വന്യജീവിസംരക്ഷണ നിയമത്തിൽ ഉൾപെടുത്തിയ 10 സ്രാവ്-തിരണ്ടി ഇനങ്ങളുടെ തൽസ്ഥിതി വിവരങ്ങളെകുറിച്ച് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ധവളപത്രം തയ്യാറാക്കും
കൊച്ചി: വന്യജീവി സംരക്ഷണ നിയമത്തിലെ സ്രാവുകളുടെയും തിരണ്ടികളുടെയും സംരക്ഷിത പട്ടിക പുനപരിശോധനക്ക് വിധേയമാക്കണമെന്ന് വിദഗ്ധർ. വന്യജീവികൾക്കും കടൽ ജീവികൾക്കും ഒരേതരത്തിലുള്ള സംരക്ഷണനടപടികൾ പ്രായോഗികമല്ലെന്നും കടൽജീവികൾക്ക് പ്രത്യേകമായ പരിഗണന നൽകണമെന്നും മത്സ്യഗവേഷകർ അഭിപ്രായപ്പെട്ടു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ശിൽപശാലയിലാണ് നിർദേശം.
നിലവിൽ 10 സ്രാവ്-തിരണ്ടി ഇനങ്ങളാണ് സംരക്ഷിത പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇവയെ സംരക്ഷിതഗണത്തിലേക്ക് മാറ്റിയിട്ട് 20 വർഷം പിന്നിട്ടതിനാൽ ഈ സ്രാവ്-തിരണ്ടി ഇനങ്ങളുടെ തൽസ്ഥിതി വിവരങ്ങൾ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതുണ്ട്. സമുദ്രജീവജാലങ്ങളുടെയും മത്സ്യബന്ധനരീതികളുടെയും സങ്കീർണസ്വഭാവം പരിഗണിച്ച് കടൽജീവിവർഗങ്ങളുടെ സംരക്ഷണത്തിന് മാത്രമായി വന്യജീവിസംരക്ഷണ നിയമത്തിൽ പ്രത്യേക വ്യവസ്ഥ കൊണ്ടുവരാമെന്നും ശിൽപശാല നിർദേശിച്ചു.
സംരക്ഷിതപട്ടികയിലുൾപെടുത്തിയിട്ടുള്ള സ്രാവുകളുടെയും തിരണ്ടികളുടെയും തൽസ്ഥിതിവിവരങ്ങളെ കുറിച്ച് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ധവളപത്രം തയ്യാറാക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരുമായും മത്സ്യത്തൊഴിലാളി സമൂഹവുമായും കൂടിയാലോചനകൾ നടത്തിയ ശേഷം മേത്രമേ ഇതുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്താവൂ എന്നും ശിൽപശാല ആവശ്യപ്പെട്ടു. സ്രാവ്-തിരണ്ടിയിനങ്ങളുടമായി ബന്ധപ്പെട്ട ഗവേഷണം വ്യവസ്ഥാപിതമാക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ എല്ലാ ഗവേഷകരെയും ബന്ധിപ്പിക്കുന്ന ഗവേഷകശൃംഖല രൂപവൽരിക്കാനും നിർദേശമുണ്ട്.
ശേഷം, ശിൽപശാലയിലെ നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് മത്സ്യത്തൊഴിലാളി-സ്രാവ് വ്യാപാര പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. സ്രാവുകളുടെ ചിറകിന് കയറ്റുമതി നിരോധനം വന്നതോടെ സ്രാവ് പിടിക്കാൻ മാത്രമായി കടലിൽ പോകുന്നത് വളരെ കുറഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇത്തരം നയങ്ങൾ മത്സ്യത്തൊഴിലാളി സമൂഹത്തെ ഏത് രീതിയിലാണ് ബാധിച്ചതെന്ന് കണ്ടെത്താൻ സിഎംഎഫ്ആർഐ പഠനം നടത്തുമെന്ന് അടിത്തട്ട് മത്സ്യഗവേഷണ വിഭാഗം മേധാവി ഡോ പി യു സക്കറിയ പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ, എൻജിഒ ഗവേഷകർ എന്നിവർ മൂന്ന് ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ പങ്കെടുത്തു. ഡോ ഇ വിവേകാനന്ദൻ, ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ ടി എം നജ്മുദ്ദീൻ, എം മജീദ്, ജോയ്സ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.