മൊബൈൽ ഫോൺ വിപ്ലവത്തിന് 25 വയസ്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു പ്രമുഖ മൊബൈൽ ഫോൺ നെറ്റ്വർക്ക് ഉത്ഘാടന വേളയിൽ രാജ്യത്തെ പ്രമുഖ വ്യവസായി പറഞ്ഞത് രണ്ടായിരാമാണ്ടിനു ശേഷം ജനിച്ചു വീണ കുട്ടികൾ മൊബൈൽ ഫോണിനെ കാണുന്നത് ഒരു കളിപ്പാട്ടം പോലെയാണെന്നാണ്. ഏതാണ്ട് അക്ഷരാർത്ഥത്തിൽ ശരിയാണെന്നു കാലം തെളിയിച്ച ആ പ്രവചനം ഇന്ന് നമ്മുക്ക് കാട്ടി തരുന്നത് മൊബൈൽ ഫോണിൻറ്റെ അനന്ത സാധ്യതകളുടെ ഒരു വിശാല ലോകമാണ്. മൊബൈലിൽ സാധ്യമാകാത്ത എന്തെങ്കിലും ഇന്നുണ്ടോ എന്ന് ആരും ചിന്തിച്ചു പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബാങ്ക് ഇടപാടുകൾ, വീഡിയോ നിർമ്മാണം, വിവിധതരം ഗെയിമുകൾ, വീഡിയോ കോൾ സംവിധാനങ്ങൾ, കാലാവസ്ഥ പ്രവചനങ്ങൾ എന്ന് തുടങ്ങി രാത്രിയായാൽ പുറത്തിറങ്ങാതെ തന്നെ വീടിന്റെ ഗെയിറ്റ് പൂട്ടുന്ന ജോലി പോലും ഇന്ന് മൊബൈലിലൂടെ സാധ്യമാക്കുന്നു. ഇനി എന്തെല്ലാം വരാൻ കിടക്കുന്നു എന്ന് കാത്തിരുന്ന് കാണണം.
പറഞ്ഞു വരുന്നത് ഇരുപത്തഞ്ചു കൊല്ലം മുൻപത്തെ ഒരു ചരിത്രമാണ്. പതിവ് പോലെ കേരളക്കരയിൽ കർക്കിടകം തകർത്തു പെയ്തുകൊണ്ടിരുന്ന ഒരു ജൂലൈ മാസത്തിലാണ് രാജ്യത്ത് മൊബൈൽ ഫോൺ ആദ്യമായി ശബ്ദിച്ചത്. കൃത്യമായി പറഞ്ഞാൽ 1995 ജൂലൈ 31ന് പകൽ സമയത്തെപ്പോഴോ കൽക്കട്ടയിലെ (ഇപ്പോഴത്തെ കൊൽക്കത്ത) ഭരണ സിരാകേന്ദ്രമായ റൈറ്റേഴ്സ് ബിൽഡിങ്ങിൽ നിന്ന് രാജ്യ തലസ്ഥാനമായ ദില്ലയിലെ സഞ്ചാർ ഭവനിലേക്കാണ് ആ കോൾ പോയത്. ഇന്നത്തെ ഹാൻഡ് സെറ്റുകളുമായി താരതമ്യം ചെയുമ്പോൾ അല്പം ഭാരക്കൂടുതലെന്നു തോന്നിപ്പിച്ചേക്കാവുന്ന നോക്കിയയുടെ ഇന്ത്യയിലെ ആദ്യ മോഡൽ ഫോണുകളാണ് അന്ന് ചലിച്ചതു. ഇങ്ങേതലക്കൽ അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവും അപ്പുറത്ത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാമുമായിരിന്നു. (സുഖ്റാം പിന്നീട് ടെലികോം കുംഭകോണത്തിൽ പെട്ട് സ്ഥാനമൊഴിയുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്). അല്പനേരത്തെ സംസാരത്തിൽ ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചത് ടെലികോം രംഗത്തെ ഈ പുതിയ പരിഷ്കാരം സാധാരണകാർക്ക് കൂടി പ്രയോജനപ്പെടുന്നതാകട്ടെ എന്നാണ്. ആ വാക്കുകൾ ഏതാണ്ട് അന്വർത്ഥമായി എന്ന് ഇന്ന് ഈ രംഗത്തെ പുരോഗതികൾ വിലയിരുത്തി കൊണ്ട് നിസംശയം പറയാവുന്നതാണ്. കൽക്കട്ട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മൊബൈൽ നെറ്റ്സർവീസസ് എന്ന കമ്പനിയാണ് ഈ ഉത്ഘാടന ഫോൺ കോളിന് മുൻകൈ എടുത്തത്. അക്കാലത്തു നാല് മെട്രോ നഗരങ്ങളിലായി എട്ടു കമ്പനികൾക്കാണ് പ്രവർത്തനാനുമതി നൽകിയിരുന്നത്. ഇപ്രകാരം ഡൽഹി, കൽക്കട്ട, മുംബൈ, മദ്രാസ് എന്നീ വൻ നഗരങ്ങളിലായി 2 വീതം ഓപ്പറേറ്റർ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഇതിൽ കൽക്കട്ടയിൽ സ്ഥാപിതമായ ആദ്യ കമ്പനി ഒരു ഇന്ത്യൻ – ഓസ്ട്രേലിയൻ സംയുക്ത സംരംഭമായിരുന്നു; ആർ കെ മോഡി ഗ്രൂപ്പും ഓസ്ട്രേലിയയിലെ ടെൽസ്ട്ര ഗ്രൂപ്പുമായിരുന്നു ഇതിലെ പങ്കാളികൾ. ആ വർഷം ഒരു മിനിറ്റ് ദൈർഘ്യമുള്ള കോളിന് 16.8 രൂപയായിരുന്നു മെട്രോ നഗരങ്ങളിലെ നിരക്ക്. മോഡി- ടെൽസ്ട്ര കമ്പനി പിന്നീട് സ്പൈസ് എന്നപേരിൽ നാമകരണം ചെയ്തു മാർക്കറ്റ് വിപുലകരിക്കാൻ ഒരു വിഫലശ്രമം നടത്തി.
