കോവിഡ് നിർണ്ണയത്തിനുള്ള പരിശോധനയായ ആർ ടി പി സി ആർ ടെസ്റ്റിനേക്കാൾ ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച് അംഗീകരിച്ച പേപ്പർ ബേയസിഡ് ടെസ്റ്റിന് ‘ഫെലൂദ പേപ്പർ സ്ട്രിപ്പ് ടെസ്റ്റ്’ എന്ന നാമകരണം ചെയ്തത് കഴിഞ്ഞ മാസം ആദ്യ വാരത്തിൽ ആയിരുന്നു. സാക്ഷാൽ സത്യ ജിത്ത് റേ രൂപപെടുത്തിയെടുത്ത, ബംഗാൾ സാഹിത്യത്തിലെ അവിസ്മരണീയ ഡിറ്റക്റ്റീവ് കഥാപാത്രമായ ഫെലൂദ അങ്ങനെ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. കഥകളിൽ ഫെലൂദയുടെ കണ്ണുകൾ എല്ലാവരില്ലേക്കും ചൂഴ്ന്നിറങ്ങും, സാഹചര്യങ്ങൾ സൂക്ഷമമായി വിശകലനം ചെയ്തു പ്രതികളിലേക്കും മറ്റും കൃത്യതയോടെ എത്തിച്ചേരും. കോവിഡ് വൈറസിനെ കണ്ടു പിടിക്കാൻ അവതരിപ്പിച്ച പേപ്പർ ടെസ്റ്റിനും സമാനമായ രീതികൾ തന്നെയായത് കൊണ്ടാണ് ഫെലുദാ പേരിൽ നാമകരണം സംഭവിച്ചത്. ആകസ്മികമെന്ന് തോന്നിയേക്കാം, ഈ ഫെലൂദയേ, സത്യജിത് റേയുടെ തന്നെ ആശീർവാദത്തോടെ ആദ്യമായി സ്ക്രീനിൽ അവതരിപ്പിച്ച വിഖ്യാത നടൻ സൗമിത്ര ചാറ്റർജി കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിൽ എന്ന വാർത്ത പുറത്തു വന്നതാകട്ടെ ഏതാണ്ട് ഇതേ സമയത്തായിരുന്നു. അദ്ദേഹം കോവിഡ് മുക്തനായെന്നും എന്നാൽ പ്രായാധിക്യം മൂലമുള്ള മോശം ആരോഗ്യസ്ഥിതിയിൽ തുടരുന്നു എന്നുമുള്ള വിശദീകരണവും തൊട്ടുപിന്നാലെ എത്തി. എല്ലാ പ്രതിസന്ധികളെയും ആപത്ഘട്ടങ്ങളെയും സാഹസികമായി തരണം ചെയ്യാറുള്ള ഫെലുദാ എന്ന നായകനെ പോലെ സൗമിത്രയും തിരിച്ചു വരുമെന്ന് ആരാധകരും ബന്ധുക്കളും പ്രതീക്ഷിച്ചു. എന്നാൽ ഏവരെയും നിരാശയിലാഴ്ത്തി കൊണ്ട് നവംബർ പതിനഞ്ചാം തിയതി കൊൽക്കത്തയിലെ ബെൽവ്യൂ ആശുപത്രയിൽ വച്ച് അന്ത്യ ശ്വാസം വലിചു.
