ലോക ജനത ഒരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഇതിനു മുൻപ് ലോകം അഭിമുഖീകരിച്ച ഏറ്റവും ദുരന്തപൂർണ്ണമായ ഒരു അധ്യായത്തിന്റെ എഴുപത്തഞ്ചാം വാർഷികം കടന്നുവന്നത് തികച്ചും യാദൃശ്ചികം മാത്രം. രണ്ടാം ലോകമഹായുദ്ധ നാളുകളിൽ എങ്ങേനെയാണോ യൂറോപ്പിലെ ജനങ്ങൾ കഴിഞ്ഞിരുന്നത് ഏതാണ്ട് അതെ അവസ്ഥയിൽ കൂടിയാണ് ഇന്ന് ലോകം മുഴുവൻ കടന്നുപോകുന്നത് എന്നതാണ് ഇതിലെ വിചിത്രമായ ഒരു സമാനത. അന്ന് ശത്രുവിന്റെ വരവും ആക്രമണവും മുൻകൂട്ടി അറിയുവാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് സ്ഥിതി അല്പം വ്യത്യസ്തമാണ്. ഇപ്പോൾ മനുഷ്യരാശിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ വൈറസിന്റെ വരവോ, രൂപമോ, അക്രമണമോ ആർക്കും പ്രവചിക്കുവാൻ സാധിക്കുന്നില്ല. മാത്രമല്ല പ്രതിരോധമരുന്നുകൾ ഇനിയും തയാറായിട്ടില്ല എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത. അതവിടെ നിൽക്കട്ടെ, ഇനി രണ്ടാം ലോകമഹായുദ്ധത്തിന്റെ നാൾവഴികളിലൂടെ ഒന്ന് സഞ്ചരിച്ചാൽ വെളിപ്പെടുന്ന കണക്കുകൾ ഇന്നും ഭീതിപ്പെടുത്തുന്നതാണ്.
1939 മുതൽ 1945 വരെ നീണ്ടുനിന്ന ഈ മഹായുദ്ധത്തിൽ അന്ന് ജീവൻ നഷ്ട്ടമായതു ഏകദേശം 80 ദശലക്ഷം ആൾക്കാർക്ക് ആണ്, അന്നത്തെ ജനസംഖ്യയുടെ 3% പൂമുഖത്തു നിന്ന് തുടച്ചു നീക്കപെട്ടു. അത് വരുത്തിവച്ച സാമ്പത്തിക നഷ്ടം വേറെ, ലോകമെബാടുമുള്ള ലക്ഷകണക്കിന് തൊഴിൽ സംരംഭങ്ങൾ തവിടുപൊടിയായി. തൊഴിൽ ദാതാക്കളും തൊഴിലാളികളും പെരുവഴിയിലായി. കുടുംബങ്ങളിൽ പട്ടിണിയും ദരിദ്ര്യവും നിത്യസംഭവമായി തീർന്നു. യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ അണുബോംബു സ്ഫോടനങ്ങളിലൂടെ കഥ ഏതാണ്ട് പൂർണ്ണമായി. അത് വരുത്തിവെച്ച വിനാശം തലമുറകൾ കഴിഞ്ഞിട്ടും ഇന്നും അവിടുത്തെ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നു
ഇതൊക്കെയാണെങ്കിലും എന്തിനായിരുന്നു ഈ യുദ്ധം എന്ന് മറുവശത്തു ചോദിക്കുന്നവരുമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ പരിഹരിക്കപ്പെടാതെ പോയ ചില പ്രശ്നങ്ങൾ കനലായീ പരാജിതരുടെ മനസ്സിൽ കിടന്നതു കുറേവർഷങ്ങൾക്കു ശേഷം ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കപ്പെടുകയായിരിന്നു. ജർമനിയിൽ ഹിറ്റ്ലറുടെ ഉദയവും യൂറോപ്പിന്റെ കേന്ദ്രഭാഗമായ ഇറ്റലിയിൽ ബെനിറ്റോ മുസോളനി എന്ന ഏകാധിപതിയുടെ കടന്നുവരവും. ഇരുവരും ഏക സ്വരത്തിൽ അവതരിപ്പിച്ച ഫാസിസ്റ്റ് ആശയങ്ങളും സാമ്രജ്യവികസന മോഹങ്ങളും എല്ലാം രണ്ടാം ലോകമഹായുദ്ധത്തിനു ആക്കം കൂട്ടി എന്ന് ചരിത്ര അപഗ്രഥനത്തിലൂടെ മനസിലാക്കാവുന്നതാണ്. അമേരിക്കക്കും ബ്രിട്ടനും ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും