കൊച്ചി: ലോക്ഡൗൺ കാലത്തെ കൃഷിക്ക് പ്രചാരം കൂടിയതോടെ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ (കെവികെ) കാർഷിക സേവന കേന്ദ്രത്തിൽ ആവശ്യക്കാരേറി. കൃഷിയിലൂടെ സംസ്ഥാനത്തെ ഭക്ഷ്യസ്വയം പര്യാപ്തമാക്കുകയെന്ന കാംപയിനിന്റെ ഭാഗമായി ജില്ലയിൽ കൃഷി ആരംഭിച്ചവരാണ് പലവിധ ആവശ്യങ്ങൾക്കായി കാർഷിക സേവന കേന്ദ്രത്തിന്റെ സഹായം പ്രയോജനപ്പെടുത്തുന്നത്. വ്യക്തികൾ മാത്രമല്ല, വിവിധ സ്ഥാപനങ്ങളും സംഘടനകളും സേവനം ആവശ്യപ്പെട്ട് കെവികെയെ സമീപിക്കുന്നുണ്ട്. ട്രാക്ടറുകൾ, യന്ത്രകലപ്പ, കുഴിവെട്ടി, കളനശീകരണ യന്ത്രം തുടങ്ങി വിവിധ ഉപകരണങ്ങൾ സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ കാർഷിക സേവന കേന്ദ്രത്തിലുണ്ട്.
ഇഞ്ചി, കപ്പ തുടങ്ങിയവക്കായി വാരം തയ്യാറാക്കുന്നതിനായുള്ള ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന ബണ്ട് ഫോർമറിനാണ് ഈ സീസണിൽ ആവശ്യക്കാരേറെയെത്തുന്നത്. പച്ചക്കറി കൃഷിക്ക് നിലമൊരുക്കാനും വാഴയ്ക്ക് കുഴിയെടുക്കാനും പുല്ല് വെട്ടാനുമടക്കമുള്ള യന്ത്രങ്ങൾ തേടിയും ആവശ്യക്കാരെത്തുന്നുണ്ട്. കാർഷിക വിദഗ്ധരുടെ സേവനവും കേന്ദ്രത്തിൽ ലഭ്യമാണ്.
കാർഷിക രംഗത്തെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കാർഷിക സേവന കേന്ദ്രം സിഎംഎഫ്ആർഐയിൽ പ്രവർത്തനം തുടങ്ങിയത്. നെൽകൃഷിക്ക് നിലമൊരുക്കൽ, മത്സ്യകൃഷിക്ക് കുളം വൃത്തിയാക്കൽ, ചെളിയെടുക്കൽ, മത്സ്യകൂടുനിർമാണം, കോഴിക്കൂടുകൾ തുടങ്ങിയവ സേവന കേന്ദ്രത്തിൽ നിന്നും ലഭ്യമാകും.
സേവനം ആവശ്യമുള്ളവർക്ക് 9526120666 എന്ന നമ്പരിൽ വിളിക്കാം.