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ഇതിഹാസത്തിന്റെ പരിസമാപ്തിയായിരുന്നു അത്. പുതുതലമുറക്ക് അത്ര പരിചതനല്ലാത്ത, സൗമിത്ര ദാ എന്ന് സ്നേഹത്തോടെ ഏവരും വിളിച്ചിരുന്ന ഇദ്ദേഹം , സിനിമയെ ഗൗരവത്തോടെ കണ്ടിരുന്ന ചലച്ചിത്ര പ്രേമികൾക്ക് എക്കാലവും മറിച്ചു നോക്കാൻ ഇഷ്ടപെടുന്ന ഒരു പാഠപുസ്തമെണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ആദ്യമായി ഓസ്കർ പുരസ്കാരം ഇന്ത്യയിൽ എത്തിച്ച സത്യജിത് റേയുടെ 14 ചിത്രങ്ങളിൽ വേഷമിട്ടു എന്നത് അക്കാലത്തെ മറ്റ് താരങ്ങളെല്ലാം ഏറെ അസൂയയോടെ കണ്ട ഒരു റെക്കോർഡായിരുന്നു. എന്നാൽ തുടക്കം അത്ര അനായാസമായിരുന്നില്ല. ജനിച്ചത് കൽക്കട്ടയിലെ സിയാൽദ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നുവെങ്കിലും ബാല്യ കാലം ചിലവഴിച്ചത് തെരുവ് നാടകങ്ങൾക്ക് ഏറെ പേര് കേട്ട കൃഷ്ണഗിരിയിൽ ആയിരുന്നു. വളരെ ചെറു പ്രായത്തിലെ ഒരു നടൻ ആകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ രൂപപ്പെട്ടത് സിസിർ ബഹദൂരി എന്നയാളുടെ നാടകം കണ്ടപ്പോഴാണ്. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് അഭിനയ കളരിയിലേക്കു കാലെടുത്തു വെച്ചു. കൊൽക്കത്തയിലെ സിറ്റി കോളേജിൽ കോളേജിൽ നിന്ന് ബംഗാളി സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം കുറച്ചു കാലം ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസർ ആയി ജോലിചെയ്തു. ശബ്ദ നിയത്രണവും, മധുര സംസാര ശൈലിയുമെല്ലാം ഇക്കാലത്താണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. ചില ചെറു സിനിമ സംരഭകൾക്കൊപ്പം സഹകരിച്ചുവെങ്കിലും ബ്രേക്ക് ത്രൂ എന്ന് പറയാവുന്ന ഒരു കഥാപാത്രം ലഭിക്കുന്നതാകട്ടെ 1959 ൽ ‘അപ്പു സൻസാർ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പഥേർ പാഞ്ചാലി എന്ന ക്ലാസിക് ചിത്രത്തിലെ മുഖ്യ കഥാപാത്രമായ അപ്പുവിനെ ആസ്പദമാക്കി സത്യജിത് റേ ഒരുക്കിയ ട്രിയോളജിയുടെ ഭാഗമായിരുന്നു ആ ചിത്രം. അതിനും കുറച്ചു വർഷങ്ങൾക് മുൻപ് ‘അപരാജിതോ’ യുടെ പണിപ്പുരയിൽ ആയിരുന്ന സമയത്ത് അപ്പുവിന്റെ ബാല്യകാലം അവതരിപ്പിക്കാൻ പറ്റിയ ഒരാളെ അന്വേഷിക്കുന്നതറിഞ്ഞു സൗമിത്ര അദ്ദേഹത്തെ ചെന്നു കണ്ടിരുന്നെങ്കിലും യൗവനത്തിലേക്ക് കടന്നിരുന്ന സൗമിത്രയെ അദ്ദേഹം തഴഞ്ഞു. നഗരത്തിലെ സ്കൂളുകൾക്ക് മുന്നിൽ ചിത്രത്തിന് പറ്റിയ ബാലതാരങ്ങളെ അന്വേഷിച്ചു റേ പതിവായി പോകുമായിരുന്നു. ഒരിക്കൽ കോഫി ഹൌസ്സിനു മുന്നിൽ നിന്ന് അകത്തിരുന്നു സുഹൃത്തുക്കളുമായി വർത്തമാനം പറഞ്ഞിരിക്കുകയായിരുന്ന സൗമിത്രയെ അദ്ദേഹം ഏറെ നേരം നിരീക്ഷിച്ച ഒരു കഥ അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും ആവർത്തിച്ചിട്ടുണ്ട്. അപ്പുസൻസാർ എന്ന ചിത്രത്തിന് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാകുകയും പിന്നീട് ഒരുക്കുന്ന ചിത്രങ്ങളിലെലാം തന്നെ സൗമിത്രക്ക് ഒരു റോൾ നൽകുകയും ചെയ്തിരുന്നു. ഒടുവിൽ ഫെലൂദ എന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട ഡിറ്റക്റ്റീവ് കഥാപാത്രത്തെ തിരശീലയിൽ അവതരിപ്പിക്കാൻ സൗമിത്ര അല്ലാതെ മറ്റൊരു മുഖം റേ ക്ക് മുന്നിൽ തെളിഞ്ഞിരുന്നില്ല. പിതൃതുല്യമായ റേയുടെ വാത്സല്യവും ശിഷ്യണവും വേണ്ടുവോളം അനുഭവിക്കാനുള്ള ഭാഗ്യവും സൗമിത്രക്ക് ലഭിച്ചു.