കോളനികൾ ആകാമെങ്കിൽ തങ്ങൾക്കും അതിന് ന്യായമായ അവകാശങ്ങളുണ്ട് എന്നുള്ള ഇവരുടെ കാഴ്ചപ്പാടുകൾ വലിയൊരു സംഘർഷാവസ്ഥ സംജാതമാകുവാനാണ് ഉപകരിച്ചത്. ദക്ഷിണേഷ്യയിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും വർധിച്ചു വരുന്ന സാന്നിധ്യത്തിൽ അസ്വസ്ഥരായ ജപ്പാനും ഇവർക്കൊപ്പം കൈകോർക്കാൻ തയ്യാറായപ്പോൾ മൂവരും സംയുക്തമായി ഒരു അച്ചുതണ്ടു ശക്തിക്കു രൂപം നൽകുകയും അത് നിഷ്പക്ഷത പുലർത്തിയിരുന്ന മറ്റു രാജ്യങ്ങളെ അങ്കലാപ്പിലാക്കുകയും ചെയ്തു. തുടക്കം മുതൽ ജർമനിക്കു എതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ബ്രിട്ടൻ സഖ്യകക്ഷി മുന്നണിക്ക് രൂപം നൽകുകയും തല്പര കക്ഷികളെ കൂടെ ചേർക്കുകയും ചെയ്തു. ഈ മുന്നണിയിലേക്ക് അല്പം വൈകി കടന്നുവന്നവരാണ് അമേരിക്കയും സോവിയറ്റ് യൂണിയനും. അതും തങ്ങളുടെ നിയന്ത്രണമേഖലകളിലേക്കു കൂടി അച്ചുതണ്ട് ശക്തികൾ ആരെയും കൂസാതെ കടന്നുവന്നപ്പോൾ മാത്രമാണ് അവർ ഉണർന്നത്. 1939 ൽ ജർമനിയുടെ പോളണ്ട് അധിനിവേശത്തോടെ യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി. വൈകാതെ ഫ്രാൻസ്, ഫിൻലൻഡ്, റൊമേനിയ എന്നി രാജ്യങ്ങൾ കൂടെ ജർമനിക്കു അടിയറവു പറയുകയും സ്പെയിൻ ഭരണകൂടം ഹിറ്റ്ലറുമായി സൗഹൃദകരാർ ഉണ്ടാക്കുകയും ചെയ്തതോടെ യൂറോപ്പിന്റെ സമ്പൂർണ ആധിപത്യം അച്ചുതണ്ട് ശക്തികളുടെ കൈകളിലേക്ക് വന്നു തുടങ്ങി. ഹിറ്റ്ലറുടെ അകമഴിഞ്ഞ പിന്തുണയോടെ മുസ്സോളനിയും സ്വന്തം സാമ്രാജ്യം അയൽനാടുകളിലേക്കുകൂടി വ്യാപിപ്പിച്ചു. ഹിറ്റ്ലറുടെ അധിനിവേശം ബ്രിട്ടന്റെ അതിർത്തി പ്രദേശങ്ങളിലേക്കും സോവിയറ്റ് യൂണിയൻന്റെ കിഴക്കൻ മേഖലകളിലേക്കു കൂടി കടന്നതോടെ ഇരു രാജ്യങ്ങളും അപകടം മണത്തു. എതിർ പക്ഷത്തുള്ള സഖ്യകക്ഷി സേനയുടെ ഐക്യം കൂടുതൽ വർധിപ്പിക്കുന്ന ചില സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്.
പേൾ ഹാർബർ ആക്രമണം.
1941 ഡിസംബർ 7 ന് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ അക്രമിച്ചു വൻ നാശനഷ്ടം വരുത്തിവെച്ചു. ഇത് അമേരിക്കയെ പൂർണ്ണമായും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനു കാരണമായി. ഇതോടെ ജപ്പാൻ – അമേരിക്കൻ നേരിട്ടുള ഏറ്റുമുട്ടലുകൾക്കു പസിഫിക് സമുദ്രം വേദിയായി. മറുവശത്തെ ജർമനിക്ക് ഒറ്റക് നിന്ന് ഒരേസമയം കരുത്തരായ ബ്രിട്ടനേയും സോവിയറ്റ് യുണിയനെയും നേരിടേണ്ട അവസ്ഥയിലും ആയിരിന്നു. മുസോളനിയാകട്ടെ ഇറ്റലിയിലെ ചില ആഭ്യന്തര പ്രശ്ങ്ങളിൽ പെട്ട് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഹിറ്റ്ലറിൻറെ പിന്തുണയോടെ വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ ഭരണകൂടം ഉണ്ടാക്കി സ്വസ്ഥമായി കഴിയാനാണ് ആഗ്രഹിച്ചത്.
