സിനിമയും സംസ്കാരവും പ്രകൃതിയും ഒന്നിച്ചു ചേരുന്ന മലയാളത്തിലെ ആദ്യത്തെ ഒ. ടി. ടി. പ്ലാറ്റഫോം ആയ ‘റൂട്ട്സ് ‘ പ്രശസ്ത സാഹിത്യകാരനും മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമ തിരക്കഥകൃത്തുമായ ശ്രീ എം ടി വാസുദേവൻ നായർ തുടക്കം കുറിച്ചു. സിനിമ, വെബ് സീരീസ്, ഡോക്യുമെന്റ്ററി, ഷോർട്ട് ഫിലിംസ്, റിയാലിറ്റി ഷോസ്, ഇൻറ്റർവ്യൂസ് തുടങ്ങി കലയുടെ പുതിയ ആവിഷ്കാരങ്ങൾ ലോക മലയാളി പ്രേക്ഷകർക്ക് കാഴ്ചവെക്കുന്ന നൂതന ഒടിടി പ്ലാറ്റ്ഫോം ആണ് ‘റൂട്ട്സ്’. നമ്മുടെ തന്നെ വേരുകൾ തേടിയുള്ള ഒരു യാത്ര എന്നാണ് ഈ നാമകരണത്തിലൂടെ അർത്ഥമാക്കുന്നത്. മലയാളത്തിന്റ്റെ സ്വന്തം കലാ-സാഹിത്യ സൃഷ്ടികൾ ഇളം തലമുറകളിലേക്ക് പകർന്നു നൽകാനുള്ള ഏറ്റവും സാധ്യമായ മാർഗമായിട്ടാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ഉൽഘാടന ചടങ്ങിൽ സിനിമ -സാഹിത്യ ലോകത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. ദേശിയ അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത സംവിധായകൻ ജയരാജ് ആണ് കലാരംഗത്തെ വ്യത്യസ്തതയാർന്ന ഈ ഉദ്യമത്തിന് നേതൃത്വം കൊടുക്കുന്നത്. റൂട്ട്സ് മാനേജിങ് ഡയറക്ടർ കൂടിയായ അദ്ദേഹം ഈ പ്ലാറ്റഫോമിനെ വളരെ വിശദമായ രീതിയിൽ ചടങ്ങിൽ പരിചയപ്പെടുത്തി. “ഓരോ സബ്സ്ക്രൈബർ ചേരുന്നതിനോടൊപ്പം ഓരോ വൃക്ഷ തൈകൾ നട്ടു കൊണ്ട് പ്രകൃതി പരിപാലനം മുഖ്യ അജൻഡയാക്കി കൊണ്ടാണ് ഈ സംരംഭം നിലവിൽ വന്നിരിക്കുന്നത്. അതായത് ഒരു ലക്ഷം സബ്സ്ക്രൈബർസ് ആകുമ്പോൾ ഒരു ലക്ഷം വൃക്ഷതൈകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടു വളർത്തിയിരിക്കും”. ജയരാജ് ഉറപ്പു പറയുന്നു. അതേസമയം നിലവിലെ സിനിമാ തിയറ്റർ വ്യവസ്ഥിതിക്ക് ഒരിക്കലും എതിരല്ലെന്നും കാലഘട്ടത്തിനു അനുസൃതമായ ഒരു മാറ്റത്തിനൊപ്പം നീങ്ങാനുള്ള ഒരു പരിശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
റൂട്ട്സ് ഡയറക്ടർ ഡോ. ആശ നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞപ്പോൾ, മൊബൈൽ ഫോൺ റീടെയ്ലർ അസോസിയേഷൻ കേരളയുടെ രക്ഷാധികാരികൂടിയായ ഷിഹാൻ ബാഷി വിശദീകരിച്ചത് സംസ്ഥാനത്തിനകത്തുള്ള സംഘടനയുടെ വളരെ വിപുലമായ സാന്നിധ്യം ഈ പ്ലാറ്റ്ഫോം കൂടുതൽ പേരിലേക്ക് എത്തിക്കാനുതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും കർമ്മ പദ്ധതികളുമാണ്. ഇത് സംബന്ധിച്ചു സംഘടനയും റൂട്ട്സും തമ്മിലുള്ള ഔദ്യോഗിക ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പു വെച്ചു.
മലയാള സിനിമാ വ്യവസായത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന ഈ സംരംഭത്തിൽ കലാരംഗത്തെ പ്രമുഖരെ കൂടാതെ വ്യവസായ രംഗത്തെ ചില സംഘടനകളും കൈകോർക്കുന്നു എന്നതാണ് ഇതിനെ ഏറെ വ്യത്യസ്തമാക്കുന്നത്.
