ഒരു വലിയ ഇടവേളയ്ക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് പ്രത്യേകിച്ച്. കോവിഡ് 19 ന്റെ ഭീതിയിൽ ലോകം വിറച്ചു നിൽക്കുമ്പോൾ തന്റെ ഉറ്റവരെ ഒരുനോക്ക് കാണാനാകാതെ പലരും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി സഹായത്തിനായി കാത്തിരിക്കുമ്പോളാണ് ഡൽഹി മുതൽ തിരുവനന്തപുരം വരെ ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ കോഴിക്കോട്, എറണാകുളം ജംഗ്ഷൻ, തിരുവനന്തപുരം എന്നീ 3 സ്റ്റോപ്പുകളാണ് ക്രമീകരിച്ചത്. അതോടൊപ്പം സർക്കാരും വിവിധ ഭരണകൂടങ്ങളും കോവിഡ് വ്യാപനം തടയാൻ മുൻകരുതലുകൾ സ്വീകരിച്ചാണ് യാത്രികരെ കേരളത്തിലേക്ക് സ്വീകരിക്കുന്നത്. എറണാകുളം ജില്ലാ ഭരണകൂടവും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രികർക്കായി ശക്തമായ നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ജില്ലയിലെത്തുന്ന യാത്രികരെ വീടുകളിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങളും തയാർ.
കെ. എസ്. ആർ. ടി സി ബസുകളും ടാക്സി സംവിധാനവും ഏർപ്പെടുത്തും. തെർമൽ സ്കാനിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് ശേഷമാണ് യാത്രികരെ സ്റ്റേഷന് പുറത്തിറക്കുക.