യുദ്ധത്തിൽ അചങ്ങലരായി നിന്നിരുന്ന ജർമനിയുടെ തകർച്ചക്ക് വഴിമരുന്നിട്ടത് രണ്ടു പ്രധാന സംഭവങ്ങളാണെന്ന് യുദ്ധ വിദഗ്ധർ വിലയിരുത്തുന്നു. രണ്ടും ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അതിഘോരസംഘട്ടനങ്ങൾ ആയിട്ടാണ് അറിയപ്പെടുന്നത്
1) സ്റാലിൻഗ്രാഡ് യുദ്ധം; കിഴക്കൻ സോവിയറ്റ് യൂണിയൻ മേഖലയായ സ്റാലിൻഗ്രാഡ് പട്ടണം പിടിച്ചെടുക്കാനും അധീശത്വം ഉറപ്പിക്കുവാനുമായി ജർമൻ പട്ടാളം എത്തിയതും നഗരത്തിന്റെ ഒരു ഭാഗം പിടിച്ചെടുക്കകയും പിന്നീട് സോവിയറ്റ് സൈന്യം അവരുടെ ചില സപ്ലൈ ചെയിനുകൾ കട്ട് ചെയ്തുകൊണ്ട് ഒരു ലക്ഷത്തിലേറെ ജർമൻ പട്ടാളക്കാരെ നഗരത്തിൽ കുരുക്കി ഇടുകയും ചെയ്തപ്പോൾ അത് 2 മാസകാലത്തോളം നീണ്ടു നിൽക്കുന്ന ഒരു ചെറുത്തുനില്പായിരിക്കുമെന്നു ആരും കരുതിയിരുന്നില്ല. കൃത്യമായി പറഞ്ഞാൽ 1942 ഓഗസ്റ്റിൽ തുടങ്ങിയ സ്റാലിൻഗ്രാഡ് പോരാട്ടം അവസാനിച്ചത് 1943 ഫെബ്രുവരിയിൽ ആയിരുന്നു. നഗരത്തിൽ അകപ്പെട്ട ജർമൻ സൈന്യം ഭക്ഷണവും യുദ്ധസാമഗ്രികളും തീർന്നതോടെ ചെമ്പടക് മുന്നിൽ മുട്ടുകുത്തി. അന്നത്തെ സ്റാലിൻഗ്രാഡ് ഇന്ന് വോൾഗഗ്രാഡ്പ എന്നാണ് അറിയപ്പെടുന്നത്. ജർമനി അജ്ജയരല്ലന്നും കൃത്യമായ തന്ത്രങ്ങളിലൂടെ വീഴ്താൻ കഴിയുമെന്നും ഈ സംഭവം ലോകത്തിന് കാട്ടിക്കൊടുത്തു. വിറപൂണ്ട ഹിറ്റ്ലർ മറ്റു പ്രവേശ്യകളിൽനിന്നു കൂടുതൽ സൈനികരെ സോവിയറ്റ് മേഖലയിൽ എത്തിച്ചു തിരിച്ചടിക്കാനുള്ള ശ്രമം തീവ്രമാക്കി. അതാകട്ടെ സഖ്യകക്ഷികൾക്കു മറ്റൊരു അവസരം ഒരുക്കികൊടുക്കുകയും ചെയ്തു.
Iconic images of the Battle of Stalingrad during World War II.