“എവിടെയാണ് നമ്മുടെ വേരുകൾ? അത് തേടിയുള്ള യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണ്. സിനിമ കേവലം ഒരു വിനോദ മാർഗം മാത്രമല്ല. അത് അറിവും നന്മയും ചരിത്ര പാഠങ്ങളും മറ്റും പുതു തലമുറകളിലേക്ക് പകർന്നു നൽകുന്ന ഒരു പ്രക്രിയ ആയി പണ്ടേ മാറി കഴിഞ്ഞു. നവീന മാർഗങ്ങളിലൂടെ ഇത് തുടർന്നേ മതിയാകൂ” ചടങ്ങിൽ അവതരിപ്പിച്ച വീഡിയോ സന്ദേശത്തിൽ എം ടി വാസുദേവൻ നായർ തന്റ്റെ നിലപാട് വ്യക്തമാക്കുകയും ആശംസകൾ നേരുകയും ചെയ്തു.
മലയാള സിനിമ ലോകത്തെ ശ്രദ്ധേയരായ നിരവധിപേരുടെ സാന്നിധ്യം കൊണ്ട് ചടങ്ങു ശ്രദ്ധേയമായി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, സംവിധായകരായ ബ്ലെസി, സിദ്ധിക്ക്, ജിത്തു ജോസഫ്, സിദ്ധാർഥ് ഭരതൻ എന്നിവർക്ക് പുറമേ റൂട്ട്സ് നേപ്പാൾ സംരഭത്തിന് തുടക്കം കുറിച്ച ശ്രീ ചന്ദ്ര, നർത്തകി അശ്വതി, നടി നിരഞ്ജന, നിർമ്മാതാവ് വിനയൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ ടെലിവിഷൻ-ചലച്ചിത്രതാരം സരയൂ മോഹൻ ചടങ്ങിൻറെ അവതരണ ചുമതല നിർവഹിച്ചു.
റൂട്ട്സ് ഡയറക്ടർ ഡോ. സേതു വാര്യർ നന്ദി പറഞ്ഞു. മലയാളികൾ വായിച്ചു രസിച്ച ഒട്ടേറെ പ്രമുഖ കഥകളും നോവലുകളും എല്ലാം ഇതിലൂടെ ചെറു ചലച്ചിത്ര രൂപത്തിൽ വരും. കേരളത്തിലെ പ്രമുഖ സാഹിത്യകാരൻമാരെല്ലാവരും തന്നെ ഈ വ്യത്യസ്ത സംരംഭത്തിന് പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട്. ടി പദ്മനാഭൻ, ശ്രീകുമാരൻ തമ്പി, റസൂൽ പൂക്കുട്ടി, ആർട്ടിസ്റ്റ് നമ്പൂതിരി , കൈതപ്രം ദാമോദരൻ നമ്പൂതിരി, വിദ്യാധരൻ മാസ്റ്റർ, എസ് എൻ സ്വാമി, ഐ എം വിജയൻ, ബിജി ബാൽ, രവി മേനോൻ, തുടങ്ങിയവർ വീഡിയോ സന്ദേശങ്ങളിലൂടെ ആശംസകൾ അറിയിച്ചു.
റൂട്ട്സിന്റെ ലോഗോ പ്രകാശനം ഇകഴിഞ്ഞ കേരള പിറവി ദിനത്തിൽ താര ദമ്പതികളായ ജയറാമും പാർവതിയും ചെടിക്ക് വെള്ളമൊഴിചു കൊണ്ട് നിർവഹിച്ചിരുന്നു. കാളിദാസ് ജയറാം നായകനായി എത്തുന്ന ‘ബാക് പാക്കേഴ്സ്, എന്ന സിനിമയായിരിക്കും ഈ മാസം 5 ന് റൂട്ട്സ് പ്ലാറ്റഫോമിൽ ആദ്യമെത്തുക. ചിത്രത്തിന്റെ ട്രൈലെർ ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.
പ്രശസ്ത സാഹിത്യ രചനകൾക്ക് ദൃശ്യ ഭംഗി നൽകുക, മലയാളികൾക്ക് കൂടുതൽ ലോക സിനിമകൾ പരിചയപ്പെടുത്തുക, പഴയകാല മലയാള സിനിമകൾ കാണിക്കുക, പ്രാദേശിക ഭാഷ ചിത്രങ്ങളും കലാ രൂപങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നിങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങളും റൂട്ട്സിനുണ്ട്.