ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ ഓട്ടം നിലത്തിയതാണ് കൊച്ചിയുടെ സ്വന്തം മെട്രോ ട്രെയിനുകൾ. ഈ ചെറിയ ഇടവേള ട്രാക്കുകൾ നന്നാക്കുവാനും സ്റ്റേഷനുകൾ മിനുക്കാനുമൊക്കെ മെട്രോ ഉപയോഗിച്ചു എന്ന് പറയാം. ലോക്ക്ഡൗണിളും ഊർജസ്വലരായി മെട്രോ തൊഴിലാളികൾ പണിയെടുത്തു.
ഒപ്പം ലോക്ക്ഡൗണിനു ശേഷം യാത്രക്കാർ എത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും കൂടുതൽ സജ്ജീകരണങ്ങളും പ്രോട്ടോകോൾ പ്രകാരം മെട്രോ ഒരുക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. സമ്പർക്ക രഹിത ടിക്കറ്റിങ് ഉറപ്പാക്കാൻ ക്യാഷ് ബോക്സും ടിക്കറ്റ് മെഷീൻ ഉം ഏർപ്പെടുത്തും.
പ്രധാന സ്റ്റേഷനുകളിൽ ഡിജിറ്റൽ തെർമൽ സ്കാനിംഗ് ക്യാമറകൾ ഘടിപ്പിക്കും. യാത്രക്കാരുടെ ശരീരോഷ്മാവ് എത്രയും വേഗം നിർണയിക്കാൻ ഈ ക്യാമറകൾ സഹായിക്കും. ഒപ്പം യാത്രയ്ക്ക് മുൻപും ശേഷവും ട്രെയിനുകൾ അണുവിമുക്തമാക്കുവാനുള്ള ക്രമീകരണങ്ങളും മെട്രോ ഒരുക്കും.
എല്ലാ സ്റ്റേഷനുകളിലും സാനിറ്റൈസറുകളും കൈകൾ കഴുകാനുള്ള ലായനികളും സജ്ജീകരിക്കും. ശാരീരിക അകലം പാലിക്കാനും, യാത്രക്കാർ മാസ്കുകൾ ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുമുള്ള ക്രമീകരണങ്ങൾ മെട്രോയിൽ നടപ്പാക്കും.
ട്രെയിനുകൾ ഓടാതിരുന്നപ്പോളും അവയുടെ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ മെട്രോ നടത്തിയിരുന്നു.