പഴയകാല ക്ലാസിക് സീരിയലുകളുടെ പുനഃസംപ്രേഷണത്തിലൂടെ നടത്തിയത് അതിശയിപ്പിക്കുന്ന തിരിച്ചുവരവ്.
കൊറോണ വൈറസ് വ്യപനം സൃഷിടിച്ച ലോക്കഡോൺ പ്രതിസന്ധി രാജ്യത്തെ പല പ്രസ്ഥാനങ്ങളുടെയും വീഴ്ചക്ക് വഴിമരുന്നിടുകയും അത് വളരെ ഏറെ ആശങ്കയോടെ ജനം നോക്കിക്കാണുകയും ചെയുന്ന പശ്ചാത്തലത്തിൽ ആണ്, ഒരു പക്ഷെ പഴയ തലമുറയെ ഏറെ ആഹ്ളാദിപ്പിക്കുന്ന ചില വാർത്തകൾ പുറത്തു വരുന്നത്. ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷൻ രംഗം അടക്കി ഭരിക്കുകയും പിന്നീട് വിസ്മൃതിയിലേക്കു ആണ്ട്പോയ രാജ്യത്തിൻറെ സ്വന്തം ദൂർദർശൻ ചാനൽ നടത്തിയ ശക്തമായ തിരിച്ചുവരവിനെ സംബന്ധിച്ചായിരുന്നു ആ വാർത്ത. ഡി ഡി നാഷണൽ എന്ന പേരിൽ ഈ ചാനൽ ഇപ്പോഴും രാജ്യത്തിൻറ്റെ എല്ലാ ഭാഗത്തും ലഭ്യമാണെങ്കിലും കുത്തക വിനോദ ചാനലുകളുടെ കടന്നുകയറ്റത്തിൽ അടിപതറി എവിടെയെങ്കിലും ഒതുങ്ങികൂടാനായിരിന്നു ഇന്നലെവരെ ഇകൂട്ടരുടെ വിധി. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു. ലോക്കഡോൺ കാലത്തു അധികം ബാഹ്യസമ്മർദ്ദങ്ങൾ ഇല്ലാതെ തന്നെ എങ്ങെനെ ജനത്തെ വീട്ടിൽ ഇരുത്താം എന്ന ചിന്തയാണ് അധികൃതരെ ദൂരദരശൻ എന്ന മാന്ത്രിക വടി വീണ്ടും എടുക്കാൻ പ്രേരിപ്പിച്ചത്. 1980 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ നഗര – ഗ്രാമ വ്യത്യാസമില്ലാതെ ദൂരദർശന്റെ സീരിയലുകൾക്കും മറ്റു വിനോദ പരിപാടികൾക്കും ജനത്തെ കൂട്ടത്തോടെ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ തളച്ചിടാൻ കഴിഞ്ഞിരുന്നു. മാത്രമല്ല ഈ പഴയ ക്ലാസിക് പരമ്പരകളും പ്രോഗ്രാമ്മുകളും വീണ്ടും ടെലികാസ്റ് ചെയ്യണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് എല്ലാ വർഷവും നിരവധി കത്തുകൾ അധികൃതർക്ക് ലഭിക്കാറുണ്ട്. ഇത് തന്നെ പറ്റിയ അവസരം എന്ന് തിരിച്ചറിവ് പ്രാവർത്തികമാക്കാൻ അധികം താമസം ഉണ്ടായില്ല. ഏറ്റവും ജനപ്രീതി ലഭിച്ച പത്തു സീരിയലുകൾ ഷോർട്ട് ലിസ്റ്റ് ചെയുകയെന്നതായിരിന്നു ആദ്യ നടപടി . പിന്നെ എല്ലാദിവസവും ഒരു നിശ്ചിത ഇടവേളകളിൽ ഓരോ സീരിയലുകളും സംപ്രേഷണം ചെയുക എന്നതായിരുന്നു ‘ലോക്ക് ഡൗൺ’ സ്ട്രാറ്റജി. ലിസ്റ്റിൽ ആദ്യം ഇടംപിടിച്ചത് ലോക ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകൾ എന്ന് വിശേഷിപ്പിക്കാവുന്ന രാമായണവും മഹാഭാരതവും സീരിയലുകൾ തന്നെ. വലിയ വാർത്ത പ്രാധാന്യത്തോടെ ഇതിന്റെ പുനഃസംപ്രേഷണം പ്രഖ്യാപിയ്ക്കപ്പെട്ടു. സ്വകാര്യ ചാനലുകളെ അമ്പരിപ്പിച്ചുകൊണ്ടു വലിയൊരു സ്വീകാര്യതയാണ് ഇതിനു ലഭിച്ചത്. ഒട്ടും താമസമുണ്ടായില്ല, ഒന്നിന് പുറകെ ഒന്നായി മറ്റു സീരിയലുകളും രംഗപ്രവേശം ചെയ്തു. ഇവയെല്ലാം തന്നെ യുട്യൂബിൽ ലഭ്യമണ്ണെങ്കിലും, രാജ്യത്തെ ഗ്രാമീണ മേഖലകളിലെ ഇന്റർനെറ്റ് സേവന പരിമിതികളും സാങ്കേതിക പരിജ്ഞാന കുറവും, പഴയ തലമുറ അവശേത്തോടെ ടി വി ക്കു മുന്നിൽ കസേര വലിച്ചിട്ടിരുന്നതും, കുരുന്നുകൾക്ക് കഥാ പശ്ചാത്തലം വിവരിച്ചുകൊടുക്കാൻ മുത്തച്ഛന്മാരും മുത്തശിമാരും തമ്മിൽ മത്സരിച്ചതും എല്ലാം ദൂരദർശനെ കടാക്ഷിച്ചു. അതോടെ പരസ്യദാതാക്കളും ദൂരദർശനു പിന്നാലെ പാഞ്ഞു. പ്രഖ്യാപിച്ച എല്ലാ പ്രോഗ്രാമ്മുകളും സമയാസമയം ചാനലിൽ ലഭ്യമല്ല എന്ന പരാതി ചില കോണുകളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും ദൂരദര്ശനും, ഓൾഡ് ചങ്ക്സും ന്യൂജൻ ഫാൻസും എല്ലാം ഹാപ്പിയാണ്. ഒന്നുമില്ലെങ്കിലും ഒരു ഉയർത്തെഴുനേൽപ് സാധ്യമായല്ലോ എന്നതാണു അവരെയെല്ലാം ആഹ്ളാദിപ്പിക്കുന്നതു.
സിനിമയായാലും നോവൽ ആയാലും സീരിയൽ ആയാലും ക്ലാസിക് നിർമ്മിതികൾ എന്നും നിലനിൽക്കും എന്ന യാഥാർഥ്യമാണ് ഇതിലൂടെ വെളിവാകുന്നത്.
രാമായണത്തിനും മഹാഭാരതത്തിനും പുറമേ ഡി ഡി യിൽ സംപ്രേഷണം ചെയ്തിരുന്ന മറ്റു പ്രമുഖ നൊസ്റ്റാൾജിക് സീരിയലുകൾ: (ഇവയെല്ലാം തന്നെ ഇപ്പോൾ യൂട്യൂബിൽ എപ്പിസോഡ് ക്രമത്തിൽ ലഭ്യമാണ്)
1) സർക്കസ്: ഷാരൂഖ് ഖാൻ എന്ന സൂപ്പർ താരത്തിന്റെ പഴയ മുഖം. പിൽക്കാലത്തു ബോളിവുഡിലെ മുഖ്യധാരാ സംവിധായകനായി മാറിയ അസീസ് മിർസ യാണ് ഇത് അണിയിചൊരുക്കിയത്. ഒരു സർക്കസ് ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഷാരുഖിന് പുറമെ പിൽക്കാലത്തു പ്രശസ്തർ ആയ പലരും ഇതിൽ അഭിനയിച്ചിരിക്കുന്നു. ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ ചിലകൂട്ടുകെട്ടുകൾ പിറന്നത് ഇവിടെ നിന്നുമായിരുന്നുവെന്നത് പലർക്കും അറിയാത്ത ചരിത്രം. ഇതിൽ ഷാരൂഖിന്റെ സുഹൃത്തിന്റെ വേഷം കൈകാര്യം ചെയ്ത അശുതോഷ് ഗൗരികർ പിന്നീട് രാജ്യത്തെ പ്രമുഖ സംവിധായകനായി മാറി. ‘ലഗാൻ’ ‘ജോധാ അക്ബർ’ എന്നീ ക്ലാസിക് ചിത്രങ്ങളും ഷാരൂഖിനെ തന്നെ നായകനാക്കി ‘സ്വദേശ്’ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. മറ്റൊരു പ്രധാന കഥാപാത്രം സാക്ഷാൽ ജൂഹി ചൗള യാണ്. ഇതിൽ അഭിനയിച്ചിട്ടില്ലെങ്കിലും പ്രാരംഭ ഘട്ടത്തിൽ ജൂഹി ഇതിൽ പ്രധാന കഥാപാത്രം ചെയേണ്ടിയിരുന്നതാണ്. എന്നാൽ അപ്രതീക്ഷമായി വന്ന സിനിമ ഓഫർ അവരെ ഈ സംരംഭത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പക്ഷെ ഇതിനിടയിൽ തന്നെ ഷാരൂഖ്, സംവിധായകൻ അസീസ് മിർസ എന്നിവരുമായി നല്ലൊരു സൗഹൃദം അവർ ആരംഭിച്ചിരുന്നു. അസീസ് പിന്നീട് ഷാരുഖിനെയും ജൂഹിയെയും ചേർത്ത് ‘രാജു ബെങ്കായ ജന്റിൽമാൻ’, ‘യെസ് ബോസ്’, ‘ഫിർ ബി ദിൽ ഹൈ ഹിന്ദുസ്ഥനാനി’ എന്നീ ചിത്രങ്ങൾ ഒരുക്കിയിരുന്നു. മൂവരും പിന്നീട് ‘ഡ്രീംസ് അൺ ലിമിറ്റഡ് ‘ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഭാഗമായത് മറ്റൊരു ചരിത്രം. ഏറെ ആരാധകരെ സൃഷ്ടിച്ച ‘സർക്കസ്’ പരമ്പര അന്നത്തെ പുതിയ യുവ നിരയെ പരീക്ഷിക്കുവാൻ ദൂരദർശനെ പ്രേരിപ്പിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
2) ശക്തിമാൻ: മഹാഭാരതത്തിൽ ഭീഷ്മ പിതാമഹനെ അവതരിപ്പിച്ച മുകേഷ് ഖന്നയുടെ ശക്തമായ ഒരു തിരിച്ചു വരവായിരുന്നു ‘ശക്തിമാൻ’ എന്ന അമാനുഷിക കഥാപാത്രം. മുകേഷ് തന്നെ നിർമ്മിച്ച ഈ പരമ്പരയിൽ ‘പണ്ഡിറ്റ് ഗംഗാധർ വിധ്യാധർ മായാദർ ഓംക്രാന്ത ശാസ്ത്രി’ എന്ന ഒരു ഫോട്ടോ ജേർണലിസ്റ്റിന്റെ വേഷം അതിഗംഭീരമായി അവതരിപ്പിച്ചു. ആജ് കി ആവാസ് എന്ന പത്രത്തിൽ ജോലി ചെയുന്ന നായകൻ അമാനുഷിക കാര്യങ്ങൾക്കായി ഇറങ്ങി പുറപെടുകയാണ്. ഗീത വിശ്വാസ് എന്ന സഹപ്രവർത്തകയും കൂട്ടിനുണ്ട്. 2013 -ൽ പുറത്തിറങ്ങിയ ഇതിന്റെ അനിമേഷൻ പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
3) ബ്യാ൦കേഷ് ബക്ഷി: കുറ്റാന്വേഷണ രചനകൾക്ക് പേരുകേട്ട ബംഗാൾ സാഹിത്യത്തിലെ ഒരു ക്ലാസിക് സീരീസ് ആണ് ശരദിന്ദു ബന്ദോപാധ്യായ് രചിച്ച ‘ബ്യാ൦കേഷ് ബക്ഷി കഥകൾ’. ബ്രിട്ടീഷ് കാലഘട്ടത്തിലെ കൽക്കട്ട നഗരവും പരിസരപ്രദേശങ്ങളും ആണ് കഥാപശ്ചാത്തലം. തന്റെ ബുദ്ധിവൈഭവത്തിലൂടെ കുറ്റകൃത്യങ്ങൾക്ക് തുമ്പ് കണ്ടെത്തുകയും കുറ്റവാളികളെ സമർത്ഥമായി വലയിലാക്കുന്ന കേന്ദ്ര കഥാപാത്രമാണ് നായകനായ ബ്യാ൦കേഷ് ബക്ഷി. അന്വേഷണത്തിൽ സഹായിക്കാൻ സുഹൃത്ത് അജിത് കുമാർ ബാനർജിയും സഹധർമ്മണിയും ഒപ്പമുണ്ട്. രണ്ടു വ്യത്യസ്ത കേസന്വേഷണങ്ങൾക് ഇടയിലാണ് നായകൻ ഇരുവരെയും കണ്ടുമുട്ടുന്നെതും ഒപ്പം കൂട്ടുന്നെതും. രസകരമായ ഒട്ടെറെ കഥകളാൽ സമ്പന്നമായാ ഇത്തരം ഡിക്ടറ്റീവ് കഥകൾ മിനി സ്ക്രീനിലേക്ക് പകർത്താൻ ചുക്കാൻ പിടിച്ചത് ബോളിവുഡിലെ മുഖ്യധാരാ സംവിധായകനായ ബാസു ചാറ്റർജി ആയിരിന്നു. പിൽക്കാലത്ത് ‘മേക്കിങ് ഓഫ് മഹാത്മാ’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയേല്ക്കുയർന്ന രജിത് കപൂർ ആണ് ഇതിൽ മുഖ്യവേഷം കൈകാര്യം ചെയ്തത്. ശ്യാമ പ്രസാദിന്റെ ‘അഗ്നിസാക്ഷി’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഇദ്ദേഹം സുപരിചിതനാണ്. ഈ പരമ്പരയിലെ 32 ഓളം സീരിയലുകൾ ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ അവിസ്മരണീയമായി നിലനിൽക്കുന്നു.
4) മാൽഗുഡി ഡേയ്സ്; പ്രശസ്ത സാഹിത്യകാരനായ ആർ കെ നാരായണന്റെ ഇതേ പേരിലുള്ള കഥകളുടെ ആവിഷ്കാരമാണ് 1986 ൽ ഇറങ്ങിയ ഈ പരമ്പരകൾ. പ്രശസ്ത കന്നഡ നടൻ ശങ്കർ നാഗ് ആണ് ഇത് സംവിധാനം ചെയ്തത്. ആർ കെ നാരായണൻറ്റെ സഹോദരൻ ആർ കെ ലക്ഷ്മൺ ആണ് ഇതിനു സ്കെച് ഒരുക്കിയത് എന്നൊരു കൗതുകം കൂടിയുണ്ട്. തുടർച്ചയായി 39 എപ്പിസോഡുകൾക്കു ശേഷം 2006 ദൂരദർശൻ ഇതിലെ 15 എപ്പിസോഡുകൾ പുനഃസംപ്രേഷണം ചെയ്തിരുന്നു.
ഷോലെ പോലുള്ള ഗംഭീര സിനിമകൾ ഒരുക്കിയ രമേശ് സിപിയുടെ ‘ബുനിയാദ്’ എന്ന സീരിയലും ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു. അതുപോലെ എടുത്തുപറയേണ്ട ഒന്നായിരുന്നു 1990 കളുടെ മധ്യത്തിൽ ദൂരദർശനിൽ നിറഞ്ഞു നിന്ന ‘ശ്രീമാൻ ശ്രീമതി’ എന്ന പരമ്പര. പ്രശസ്ത ബോളിവുഡ് താരം റീമ ലഗൂ ആണ് ഇതിലെ ശ്രദ്ധേയമായ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചത്. ജയാ ബച്ചൻ നിർമ്മിച്ച ‘ദേക് ഭായ് ദേക്’ എന്ന സീരിയൽ ഇന്നു ജനഹൃദയത്തിൽ സജീവമായി നിലനിൽക്കുന്നത് അതിലെ ശുദ്ധ ഹാസ്യവും ശേഖർ സുമൻ എന്ന നടന്റെ മികച്ച പ്രകടനവും ആണ്.
ദൂരദർശന്റെ ഈ തിരിച്ചു വരവ് ഈ ജനകീയ സീരിയലുകൾ യൂട്യൂബിൽ വീക്ഷിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിന് നിമിത്തമായിട്ടുണ്ട് എന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
Written By: Jaijith James