ഓട്ടോമാറ്റിക് സാനിറ്റൈസറുകൾ എത്രയെണ്ണം വേണം ! ശ്രീനാരായണ ഗുരുകുലം കോളേജ് നിർമ്മിച്ച് നൽകും
കോവിഡ് 19 നെ തുരത്താനുള്ള യജ്ഞത്തിൽ വിദ്യാർത്ഥികൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. കൊറോണ വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ ഹാൻഡ് സാനിറ്റൈസറുകളും മാസ്കുകളും നിർമ്മിച്ച് നൽകിയും, സമൂഹ മാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തിയും പുതു തലമുറ ഈ കോറോണക്കാലത്ത് മാതൃക കാട്ടി.
എന്നാൽ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഈ രണ്ടാം ഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജ്.
സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സെൻസറോട് കൂടിയ സാനിറ്റൈസർ സംവിധാനമൊരുക്കി ഈ കലാലയം മാതൃകയായി. കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസറുകൾ എറണാകുളം കളക്ടറേറ്റ്, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി തുടങ്ങി അനവധി ഇടങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇപ്പോൾ സാനിറ്റൈസറുകളുടെ രണ്ടാം ഘട്ട നിർമ്മാണവും വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജ് വിദ്യാർത്ഥികൾ.
ഇവർ നിർമ്മിച്ച ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെന്സറുകളിൽ അൾട്രാ സൗണ്ട് സെന്സറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. കൈ വെറുതെ ഒന്ന് നീട്ടിയാൽ സാനിറ്റൈസർ കയ്യിൽ വീഴുന്ന സംവിധാനമാണിത്. സ്പർശനം പൂർണ്ണമായും ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.
അയ്യായിരം രൂപയാണ് ഡിസ്പെന്സറിന്റെ നിർമ്മാണചിലവ്.
കളക്ടർ ഉൾപ്പെടെ നിരവധിപ്പേരാണ് ഈ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.