2) ഓപ്പറേഷൻ ഓവർലോർഡ് അഥവാ നോർമൻഡി ലാൻഡിങ്സ്: കരമാർഗം ജർമൻസൈന്യത്തെ തുരുത്തി ബെർലിനിലേക്ക് നേരിട്ടു മാർച്ചു ചെയുക പ്രയോഗികമല്ലന്ന തിരിച്ചറിവിൽ നിന്നാണ് അറ്റ്ലാന്റിക് സമുദ്രം കുറുകെ കടന്നു ഫ്രാൻസിൽ ലാൻഡ് ചെയ്തുകൊണ്ട് അല്പം ദുർബലമാണെന്ന് സഖ്യകക്ഷികൾ കരുതി പോന്നിരുന്ന ഫ്രഞ്ച് തീരത്തു കൂടി ഒരു ജർമൻ അധിനിവേശം പ്ലാൻ ചെയ്തത്. ലോകയുദ്ധ ചരിത്രത്തിലെ ഈ അവിസ്മരണീയ സംഭവത്തിനു ‘ഓപ്പറേഷൻ നെപ്ട്യൂൺ’, ‘ഡി ഡേ ലാന്ഡിങ്സ്’, ‘നോർമാൻഡി ലാൻഡിങ്സ്’ എന്നുമൊക്കെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. 1944 ജൂൺ 6 ന് ഫ്രാൻസിലെ നോർമൻഡി പ്രദേശത്തുള്ള ഒമാഹ, ഉട്ടാ, ഗോൾഡ്, ജുനോ, സൊർഡ് എന്നിങ്ങെനെ 5 ബീച്ചുകളിൽ 10.000 കണക്കിന് കപ്പലുകളിൽ വന്നിറങ്ങിയ സഖ്യസേനാഗങ്ങൾ ഫ്രഞ്ച് മണ്ണിലേക്ക് ഇരച്ചുകയറി നടത്തിയ മുന്നേറ്റം യുദ്ധത്തിന്റെ പരിസമാപ്തിയിലേക്കുള്ള ചുവടുവെയ്പ്പായിരിന്നു. വെറും ഒരു വർഷത്തിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 1945 മെയ് മാസം 8ന് ജർമനിയുടെ അവസാന ജനറലും സോവിയറ്റ് സൈന്യത്തിന് കീഴടങ്ങിയതോടെ യുദ്ധത്തിന് ഔദ്യോഗിക വിരാമമായി. ഈ ഡി ഡേ യുദ്ധത്തിന്റെ 60 മത് വാർഷികത്തിന് (2000) യു എസ്, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ എന്നീ രാഷ്ട്രത്തലവന്മാർ നോർമാൻഡിയിൽ ഒത്തു കൂടി തങ്ങളുടെ വീരജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു.
പക്ഷെ മറു വശത്തു ജപ്പാൻ ഒറ്റയാൾ യുദ്ധം തുടർന്ന് കൊണ്ടിരിന്നു എന്നതാണ് മറ്റൊരു കൗതുകം. ഒടുവിൽ 1945 ഓഗസ്റ്റ് 6 നും 9 നും ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതോടെയാണ് ജപ്പാന്റെ ചെറുത്തുനിൽപ്പിനു വിരാമമായത്. 1945 ഓഗസ്റ്റ് 15 നു ജപ്പാനും കീഴടങ്ങൽ കരാറിൽ ഒപ്പുവച്ചതോടെ സമ്പൂർണ യുദ്ധവിരാമകരാർ പ്രാബല്യത്തിൽ വന്നു.
യുദ്ധാവസാനത്തോടെ വൻശക്തികളുടെ സമ്പൂർണ കോളനി വാഴ്ചകൾക്കും അറുതി വന്നു. കൃത്യം രണ്ടു വർഷത്തിന് ശേഷം ഇന്ത്യയും സ്വാതന്ത്യ്ര പുലരി കണ്ടു. ഒന്നും രണ്ടും യുദ്ധങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് പിന്നീട് ലോകരാജ്യങ്ങൾ അവർക്കിടയിലുള്ള പ്രശ്ന പരിഹാരത്തിനും മധ്യസ്ഥതക്കും വേണ്ടി ഐക്യ രാഷ്ട്ര സഭ (യൂ എൻ) എന്ന പ്രസ്ഥാനത്തിന് കളമൊരുക്കിയത്. ഇന്നും യൂ എൻ ന്റെ ഏറ്റവും പ്രധാന ദൗത്യങ്ങളിൽ ഒന്ന് അംഗ രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുകൈഎടുക്കുക അങ്ങനെ ഒരു മഹായുദ്ധത്തിന്റെ വക്കിലേക്കു ലോകത്തെ തള്ളിവിടാതിരിക്കുക എന്നതാണ്. എന്നാൽ ഈ മഹാമാരി കാലത്ത് വലിയൊരു നിസ്സഹായവസ്ഥയിലൂടെയാണ് ഐക്യ രാഷ്ട്ര സഭയും കടന്നുപോയി കൊണ്ടിരിക്കുന്നത്.
Written by: Jaijith James