മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കര കുറിപ്പിന് ആദരമായി അദ്ദേഹത്തിന്റെ ജന്മനാടായ എറണാകുളത്ത് ഒരു സ്മാരകം നിർമ്മിക്കാനുള്ള ദീർഘകാലമായി തുടരുന്ന ശ്രമങ്ങൾ ഒടുവിൽ ഫലപ്രാപ്തിയിലേക്ക്. ഇതിനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ ഇന്നലെ തലസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഹൈകോടതിക്ക് സമീപം കണ്ടെത്തിയ സ്ഥലത്താണ് സ്മാരകം നിർമ്മിക്കുവാൻ ലക്ഷ്യമിടുന്നത്.
ഏകദേശം 3 കോടി രൂപയാണ് പദ്ധതി ചിലവ് കണക്കാക്കുന്നത്. പ്രശസ്തനായ ആര്‍ക്കിടെക്ട് ശ്രീ. ഗോപകുമാര്‍ ആണ് നഗരസഭ ക്ക് വേണ്ടി ഡിസൈന്‍ തയ്യാറാക്കിയത്. ചെറു വനമാണ് സ്മാരകത്തിന്റെ ആദ്യ ഘട്ടത്തിൽ പൂർത്തീകരിക്കുക. ഇതിനോട് ചേർന്ന് തന്നെ സന്ദർശക മുറി, റിസപ്ഷൻ, ഇൻഫോർമേഷൻ സെന്റ്റെർ, ആർട്ട് ഗ്യാലറി, ശബ്ദ വിന്യാസത്തോടു കൂടിയ കവിത മ്യൂസിയം നോളഡ്ജ് പാർക്ക് എന്നിവയെല്ലാം ഈ സ്മാരകത്തിന്റെ ഭാഗമാകും. പരമ്പരാഗത കാവുകളും അതിനോട് ചേർന്ന് നിൽക്കുന്ന വൃക്ഷങ്ങളും ചെടികളുമൊക്കെ ഇവിടുത്തെ മനോഹാരിത വർധിപ്പിക്കും. ആർട്ട് – കലാ രംഗത്തെ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി കൊണ്ട് പദ്ധതിയുടെ കൂടുതൽ വിപുലീകരണവും ഇതിനോടൊപ്പം ലക്ഷ്യമിടുന്നു.
മഹാകവി ജി. ശങ്കരകുറുപ്പിന് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനം ഏറെ പഴക്കം ചെന്നതാണ്.
ഫണ്ട് ലഭ്യതയായിരുന്നു പ്രധാന പ്രശ്നമായി നിലകൊണ്ടത്. നിലവിൽ തയ്യാറാക്കിയിട്ടുളള ഡി.പി.ആര്. പ്രകാരം 3 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ 1.8 കോടി രൂപ അമൃത് ഫണ്ടില്‍ നിന്നും ചെലവഴിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. 50 ലക്ഷം രൂപ ജനകീയാസൂത്രണ പദ്ധതിയില്‍ നിന്നും നേരത്തെ അനുവദിച്ചിരുന്നു. ബാക്കി 70 ലക്ഷം രൂപ നഗരസഭ കണ്ടെത്തും.
പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം കിട്ടിയ ശേഷം ടെണ്ടര്‍ നടപടികളുമായി മുന്നോട്ടു പോകുവാനാണ് കൊച്ചി കോർപറേഷൻ ശ്രമിക്കുന്നത്.