സർവീസുകൾ ഈ മാസം 7 ന് പുനരാരംഭിക്കുന്നു
കൊച്ചി: അഞ്ചു മാസത്തിലേറെ നീണ്ട അടച്ചിടലിനു ശേഷം കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. കേന്ദ്രത്തിന്റെ അൺലോക്ക് 0.4 മാർഗ നിർദ്ദേശങ്ങളനുസരിച്ചു ഈ മാസം ഏഴിന് സർവീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാർച്ച് 23-നാണ് സർവീസുകൾ നിർത്തിവച്ചത്. ഏകദേശം 168 ദിവസത്തെ ഇടവേളക്കു ശേഷമാണു മെട്രോ ട്രെയിനുകൾ കൊച്ചി നഗരത്തെ വലം വെക്കാനൊരുങ്ങുന്നത്. കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) സ്വീകരിച്ചിട്ടുള്ളത്. മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിൽ തുടങ്ങും ഈ സജ്ജീകരണങ്ങൾ.
യാത്രക്കാരുടെ താപനില പരിശോധിക്കുന്നതിനൊപ്പം ട്രെയിനിന്റെ താപനിലയും വിലയിരുത്തപ്പെടുന്നുണ്ട്. സർവീസ് നടത്തുന്ന ട്രെയിനുകൾക്കകത്തെ താപനില 26 ഡിഗ്രിയായാണ് നിശ്ചയിച്ചിരിക്കുന്നത്. സീറ്റുകളിൽ യാത്രക്കാർക്ക് ഇരിക്കുന്നതിലും ചില നിയന്ത്രണങ്ങളുണ്ടാകും. ഒരു സീറ്റ് ഒഴിച്ചിട്ടാണ് ഇരിക്കാൻ അനുവദിക്കുക. ഇതിനായി സ്റ്റിക്കറെല്ലാം ഒട്ടിച്ച് സജ്ജമാക്കിയ ട്രെയിനുകളാണ് സർവീസ് നടത്തുക. തിരക്ക് നിയന്ത്രിക്കുന്നതിന് സ്റ്റേഷനിലും പ്ലാറ്റ്ഫോമിലുമെല്ലാം മെട്രോ സുരക്ഷാ ജീവനക്കാരുണ്ടാകും. യാത്രയുടെ ആദ്യ ദിവസങ്ങളിൽ ഒരു ട്രെയിനിൽ 100 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
മെട്രോയുടെ സ്മാർട്ട് ടിക്കറ്റായ കൊച്ചി വൺ കാർഡുപയോഗിച്ചുള്ള യാത്ര കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ കാർഡില്ലാത്തവർക്കും സുരക്ഷിതമായ യാത്രയ്ക്ക് സംവിധാനമൊരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ‘ക്യാഷ് ബോക്സുകൾ’ സ്ഥാപിച്ചിരിക്കുന്നത്. ഓരോ സ്റ്റേഷനിലും ടിക്കറ്റ് കൗണ്ടറിൽ ക്യാഷ് ബോക്സുകളുണ്ടാകും. ടിക്കറ്റ് വാങ്ങുന്നതിനുള്ള പണം കൗണ്ടറിലെ ജീവനക്കാർ നേരിട്ട് സ്വീകരിക്കില്ല. പകരം ഇത് യാത്രക്കാരൻ ബോക്സിൽ നിക്ഷേപിക്കണം. 40 രൂപയുടെ ടിക്കറ്റിന് 100 രൂപ ബോക്സിൽ ഇട്ടെന്നിരിക്കട്ടെ. ടിക്കറ്റ് തുക കഴിച്ചുള്ള പണം കൗണ്ടറിലെ ജീവനക്കാരൻ നിങ്ങൾക്ക് നൽകുന്നത് ബോക്സിൽ ഇട്ടുകൊണ്ടായിരിക്കും. ഇത് പൂർണമായും അണുവിമുക്തമാക്കിയ നോട്ടുകളായിരിക്കും. യാത്രക്കാർ ബോക്സിൽ നിക്ഷേപിക്കുന്ന പണം അതാതു ദിവസങ്ങളിൽ തന്നെ അണുവിമുക്തമാക്കും. അതിനുശേഷമേ മാത്രമേ ഇവ പുനരുപയോഗിക്കൂകയുള്ളൂ. നിലവിൽ മെട്രോ യാത്രക്കാരിൽ 84,000 ൽ അധികം പേർ ‘കൊച്ചി വൺ’ കാർഡുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. യാത്രക്കാർ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് സി സി ടി വി ക്യാമറകളുടെ സഹായത്തോടെ നിരീക്ഷിക്കും.
