രാജ്യത്തെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തെ സംബന്ദ്ധിച്ചുള്ള ഈ വർഷത്തെ ആദ്യപാദ കണക്കുകൾ പ്രകാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ വിമാനത്താവളമായി മാറിയിരിക്കുന്നു. 2021 ജനുവരി മുതൽ ലോക്ക് ഡൗൺ നിയത്രണങ്ങൾ കർശനമാക്കി തുടങ്ങിയ മെയ് മാസം വരെയുള്ള കണക്കാണിത്. കൊച്ചിക്ക് മുന്നിൽ രാജ്യ തലസ്ഥാനമായ ഡൽഹിയും സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുബൈയും മാത്രമാണുള്ളത്.
മേൽപറഞ്ഞ കാലയളവിൽ കൊച്ചി വിമാനത്താവളം വഴിമാത്രം 5,89,460 അന്താരാഷ്ട്ര യാത്രക്കാരാണ് കടന്ന് പോയത്. ഇതിൽ ഏറ്റവും തിരക്ക് അനുഭവപ്പെട്ടത് ഏപ്രിൽ മാസത്തിൽ ആയിരുന്നു. 1,38,625 യാത്രക്കാരുമായി ആ മാസം കൊച്ചി ഡൽഹിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിചേർന്നിരുന്നു. സിയാൽ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം ആഭ്യന്തര വിമാന സർവീസുകളിലും വൻ വർധന ഇക്കാലയളവിൽ പ്രകടമായിരുന്നു. ജൂൺ മാസം തുടങ്ങുമ്പോൾ വെറും 3,000 യാത്രക്കാർ എന്ന നിലയിൽനിന്ന് മാസാവസാനം 7,012 എന്ന സംഖ്യയിലേക്കാണ് എത്തിചേർന്നിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 1,139 എയര്കറാഫ്റ്റുകൾ ആണ് കൊച്ചി വിമാനത്താവളത്തിലൂടെ കടന്നു പോയത്. ഈ വർഷത്തെ ആദ്യ 5 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അന്താരാഷ്ട്ര വിഭാഗത്തിലും ആഭ്യന്തര സെക്ടറിലും കൂടി 15,56,366 യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. സിയാൽ എം ഡി യായ എസ് സുഹാസ് ചൂണ്ടി കാണിക്കുന്നത് കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കിയ ചില നടപടികൾ വിമാനയാത്രാ സഞ്ചാരികൾക്ക് കൂടുതൽ ധൈര്യത്തോടെ കേരളത്തിലേക് യാത്രചെയ്യുന്നതിന് പ്രചോദനമായി എന്നാണ്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2020 ൽ സിയാൽ രാജ്യത്തെ ഏറ്റവും തിരക്കുള്ള നാലാമത്തെ വിമാനത്താവളമെന്ന പദവിയിൽ നിന്നാണ് ഇന്ന് ഒരുപടി മുന്നിലെത്തിയിരിക്കുന്നത്. അന്ന് ബാഗ്ലൂർ വിമാനത്താവളമാണ് കൊച്ചിക്ക് മുന്നിൽ സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ കോവിഡിന് മുൻപുള്ള കാലഘട്ടത്തിൽ ആഭ്യന്തര വിഭാഗത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം രാജ്യത്ത് ഏഴാം സ്ഥാനത്തായിരുന്നു. പോയ വർഷത്തെയും ഈ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകളും സിയാലിനും കൊച്ചിക്കും നൽകുന്നത് ശുഭ പ്രതീക്ഷയുടെ നാളുകളാണ്.