ഇന്ത്യൻ നാവികസേനയുടെ എക്കാലത്തെയും വലിയ പടക്കപ്പലായ ഐ എൻ എസ് വിക്രാന്തിന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ കൂടുതൽ ജോലികളും നടക്കുന്നത് കൊച്ചി കപ്പൽ ശാലയിൽ ആണ് എന്നുള്ളതാണ് കേരളക്കരക്ക് അഭിമാനം നൽകുന്നൊരു വസ്തുത. അടുത്ത വർഷം കമ്മിഷൻ ചെയ്ത് സേനയുടെ ഭാഗമാകുന്നതോടെ രാജ്യത്തിൻറെ പ്രതിരോധ മേഖലയുടെ കരുത്ത് കൂടുതൽ വർധിക്കുമെന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു. കൊച്ചിയിൽ ദക്ഷിണ നാവിക ആസ്ഥാനത്തിന് കീഴിലുള്ള വിവിധ പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും മന്ത്രി സന്ദർശിച്ചു. കൊച്ചിയിലെ ദ്വിദിന സന്ദർശനത്തിൽ നാവിക സേന മേധാവി കരംബീർ സിംഗ്, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ല എന്നിവർ മന്ത്രിയെ അനുഗമിച്ചു.
ഐ എൻ എസ് വിക്രാന്തിന്റെ മറ്റ് വിശേഷങ്ങൾ
40,000 ടൺ ഭാരമുള്ള ഒഴുകിനടക്കുന്ന ഈ ഉരുക്ക് കപ്പലിന് 3 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുണ്ടെന്നാണ് അനുമാനം. ഹാങ്ങറിൽ ഒരേസമയം 30 വിമാനങ്ങൾ വരെ സൂക്ഷിക്കാനും അറ്റുകുറ്റപണികൾ നടത്താനുള്ള സൗകര്യവുമുണ്ട്. ഇതിന് പുറമേ യുദ്ധവിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനും 2 റൺവേകളും തയാറാണ്. യുദ്ധ വിമാനങ്ങൾക്കു പുറമെ ഹെലികോപ്റ്ററുകളും ട്രക്കുകളും ഈ വിമാന വാഹിനിയുടെ ഭാഗമാണ്. ആക്രമണം ഏതു മാർഗത്തിലൂടെ വന്നാലും അത് മുൻകൂട്ടി അറിയുവാനുള്ള സെൻസറുകളും റഡാറുകളും കപ്പലിലുണ്ട്.