കോവിഡിനെതിരേ പോലീസിന്റെ സൂപ്പർ ഗാനം. കൊച്ചി സിറ്റി പോലീസ് ഒരുക്കിയ ‘നിർഭയം’ എന്ന മ്യൂസിക് വീഡിയോ, കേരള പോലീസിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസമാണ് റീലീസ് ചെയ്തത്. നാലുലക്ഷത്തിലധികം പേർ ഇതിനകം കണ്ടുകഴിഞ്ഞ ഈ വീഡിയോ കേരളാ പോലീസിന്റെ കരുതലിനുള്ള ബിഗ് സല്യൂട്ടാണ്. കോവിഡിനെതിരെയുള്ള ഈ മ്യൂസിക് വീഡിയോ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ പിറന്നതാണ്. കൊച്ചി മെട്രോ പോലീസ് സി. ഐ അനന്തലാലും സംഘവുമാണ് വീഡിയോ ഒരുക്കിത്. മ്യൂസിക് വീഡിയോയുടെ സംവിധാനവും ആലാപനവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഗായകരായി നജീം അർഷാദും സംഘവും കൂടെയുണ്ട്. സിനിമാഗാനരചയതാവും തലശേരി ബ്രണ്ണൻ കോളജിൽ പ്രൊഫസറുമായ ഡോ. മധു വാസുദേവന്റേതാണ് വരികൾ. സംഗീതം ഋത്വിക് എസ് ചന്ദ് നിർവഹിച്ചിരിക്കുന്നു.
പ്രളയകാലത്തെ വർഷതാണ്ഡവങ്ങളുടെ മുന്നിലും നിപ്പ വൈറസിന്റെ ഭീകരതയ്ക്കു മുന്നിലും തോൽക്കാത്ത നമ്മൾ ഇന്ന് കോവിഡിനു മുന്നിലും തോൽക്കുകയില്ല, തോൽക്കുവാൻ പിറന്നതല്ല നമ്മൾ എന്ന് ഗാനം നമ്മെ ഓർമിപ്പിക്കുന്നു. നിർഭയത്തിന്റെ വരികളും സംഗീതവും ആലാപനവും ദൃശ്യാവിഷ്കാരവും ആവേശമുണർത്തുന്നതാണ്. പോലീസിന്റെ കരുതലുള്ള കാവലും അത് കാണിച്ചുതരുന്നു.
കോവിഡിനെതിരെ ‘നിർഭയം’, വൈറലായി കൊച്ചി പോലീസിന്റെ മ്യൂസിക് വീഡിയോ
211