സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ ജില്ലയെ കൈപിടിച്ച് നടത്തിയ എസ് സുഹാസ് ജില്ലാ നായക സ്ഥാനത്ത് നിന്ന് ഇന്ന് പടിയിറങ്ങി. പ്രോട്ടോകോൾ പ്രകാരം കല്ലെക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജാഫർ മാലിക് നിയുക്ത എറണാകുളം ജില്ലാ കലക്ടർ ആയി ചുമതലയേറ്റു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് നേതൃത്വ പദവിയിൽ നിന്നാണ് അദ്ദേഹം ജില്ലാ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ അദ്ദേഹത്തിന്റെ കേരളത്തിലെ ആദ്യ നിയമനം ഇടുക്കിയിലായിരുന്നു. പിന്നീട് മലപ്പുറം കളക്ടർ ആയി സേവനം അനുഷ്ടിച്ച ശേഷമാണ് എറണാകുളത്തേക്ക് വരുന്നത്. കുറച്ചു കാലം കൊച്ചി സ്മാർട്ട് മിഷന്റ്റെ അമരത്തും അദ്ദേഹം ഉണ്ടായിരുന്നു. ഏറെ കൗതുകകരമായ കാര്യം അദ്ദേഹത്തിന്റെ ഭാര്യ അഫ്സാനയും കളക്ടറേറ്റിലെ തന്നെ ജില്ലാ ഡെവലൊപ്മെന്റ് കമ്മീഷണറായി പ്രവൃത്തിക്കുന്നതിന് പുറമേ കൊച്ചി സ്മാർട്ട് മിഷന്റെയും മെട്രോ പോളിറ്റൻ ട്രാൻസ്പോർട് അതോറിറ്റിയുടെയും ചീഫ് എക്സിക്യൂട്ടീവ് ചുമലതകളും നിർവഹിക്കുന്നുണ്ട്. ദമ്പതികൾ ഒരുമിച്ചു ജില്ലയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന ഒരപൂർവ്വ കാഴ്ചക്കാണ് ജില്ല ഇനി സാക്ഷ്യം വഹിക്കുക.
കർണാടക സ്വദേശിയായ എസ് സുഹാസ് കേരളത്തിലെ ഒദ്യോഗിക ജീവിതം ആരംഭിച്ചത് 2013ൽ എറണാകുളം അസിസ്റ്റന്റ് കളക്ടറായി ചുമതല ഏറ്റപ്പോഴാണ്. അതിനു ശേഷം കുറച്ചു നാൾ തിരുവന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടർ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വർഷം ചിലവഴിച്ചശേഷം വീണ്ടും ഒരു നിയോഗം പോലെ എറണാകുളത്തേക്കു കളക്ടർ ആയി നിയോഗിക്കപ്പെട്ടു. 2018, 2019 എന്നീ വർഷങ്ങളിലെ വെള്ളപ്പൊക്കം, തൊട്ടടുത്ത വർഷങ്ങളിലെ മഹാമാരിയും ലോക്ക് ഡൗണുകളും കോവിഡ് കാലത്തെ പഞ്ചായത്ത് -അസംബ്ലി തിരഞ്ഞടുപ്പുകൾ എന്നിങ്ങനെ നിരവധി അഗ്നി പരീക്ഷകളെ നേരിട്ട് ജില്ലയിലെ ജനങ്ങൾക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. .
എല്ലാ പ്രവർത്തനങ്ങൾക്കും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കക്ഷി രാഷ്രീയഭേദമില്ലാതെ പൊതു നൻമ്മക്കായി പ്രവർത്തിച്ച ജനപ്രതിനിധികൾക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.