിമില്ലായ എൻ ടി സി യുമായി ചേർന്നുള്ള സംയുക്ത സംരഭം നിലവിൽ ബിയാനിക്കുണ്ട്. അത് കൂടുതൽ കാര്യക്ഷമമാക്കാൻ അദ്ദേഹം ശ്രമം തുടരും. മാത്രമല്ല നിലവിലെ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും അതിലുള്ള പ്രവർത്തിപരിചയവും മറ്റൊരു അങ്കത്തിനുള്ള അവസരം 59 ക്കാരനായ കിഷോർ ബിയനിക്ക് നൽകുന്നു. കാത്തിരുന്ന കാണാം ഈ രാജാവിന്റെ അടുത്ത നീക്കങ്ങൾ.
JAIJITH JAMES