പ്രകൃതിരമണീയമായ കടമക്കുടി ദ്വീപ് മേഖലയിൽ ഒരു സമഗ്ര ടുറിസം വികസന പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന ടുറിസം വകുപ്പ് തയാറെടുക്കുന്നു. ഇവിടുത്തെ ദ്വീപുകളുടെ സ്വച്ഛതയും സവിശേഷമായ പ്രകൃതി സൗന്ദര്യവും. പരിസ്ഥിതി അനുകൂല സാഹചര്യങ്ങളും നിലനിർത്തി കൊണ്ട് ചെലവ് കുറഞ്ഞ രീതിയിൽ ‘ഐലൻഡ് ലിവിങ് മ്യൂസിയം’ എന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അതിവിശാലമായ കായൽ പരപ്പിൽ വസിക്കുന്ന ദ്വീപുനിവാസികളുടെ ജീവിതരീതികളും പരമ്പരാഗത തൊഴിലുകളും സാമൂഹിക പശ്ചാത്തലങ്ങളും മറ്റു പ്രകൃതി വിഭവസമൃദ്ധികളും എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു നൂതന അവതരണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം ഒരു കോടി രൂപ ചിലവ് കണക്കാക്കുന്ന ഈ പദ്ധതി മൂന്ന് ഘട്ടങ്ങളിൽ ഉൾപ്പെടുത്തി അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കും.
ദ്വീപുകളിലെ തദ്ദേശീയമായ പൊക്കാളി അരി, ചെമ്മീൻ, മറ്റ് മൽസ്യ സമ്പത്ത്, താറാവ്, നാടൻ കോഴികൾ തുടങ്ങിയ തനത് വിഭവങ്ങളും ഉൽപ്പന്നങ്ങളും വിറ്റഴിക്കാനുള്ള വേദിയായി ഈ മ്യൂസിയം പദ്ധതി മാറും. ഇതിലൂടെ പ്രദേശവാസികളായ കർഷകർക്ക് ഒരു വരുമാന മാർഗം സൃഷ്ടിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു. മാത്രമല്ല പ്രദേശത്തെ പൊക്കാളി പാടങ്ങളും, മൽസ്യ കെട്ടുകളും തനത് സ്വാഭിവകതയോടെ മ്യൂസിയത്തിന്റെ ഭാഗമായി മാറ്റിയെടുക്കും വൻ തോതിൽ തൊഴിലവസരണങ്ങൾ സൃഷ്ടിച്ചു കൊണ്ട് കടമക്കുടി മേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
കടമകുടിയിൽ സീസൺ അനുസരിച്ചു വിരുന്നെത്തുന്ന ദേശാടനക്കിളികളെ നിരീക്ഷിക്കുവാനും ചിത്രങ്ങളെടുക്കുവാനും സംസ്ഥാനത്തിന്റ പലഭാഗങ്ങളിൽ നിന്ന് ധാരാളം പേർ ഇവിടെ സന്ദർശിക്കാറുണ്ട്. ഇവിടുത്തെ സൂര്യോദയ -സൂര്യാസ്തമന കാഴ്ചകൾ ഏറെ പ്രസിദ്ധമാണ്. ഈ ഘടകങ്ങൾ എല്ലാം ഉൾകൊള്ളിച്ചു കൊണ്ടാവും മ്യൂസിയം പദ്ധതിയുടെ അന്തിമ രൂപം തയ്യാറാവുക. ഇതിനു പുറമെ ദ്വീപുകളിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വേണ്ടി മീൻ പിടുത്തം, മൽസ്യം വിൽപ്പന, ഫ്ളോട്ടിങ് റെറ്റോറന്റുകളിലെ ഉല്ലാസ യാത്ര, നാടൻ വള്ളങ്ങളിലെ ജല യാത്ര, ബോട്ട് പോയിന്റുകൾ, ദ്വീപുകളിലെ കുട്ടികളുടെ കല – വിനോദ പ്രദർശനങ്ങൾക്കുള്ള ഗാലറികൾ, ഹോം സ്റ്റേ എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടേറെ കാര്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നുണ്ട്.