പിന്നെയും ഒരു വർഷത്തിന് ശേഷമാണ് കേരളത്തിൽ സർവിസുകൾ നിലവിൽ വന്നത്. 1996 സെപ്റ്റംബർ 17 ന് എറണാകുളം അവന്യൂ റീജന്റ് ഹോട്ടലിലെ വേദിയിൽ ആദ്യ കോൾ ചെയ്തത് മലയാളത്തിന്റെ വിശ്വ സാഹിത്യകാരൻ ശ്രീ തകഴി എസ് ശിവശങ്കര പിള്ള ആയിരുന്നു. അപ്പുറത്ത് നേവൽ ആസ്ഥാനത്ത് ഫോൺ അറ്റൻഡ് ചെയ്തത് അന്നത്തെ നാവിക സേന മേധാവി വൈസ് അഡ്മിറൽ എ ആർ ടാണ്ടൻ ആയിരുന്നു. അദ്ദേഹം ഹലോ എന്ന് ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ നമസ്കാരം എന്ന് പറഞ്ഞു കൊണ്ടാണ് തകഴി സംഭാഷണം ആരംഭിച്ചത്. കൂടെ മലയാളത്തിന്റെ സ്വന്തം കവയത്രി മാധവി കുട്ടിയും ഉണ്ടായിരുന്നു. കേരളത്തിൽ ഈ സർവീസിന് ആദ്യം തുടക്കം കുറിച്ചത് എസ്കോട്ടൽ ആയിരുന്നു. എന്നാൽ ഒരു മാസത്തെ ഇടവേളക്കു ശേഷം ഒക്ടോബറിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ഐഡിയ ഈ കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വന്ന ബി പി എൽ മൊബൈൽ കമ്പനി ഈ രംഗത്തെ മത്സരം കേരളക്കരയിൽ കൂടുതൽ വാശിയുള്ളതാക്കി.
രാജ്യത്തു ആദ്യകാലത്ത് മത്സരം ഉണ്ടായതു സമ്പന്ന വർഗത്തെ മാത്രം കണ്ണ് വെച്ച് കൊണ്ടായിരുന്നു. കാലക്രമത്തിൽ അതിനു മാറ്റം വന്നു. പിന്നീടിങ്ങോട്ട് പുതിയ പുതിയ വമ്പൻ കമ്പനികളുടെ ഒരു കുത്തൊഴുക്കാണ് രാജ്യം കണ്ടത്. ചിലത് ഒഴുകി ഒഴുകി എവിടെയൊക്കെയോ ചെന്നവസാനിച്ചു. മറ്റു ചിലത് ഒഴിക്കിനടയിൽ എതിരാളികളുമായി സന്ധിച്ചു ഒന്നിച്ചു മുന്നോട്ട് കുതിക്കുന്നു. പേരും പെരുമയുമായി എത്തിയവർക്കും ഒഴിക്കിന്റ്റെ താളം തെറ്റി ഇടക്കവസാനിപ്പിക്കേണ്ടി വന്നു. എന്തൊക്കെ സംഭവിച്ചാലും തനിയെ മാത്രമേ ഒഴുകി നടക്കൂ എന്ന വാശിയിൽ ഒരു കൂട്ടർ പരിക്കില്ലാതെ മുന്നേറുന്നുണ്ട് ഒടുവിൽ എത്തിയ ഭീമനാണ് ഇപ്പോൾ മറ്റുള്ളവരുടെ ഒഴുക്ക് നിയന്ത്രിക്കുന്നത് എന്നതാണ് ഏറ്റവും പുതിയ വർത്തമാനം. ഈ ഭീമനെതിരെ പല തലങ്ങളിലും മറ്റുള്ളവർ പരാതിപ്പെട്ടിട്ടും ഒരു ഫലമുണ്ടായില്ല.
മൊബൈൽ ഫോൺ എന്ന ഈ കുഞ്ഞു ഭീകരൻ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളെയും, സമൂഹ്യ മാധ്യമ ലോകത്തെ തന്നെയും മൊത്തത്തിൽ വിഴുങ്ങി, ഇനിയാര് എന്ന് കണ്ണും നട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആ പഴയ പിറവി ചരിത്രം ഒന്ന് ഓർമ്മിപ്പിച്ചുവെന്നു മാത്രം.