ആദ്യഘട്ടം പൂർത്തിയാക്കി കൊണ്ട് കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങി
കൊച്ചിയുടെ വേഗതയ്ക്ക് പുതിയമാനങ്ങൾ നൽകിയ മെട്രോ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് കാരണം നിലച്ച സർവീസുകൾ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര ഇപ്പോൾ പേട്ടവരെ നീളുകയാണ്. നിലവിൽ ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു സർവീസ്. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ ഇന്ന് ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചുകൊണ്ട് പുതിയ പാത കേരളത്തിന് തുറന്നുനൽകി. കോവിഡ് പ്രോട്ടോകോൾ പ്രകാരം ചടങ്ങുകളെല്ലാം വീഡിയോ കോൺഫറൻസിലൂടെയാണ് നടത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഓൺലൈനിലൂടെ ചടങ്ങിൽ അധ്യക്ഷനായെത്തി. ഉദ്ഘാടന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ പി.ടി. തോമസ്, എം സ്വരാജ്, ജില്ലാ കളക്ടർ എസ് സുഹാസ്, കെ.എം.ആർ.എൽ. എം. ഡി. അൽകേഷ് കുമാർ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു. കെഎംആർഎൽ ചെയർമാൻ ഡി.എസ് മിശ്ര, കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത തുടങ്ങിയവർ ഓൺലൈനായും സാന്നിദ്യം അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് യാത്ര പുനരാരംഭിക്കുന്നത്. ആലുവയിൽനിന്നുള്ള യാത്ര 25.16 കിലോമീറ്ററുകൾക്കിപ്പുറത്ത് പേട്ടയിൽ വന്നുചേരുന്നു. പേട്ടയ്ക്കപ്പുറത്തേക്ക് എസ്.എൻ. ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിന്റെ നിർമാണ ഉദ്ഘാടനവും ഇതൊനോടൊപ്പം നടന്നു. ഇത് പൂർത്തിയാകുന്നതോടെ ഒന്നാം ഘട്ടത്തിന് അനുബന്ധമായുള്ള മെട്രോ വികസനം പൂർത്തീകരിക്കപ്പെട്ടതിന്റെ നിറവിലാകും കൊച്ചി മെട്രോ. പേട്ട സ്റ്റേഷൻ തുറന്നതോടെ കൊച്ചി മെട്രോയിൽ ഡിഎംആർസിയുടെ ചുമതലകൾ പൂർത്തിയാകും. മറ്റു പാതകളുടെ നിർമ്മാണം കൊച്ചി മെട്രോ കമ്പനിയായ കെഎംആർഎൽ നേരിട്ടാണ് നടത്തുന്നത്.
ഒന്നാം ഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെയായി 22 സ്റ്റേഷനുകളും 25.16 കിലോമീറ്റർ ദൂരവും മെട്രോ യുടെ കുതിപ്പിനെ വരവേൽക്കുന്നു. ആദ്യ രണ്ടുദിനം സർവീസ് നടത്തുക പത്ത് ട്രെയിനുകൾ മാത്രം. സർവീസ് സമയക്രമം; രാവിലെ ഏഴു മുതൽ ഒന്നുവരെ, രണ്ടുമുതൽ രാത്രി എട്ടുവരെ.
ഇടവേളയ്ക്കു ശേഷം ട്രാക്കിലേക്ക് ഇറങ്ങുന്ന കൊച്ചി മെട്രോ കോറോണ വ്യാപനത്തെ പ്രതിരോധിക്കാനുള്ള എല്ലാ വഴികളും സജ്ജമാക്കിയിട്ടാണ് വരുന്നത്. എല്ലാ സ്റ്റേഷൻ കവാടങ്ങളിലും തെർമൽ സ്കാനറുകളും സാനിറ്റൈസറുകളും, സാമൂഹിക അകലം പാലിക്കാനുള്ള അടയാളങ്ങളും, ടിക്കറ്റ് സ്വൈപ് ചെയ്യുന്നിടം കൂടെകൂടെ സാനിറ്റൈസ് ചെയ്യുകയും ചെയ്യുന്നുണ്ട്. മാത്രമല്ല കറൻസി ഇടപാടുകൾക്ക് ഇനി സാനിറ്റൈസ് ചെയ്ത കറൻസികളായിരിക്കും നൽകുക. എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകൾ 20 സെക്കൻഡ് ഡോറുകൾ തുറന്നിട്ടുകൊണ്ടു വായു സഞ്ചാരം ഉറപ്പാക്കും. ഓരോ ഇരുപത് മിനിട്ടിലും ട്രെയിനുകൾ പുറപ്പെടും.
കോവിഡ് കാരണത്താൽ യാത്രക്കാരുടെ അവസ്ഥ കണക്കിലെടുത്തു മെട്രോ ടിക്കറ്റ് നിരക്കുകളും, കുറച്ചിരുന്നു. പുതിയ ഘടന പ്രകാരം നാല് നിരക്കുകൾ മാത്രമേ ഉണ്ടാകൂ. പുതുക്കിയ നിരക്കുകൾ 10, 20, 30, 50 രൂപയാണ്. പ്രവൃത്തിദിനങ്ങളിലും വാരാന്ത്യ സർവീസ് പാസുകളിലും കുറവുണ്ടാകും.
നേരത്തെ ഇത് പ്രവൃത്തിദിന പാസിനായി 125 രൂപയായിരുന്നു എന്നാൽ പുതിയ നിരക്ക് 110 രൂപയായി കുറഞ്ഞിരിക്കുന്നു. വാരാന്ത്യ പാസിന് മുമ്പത്തെ കണക്ക് 250 രൂപയും പുതിയ നിരക്ക് 220 രൂപയുമാണ് .
പുതുതായി അവതരിപ്പിച്ച നിരക്ക് ഘടന അനുസരിച്ച് ഒരാൾക്ക് അഞ്ച് സ്റ്റേഷനുകൾ 20 രൂപയ്ക്കും 12 സ്റ്റേഷനുകൾ 30 രൂപയ്ക്കും 12 സ്റ്റേഷനുകൾക്കപ്പുറം 50 രൂപയ്ക്കും യാത്ര ചെയ്യാം.