തൃക്കാക്കരയിലെ മുനിസിപ്പൽ സ്റ്റേഡിയം നവീകരിച്ചു കൊണ്ട് ഒരു പുതിയ സ്പോർട്സ് അക്കാദമിക്ക് രൂപം നൽകുവാനുള്ള ആലോചനകൾ പുരോഗമിക്കുന്നു. ഇതിനായി സ്റ്റേഡിയം നല്ല തുക മുടക്കി അത്യാധുനിക രീതിയിൽ നവീകരിക്കേണ്ടി വരും. ഫുട്ബോൾ ഗ്രൗണ്ട്, അത്ലറ്റിക് ട്രാക്കുകൾ, മോഡേൺ ജിം, ബാഡ്മിന്റൺ – വോളീബോൾ കോർട്ടുകൾ, എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച പരിശീലന കേന്ദ്രമാക്കി ഈ സ്പോർട്സ് അക്കാദമിയെ മാറ്റുവാനാണ് ലക്ഷ്യമിടുന്നത്.
നവീകരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിനു പുറത്തെ പുറമ്പോക്ക് ഭൂമി കൂടി ഉൾപെടുത്തുവാനുകുമോയെന്നും പരിശോധിക്കുന്നുണ്ട്. പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഗ്യാലറി നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പദ്ധതി നടപ്പിലാവുകയാണെങ്കിൽ ശേഷിക്കുന്ന ഭാഗത്തു കൂടി ഗ്യാലറി നിർമ്മിച്ചേക്കും.ഇങ്ങനെ താഴത്തെ ഭാഗങ്ങൾ കടമുറികൾക്കോ മറ്റും വാടകക്ക് നൽകി വരുമാന മാർഗങ്ങൾ സുഗമമാക്കാൻ സാധിക്കും. കലൂരിലെ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നിലവിൽ ഇപ്രകാരം വർഷഷങ്ങളിൽ നിശ്ചിത വരുമാനം ആർജിക്കുന്നുണ്ട്. വരും കാലങ്ങളിൽ കൊച്ചിയിൽ നടക്കുന്ന പ്രധാന കായിക മത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ജില്ലാ ആസ്ഥാനാം എന്ന നിലയിലും സമീപത്തെ സീ – പോർട്ട് – എയർ – പോർട്ട് റോഡിന്റെ സാനിധ്യവും ഇവിടം കൂടുതൽ ആകർഷണീയമാക്കുന്നു. സാമ്പത്തിക ലഭ്യത പ്രധാന തടസമായി പലരും ഉയർത്തി കാണിക്കുന്നുണ്ടെങ്കിലും അതിനുള്ള വിവിധ പോംവഴികളും മുന്നിലുണ്ട്. ലഭ്യമായ നഗരസഭാ ഫണ്ടിന് പുറമേ എം പി, എം എൽ എ ഫണ്ടും മറ്റ് ഇതര ഏജൻസികൾ വഴി ലഭ്യമാകുന്ന ധനസഹായും എല്ലാം കൂട്ടി ചേർത്താൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ആദ്യഘട്ടത്തിൽ മാത്രം 5 കോടിയോളം രൂപ നവീകരണ പദ്ധതികൾക്കായി കണ്ടെത്തേണ്ടി വരും.