ബംഗാൾ സിനിമയിൽ ഉത്തം കുമാർ എന്ന സൂപ്പർ താരം അരങ്ങു വാഴുന്ന കാലത്താണ് സൗമിത്രക്ക് റേ യിൽനിന്നും മറ്റ് മുൻനിര സംവിധായകരിൽ നിന്നുമൊക്കെ നിർലോഭമായ പിന്തുണ ലഭിച്ചിരുന്നതെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. അതിനു കാരണങ്ങൾ പലതാണ്. ജനപ്രിയ ചിത്രങ്ങൾ സൗമിത്രയുടെ പരിഗണയിൽ ഇല്ലായിരുന്നു. വ്യത്യസ്ത അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെക്കാൻ സാധിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം തേടി പിടിക്കുമായിരുന്നു. അപർണ സെൻ, അഞ്ജൻ ദാസ്, ഋതുപർണോ ഘോഷ്, തപൻ സിൻഹ, മൃണാൾ സെൻ തുടങ്ങിയ പേരെടുത്ത സംവിധായകരുടെയല്ലാം ചിത്രങ്ങളിൽ അഭിനയിക്കുവാൻ അദ്ദേഹം വലിയ താല്പര്യം കാണിച്ചിരുന്നു. ഫലമോ, എക്കാലവും ആരും കൊതിച്ചു പോകുന്ന ഒട്ടേറെ മനോഹര കഥാപാത്രങ്ങളെ തിരശീലയിലേക്ക് സന്നിവേഹിക്കാനുള്ള അസുലഭ അവസരങ്ങൾ പലവട്ടം നേടിയെടുത്തു.
പുരസ്കാരങ്ങളുടെ ഒരു വലിയ പട്ടിക തന്നെ സൗമിത്രയുടെ പേരിലുണ്ട്. 2004 രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചപ്പോൾ അമിതമായ സന്തോഷമോ നിരാശയോ ആ മുഖത്ത് ഉണ്ടായിരുന്നില്ല. എന്നാൽ വളരെ വൈകി എത്തിയ മികച്ച നടനുള്ള ദേശിയ അവാർഡ് ആ അവാർഡിന്റെ തന്നെ ശോഭ കെടുത്തുന്ന ഒന്നാണെന്ന ഒരു തുറന്ന അഭിപ്രായ പ്രകടനം നടത്താനും അദ്ദേഹം മടി കാണിച്ചില്ല. 2006 ൽ പുറത്തിറങ്ങിയ ‘പൊധോഖേപ്പ്’ എന്ന ചിത്രത്തിനാണ് അദ്ദേഹം പുരസ്കരാർഹനായത്. ഏറെ ശ്രദ്ധേയമായത് 2017 ൽ ഫ്രാൻസിലെ പരമോന്നത പുരസ്കാരമായ ലിജിൻ ഓഫ് ഹോണർ പുരസ്കാരം ഫ്രഞ്ച് ഗവെർന്മേന്റിൽ നിന്ന് നിന്ന് ഏറ്റു വാങ്ങുമ്പോൾ ആ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി കൂടി അദ്ദേഹത്തെ തേടിയെത്തി.കഴിഞ്ഞില്ല, രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫൽകെ അവാർഡ് 2012 ൽ അദ്ദേഹത്തിന് സമ്മാനിച്ച് കൊണ്ട് വിലയേറിയ ഈ ബംഗാൾ രത്നത്തിന്റെ മാറ്റ് സുവർണലിപികളിൽ എഴുതി ചേർത്ത് വെക്കപ്പെടുകയും ചെയ്തു.