ലൂർദ് ആശുപത്രയിലെ ഹൈടെക് പാർക്കിംഗ് സൗകര്യം പ്രവർത്തനസജ്ജം
കേരളത്തിലെ ഏറ്റവും വലിയ ഹൈടെക് – റോബോട്ടിക് പാർക്കിംഗ് സൗകര്യം എറണാകുളം ലൂർദ് ആശുപത്രിയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോകോൾ പ്രകാരം ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ ഈ സംവിധാനത്തിന്റെ ഉൽഘാടനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. പാർക്കിംഗ് കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പ്രഥമ പാർക്കിംഗ് കാർഡ് വിതരണവും കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിച്ചു. കോവിഡ് പ്രതിസന്ധി മൂലം ഏറെ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ ഇത്തരം കാലാനുസൃതമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ മുൻകൈ എടുത്ത ആശുപത്രി അധികൃതരെ എം പി ചടങ്ങിൽ അഭിനന്ദിച്ചു.
ആറു നിലകളിലായി ഒരേ സമയം 130 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനം ആശുപത്രിയിൽ വരുന്ന സാധാരണകാർക്ക് മാത്രമല്ല, നിലവിൽ ഗതാഗത കുരുക്ക് രൂക്ഷമായ പച്ചാളം മേഖലക്ക് മൊത്തത്തിൽ ഏറെ ആശ്വാസമാണ്. ഇപ്പോൾ എത്ര വാഹനങ്ങൾ വന്നാലും പ്രശനമില്ലാതെ പാർക്കിംഗ് സൗകര്യം ഒരുക്കുവാൻ നിലവിലെ സംവിധാനം പര്യാപ്തമാണ്. മാത്രമല്ല ആശുപത്രി പരിസരത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വാഹന പാർക്കിംഗ് സൗകര്യവും അതേ പടി നിലനിർത്തും.
ഉൽഘാടന ചടങ്ങിൽ എറണാകുളം എം. എൽ. എ. ടി. ജെ. വിനോദ്, ഹീമാൻ റോബോട്ടിക് പാർക്കിംഗ് ഡയറക്ടർ എ ടി ജോസ്, സ്ഥലം കൗൺസിലർമാരായ ആൽബർട്ട് അമ്പലത്തിങ്കൽ , ആൻസാ ജെയിംസ്, ആശുപത്രി ഡയറക്ടർ ഫാ ഷൈജു അഗസ്റ്റിൻ തോപ്പിൽ, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സുപ്രണ്ടന്റ്റ് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ടന്റ് ഡോ. വർഗീസ് ചെറിയാൻ അസ്സോസിയേറ്റ് ഡയറക്ടർ ഫാ മേരിദാസ് കോച്ചേരി, അസ്സിസ്റ്റന്റ് ഡയറക്ടർമാരായ ഫാ സോണി കളത്തിൽ, ഫാ ജിബിൻ ജോർജ് മാതിരപ്പിള്ളി, ഫാ ജോർജ് സെക്വര, ഡോ അനൂഷ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
ലൂർദ് റേഡിയോളജി ആൻഡ് ഇമേജിങ് സെൻറ്ററിൽ നവീകരിച്ച എം ആർ ഐ സ്കാനിന്റെ ആശിർവാദം മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു. വേഗത്തിൽ ചികിത്സ ആവശ്യമുള്ളവർക്കായി ഏർപെടുത്തിയ ലൂർദ് പ്രയോറിറ്റി ഓ പി അതിവേഗ ഓ പി ടിക്കറ്റ് സംവിധാനം മോൺ. ജോസഫ് എട്ടുരൂത്തിൽ ആശീർവദിച്ച. അതിവേഗ ഓ പിക്കായി 9496002402 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.