കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടപ്പളി ചങ്ങമ്പുഴ പാർക്കിൽ നടന്നു വരുന്ന ഞാറ്റുവേല പൈതൃകോത്സവത്തിന് നാളെ തിരശീല വീഴും. കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ തനതായ കലാരൂപങ്ങളും, നാടൻ ഉൽപ്പന്നങ്ങളും, ആയുർവേദ ഉൽപ്പന്നങ്ങളും ഭക്ഷണ വൈവിധ്യവും എല്ലാം ഉൾപ്പെട്ട ഈ മേള ചുരുങ്ങിയ ദിവസങ്ങൾക്കുളിൽ ഒട്ടേറെ പേരെയാണ് ഇവിടേക്ക് ആകർഷിച്ചത്. പ്രകൃതിയും മണ്ണും ചേർന്ന് നമ്മുടെ ജൈവ വൈവിധ്യത്തിലും ജീവിത രീതികളിലും വരുത്തിയിരിക്കുന്ന നന്മകളെ പുതു തലമുറക്കും മറ്റുള്ളവർക്കും പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്.
കൂത്താമ്പുള്ളി, ബാലരാമപുരം കൈത്തറികൾക്കൊപ്പം 20 വർഷം വരെ കളർ ഇളകാതെ നിലനിൽക്കുന്ന കാസർകോട് സാരികളും മേളയുടെ പ്രധാന ആകർഷണമാണ്. ജി ഐ ടാഗ് നേടിയ അരി, വസ്ത്രങ്ങൾ, ഔഷധ കൂട്ടുകൾ, കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ, വ്യത്യസ്തമായ നാടൻ ഭക്ഷണ രുചികൾ, പ്രകൃതിദത്ത അച്ചാറുകൾ,, അപൂർവ പുസ്തകങ്ങൾ, ചിത്ര രചനകൾ, , കളിമൺ പാത്രങ്ങൾ, എന്നിവയെല്ലാം മേളയുടെ പ്രാധാന്യം വർധിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ കലാ സാംസ്കാരിക വൈവിധ്യങ്ങളെ കുറിച്ചുള്ള പ്രഭാഷങ്ങളും മറ്റ് പരമ്പരാഗത കലാപരിപാടികളും ഇതിനോടൊപ്പം തന്നെ മുഖ്യ വേദിയിൽ എല്ലാ ദിവസങ്ങളിലും വൈകിട്ട് നടന്നു വരുന്നു.