ഹോട്സ്പോട്ടുകളുമായുള്ള സാമീപ്യമനുസരിച്ച് ഫിഷ് ലാൻഡിംഗ് സെന്ററുകളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് ഡാറ്റാബേസ് തയ്യാറാക്കിയത്
കൊച്ചി: മീൻപിടുത്തം കഴിഞ്ഞെത്തുന്ന സംസ്ഥാനത്തെ ലാൻഡിംഗ് സെന്ററുകൾ കോവിഡ്-19 ഹോട്സ്പോട്ടുകളുമായുള്ള സാമീപ്യം വ്യക്തമാക്കുന്ന ഓൺലൈൻ ഡേറ്റാബേസ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പുറത്തിറക്കി. കോവിഡ് ഹോട്സ്പോട്ടുകളുമായുള്ള ദൂരപരിധിക്കനുസരിച്ച് കേരളത്തിലെ മൊത്തം 156 ഫിഷ് ലാൻഡിംഗ് സെന്ററുകളെ വിവിധനിറവ്യത്യാസങ്ങളിൽ തരംതിരിച്ച ജിഐഎസ് (ഭൂവിവര വിനിമയ സാങ്കേതികവിദ്യ) ഡേറ്റാബേസാണ് സിഎംഎഫ്ആർഐ തയ്യാറാക്കിയത്. സിഎംഎഫ്ആർഐയുടെ വെബ്സൈറ്റിൽ (www.cmfri.org.in) ഇൻഫോഗ്രാഫിക്സ് വിഭാഗത്തിൽ നൽകിയിട്ടുള്ള ഓൺലൈൻ ഡേറ്റബേസിലൂടെ ഓരോ ലാൻഡിംഗ് സെന്ററുകളും ഹോട്സ്പോട്ടുകളുമായി എത്ര അടുപ്പമുണ്ടെന്ന് ആർക്കും മനസ്സിലാക്കാം.
വിവിധ വിഭാഗങ്ങളായാണ് ലാൻഡിംഗ് സെന്ററുകളെ തരംതിരിച്ചിട്ടുള്ളത്. ഹോട്സ്പോട്ടിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ വരുന്നതാണ് ആദ്യവിഭാഗം. ഹോട്സ്പോട്ടുകളുടെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള ലാൻഡിംഗ് സെന്ററുകളെയാണ് ഇതിൽ ഉൾപെടുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാറിന്റെ ഹോട്സ്പോട്ടുകളുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 17 ലാൻഡിംഗ് സെന്ററുകൾ ഈ ഗണത്തിലാണ് പെടുന്നത്. തിരുവനന്തപുരം (2), എറണാകുളം (3), കോഴിക്കോട് (2), കണ്ണൂർ (4), കാസർഗോഡ് (6) എന്നീ ജില്ലകളിലാണ് ഇവ ഉൾപെടുന്നത്. കോവിഡ് സുരക്ഷാ മുൻകരുതലുകൾക്ക് അതീവപ്രാധാന്യം നൽകേണ്ട കേന്ദ്രങ്ങളാണ് ഇവ. ഹോട്സ്പോട്ടുകളിൽ നിന്നും മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ലാൻഡിംഗ് സെന്ററുകളാണ് രണ്ടാം വിഭാഗത്തിലുള്ളത്. ഈ ഗണത്തിൽ പെടുന്ന 12 ലാൻഡിംഗ് സെന്ററുകളാണ് നിലവിലുള്ളത്. അഞ്ച് മുതൽ 10 വരെ കിലോമീറ്റർ പരിധിയിൽ വരുന്ന അടുത്ത വിഭാഗത്തിൽ നിലവിലെ ഹോട്സ്പോട്ട് കണക്കനുസരിച്ച് 39 ഫിഷ് ലാൻഡിംഗ് സെന്ററുകളാണുള്ളത്.
സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്ന ഹോട്സ്പോട്ട് സംബന്ധിച്ച വിവരങ്ങളാണ് സിഎംഎഫ്ആർഐ അവലംബിച്ചിട്ടുള്ളത്. ഹോട്സ്പോട്ടുകളുടെ നിർണയത്തിൽ മാറ്റംവരുന്നതിനനുസരിച്ച് സിഎംഎഫ്ആർഐ ഈ ഡേറ്റബേസിലും മാറ്റം വരുത്തും. മത്സ്യമേഖലയിലെ കോവിഡ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ജിഐഎസ് ഡേറ്റബേസ് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഓരോ ലാൻഡിംഗ് സെന്ററുകളിലും വ്യത്യസ്ഥമായ സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കാൻ ഇതുവഴി സാധിക്കും. ഏതൊക്കെ ലാൻഡിംഗ് സെന്ററുകളിലാണ് കൂടുതൽ കരുതൽ വേണ്ടതെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് സിഎംഎഫ്ആർഐ വികസിപ്പിച്ച ഡേറ്റബേസിന്റെ പ്രത്യേകത. മറ്റ് തീരദേശസംസ്ഥാനങ്ങളിലെയും വിവരങ്ങൾ ശേഖരിച്ച് ഇൻഫോഗ്രാഫിക്സ് വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആർഐ.
സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞരായ ഡോ ജെ ജയശങ്കർ, ഡോ ഷെൽട്ടൺ പാദുവ, ഡോ സി രാമചന്ദ്രൻ, ഡോ എംഎ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജിഐഎസ് ഡേറ്റാബേസ് വികസിപ്പിച്ചത്.