നിരന്തരമായി വാഹനങ്ങളുടെ ഹോൺ പ്രവർത്തിപ്പിക്കുന്നത് മൂലം സാധാരണകാരെ ബാധിക്കാൻ സാധ്യതയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പൊതു സമൂഹത്തിനു ബോധവത്കരിക്കുവാനയി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്തു വാക്കത്തോൺ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 6.30 ന് കലൂർ ഐ എം എ ഹാളിൽ നിന്നാരംഭിച്ച വാക്കത്തോൺ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തു കൂടി കടന്ന് സ്റ്റേഡിയം റോഡ് വഴി തിരികെ ഐ എം എ ഓഫീസിനു മുന്നിൽ അവസാനിച്ചു. സംസ്ഥാന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ പിന്തുണയോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. വർധിച്ചു വരുന്ന ശബ്ദ മലീനീകരണം ജനങ്ങളുടെ ആരോഗ്യ നിലവാരത്തെ അപകടകരമായ രീതിയിൽ ബാധിക്കുന്നതിനെ വലിയൊരു സാമൂഹ്യ വിപത്തായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വാക്കത്തോൺ സമാപന അവസരത്തിൽ സംസാരിച്ച പ്രമുഖ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
