മലയാള ചലച്ചിത്രതാര സംഘടനായ ‘അമ്മ’ കൊച്ചിയിൽ സ്വന്തമായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്ന്റെ ഉത്ഘാടനം സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവഹിച്ചു. കലൂർ – ദേശാഭിമാനി റോഡിൽ സ്ഥിതി ചെയുന്ന 5 നിലകളുള്ള ഈ ബഹുനില കെട്ടിടത്തിന് ‘അമ്മവീട്’ എന്ന വിളിപ്പേരാണ് താരങ്ങൾ നൽകിയിരിക്കുകയാണ്. സംഘടനയുടെ 25 മാത് വാർഷിക ആഘോഷ നിറവിലാണ് ഈ ചിരകാല അഭിലാഷം സാഷാത്കരിച്ചത് എന്നൊരു പ്രത്യകത കൂടിയുണ്ട് ഈ നേട്ടത്തിന്. ഇതോടെ ‘മലയാള സിനിമയുടെ അങ്കത്തട്ട്’ എന്ന കൊച്ചിയുടെ അപര നാമധേയത്തിന് ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ സംഘടനയുടെ ഔദ്യോഗിക ആസ്ഥാനം തിരുവനന്തപുരം ആയിരുന്നുവെങ്കിലും, എല്ലാവരുടെയും സൗകര്യം കണക്കിലെടുത്തു കൊണ്ട് അമ്മയുടെ ജനറൽ ബോഡി മീറ്റിംഗുകൾ പതിവായി നടന്നു വന്നിരുന്നത് കൊച്ചിയിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ആയിരുന്നു. ഇനി ആ രീതിക്ക് മാറ്റം വരും. അത്യാധുനിക സൗകര്യങ്ങളോടു കൂടി പണികഴിപ്പിച്ചിരിക്കുന്ന ഈ ഓഫീസ് സമുച്ചയത്തിൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങൾക്കും വിനയോഗിക്കാനുള്ള അവസരമാണ് തയാറാക്കിയിരിക്കുന്നത്.
താഴത്തെ നിലയിൽ വരുന്ന അതിഥികൾക്കും സന്ദർശകർക്കും ഇരിക്കാൻ രണ്ടു പ്രേത്യക സ്ഥലങ്ങൾ, ഒന്നാം നിലയിൽ ആധുനിക വാർത്ത വിനിമയ സൗകര്യങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിഹാൾ ഭാരവാഹികൾക്കുള്ള ക്യാബിനുകൾ. രണ്ടാം നിലയിൽ 125 പേർക്ക് ഇരിക്കാൻ സാധിക്കുന്ന തിയറ്റർ ഹാൾ. മൂന്നാം നിലയിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കോ, ആർട്ട് എക്സിബിഷനുകൾക്കോ, മറ്റ് റിഹേഴ്സൽ പരിപാടികൾക്കോ ഉപയോഗിക്കാനുതകുന്ന വിശാലമായ ഒരു ഹാൾ. അഞ്ചാം നിലയിൽ കഫെറ്റീരിയ. എന്നിങ്ങനെയാണ് സ്ഥല സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ കെട്ടിട സമുച്ചയത്തിന്റെ പ്രധാന ആകർഷണം നാലാം നിലയാണ്. സിനിമാ ചർച്ചകൾക്കും കഥകളും തിരക്കഥകളും വിശദമായി കേൾക്കുന്നതിനും വേണ്ടി അഞ്ചു വ്യത്യസ്ത ഗ്ലാസ് ക്യാബിനുകൾ ഒരുക്കിയിട്ടുണ്ട്. സിനിമ ലോകത്ത് ഇങ്ങനെയൊരു ആശയം നടപ്പിൽ വരുത്തിയിരിക്കുന്നത് ഒരു പക്ഷെ ഇന്ത്യൻ സിനിമയിൽത്തനെ ആദ്യമായിട്ടായിരിക്കും. ഇപ്പോൾ പതിവായി താരങ്ങൾ കഥ കേൾക്കാൻ ഇരിക്കുന്നത് അവരവരുടെ ഭവനങ്ങളിലോ, ഷൂട്ടിംഗ് ലൊക്കേഷനുകളിലോ ഒക്കെയാണ്. ഇത് ഒരു പരിധി വരെ കഥ പറച്ചിലുകളുടെ ഒഴുക്കിനെ സാരമായി ബാധിക്കാറുണ്ട്. ഒരു ചേംബറിൽ ഇരുന്നു സംസാരിക്കുന്ന ശബ്ദം പുറത്തു വരാത്ത രീതിയിൽ സൗണ്ട് പ്രൂഫ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്ന്റെ മറ്റൊരു സവിശേഷത ഇവിടുത്ത ഗ്ലാസ് വാതിലുകളും, ഇലെക്ട്രിക്കൽ ഉപകരണങ്ങളും മറ്റും അത്യാധുനിക ഓട്ടോമേഷൻ സംവിധാനത്തിനുകീഴിൽ കൊണ്ട് വന്നിരിക്കുന്നു എന്നതാണ്. ആവശ്യമായ സുരക്ഷാ മുൻകരുതലകളും അനാവിശ്യ ചെലവ് നിയന്ത്രണങ്ങളും ഇതിലൂടെ സാധ്യമാകുന്നതായി ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സംഘടനാ ഭാരവാഹികളായ ഇടവേള ബാബു, ബാബു രാജ്, ഹണി റോസ്, ജഗദിഷ്, സിദ്ധിഖ്, രചന നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു. ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ചു സംഘടനക്ക് വേണ്ടി ആന്റണി പെരുമ്പാവൂർ എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് ഒരു പുതിയ ചിത്രം നിർമ്മിക്കും. രാജീവ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയുക രാജീവും പ്രിയദർശനും ഒരുമിച്ചായിരിക്കും.