ആഴ്ചയിൽ ചുരുങ്ങിയത് രണ്ടുതവണ മുട്ടത്തെ മെട്രോ യാർഡിൽ വെച്ച് ട്രെയിനുകളെല്ലാം ഫോഗിങ് നടത്തുന്നുതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ സർവീസ് നടത്തുന്ന ട്രെയിനുകൾ അതാതു ദിവസങ്ങളിലും നാലു മണിക്കൂറിന്റെ ഇടവേളകളിലും അണുവിമുക്തമാക്കും. ട്രെയിനിനകവും യാത്രക്കാർ കടന്നുപോകുന്ന വഴികളും സ്റ്റെയർകേസും ലിഫ്റ്റും പ്ലാറ്റ്ഫോമിലെ കസേരകളും ടിക്കറ്റ് കൗണ്ടറുകളും ഇത്തരത്തിൽ വൃത്തിയാക്കും. താപനില പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും യാത്രക്കാരെ സ്റ്റേഷന് അകത്തേക്ക് പ്രവേശിപ്പിക്കുക. ഇതിനായി തെർമൽ സ്കാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് സാനിറ്റൈസർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ തയാറാക്കിയിരിക്കുന്നത്.
ആലുവ മുതൽ തൈക്കൂടം വരെയുള്ള യാത്രയ്ക്ക് 14 ട്രെയിനുകളുണ്ടാകും. എന്നാൽ യാത്രക്കാരുടെ എണ്ണം കൂടുതലായി വന്നാൽ യാത്രയ്ക്ക് സജ്ജമായി കൂടുതൽ ട്രെയിനുകളുണ്ടാകും. 20 മിനിറ്റിന്റെ ഇടവേളകളിലാണ് ട്രെയിൻ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെയാണ സർവീസ്. നേരത്തെ രാവിലെ ആറു മുതൽ രാത്രി 10 വരെയായിരുന്നു മെട്രോ സർവീസ് നടത്തിയിരുന്നത്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർവീസിന്റെ സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ട്രെയിനിൽ യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പതിവിൽ കൂടുതൽ സമയവും അനുവദിച്ചിട്ടുണ്ട്. സുരക്ഷ ഗാർഡുകൾ സഹായത്തിനുണ്ടാക്കും. ഓരോ സ്റ്റേഷനിലും 20 സെക്കൻഡ് സമയം ട്രെയിനുകൾ നിർത്തിയിടും. യാത്രക്കാർ കൂടുതലുള്ള അവസരങ്ങളിൽ അതിനനുസരിച്ച് സമയത്തിൽ വ്യത്യാസം വരും. സർവീസ് തുടങ്ങുന്ന ആലുവയിലും അവസാനിക്കുന്ന തൈക്കൂടത്തും അഞ്ചുമിനിറ്റ് ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കും.
സർവീസ് പുനരാരംഭിച്ചതിനു ശേഷം മെട്രോയുടെ ഏറ്റവും പുതിയ തൈക്കൂടം റൂട്ടിന്റെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എം.ആർ.എൽ. അധികൃതർ വ്യക്തമാക്കി. തൈക്കൂടത്തുനിന്ന് പേട്ടയിലേക്കുള്ള റൂട്ടിന്റെ നിർമാണം മാസങ്ങൾക്കു മുൻപ് പൂർത്തിയായെങ്കിലും ഇതുവരെ സർവീസ് തുടങ്ങാനായിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ലളിതമായ ചടങ്ങാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഫ്ളാഗ് ഓഫ് മാത്രമായി ചടങ്ങ് ചുരുക്കിയേക്കും. ഒന്നേകാൽ കിലോമീറ്റർ ദൈർഖ്യമുള്ള പേട്ട റൂട്ട് ഉദ്ഘാടനം ചെയ്യുന്നതോടെ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാകും. ഇപ്പോൾ ആലുവ മുതൽ തൈക്കൂടം വരെ ഏകദേശം 24 കിലോമീറ്റർ ദൂരമാണ് മെട്രോ സർവീസ് നടത്തുന്നത്. പേട്ട വരെ ട്രെയിൻ ഓടിയെത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22 ആകും. സർവീസ് തൃപ്പുണിത്തറ വരെ നീട്ടുന്ന ജോലികൾ മറ്റൊരു ഭാഗത്തു പുരോഗമിക്കുന്നുമുണ്ട്.