ഇനിയില്ല ആ സ്വരമാധുരി
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച ആ സ്വരമാധുരി ആരാധകരെ കടുത്ത ദുഃഖത്തിലാഴ്ത്തി കൊണ്ട് വിടവാങ്ങി. അനശ്വര ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിങ് ആര്ടിസ്റ്, എന്നിങ്ങനെ കലയുടെ വ്യത്യസ്ത മേഖലകളിലെല്ലാം എസ് പി ബി കടന്നു ചെല്ലുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നത്. 6 ദേശിയ പുരസ്കാരങ്ങൾ, 16 ഭാഷകളിലെ സാനിധ്യം, നാല്പത്തിനായിരത്തോളം പാട്ടുകൾ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സുദീർഘമായ പ്രൊഫൈൽ. ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ഇന്ന് ഉച്ചക്ക് അദ്ദേഹം ചെന്നൈയിലെ എം ജി എം ആശുപത്രിയിൽവച്ച് അന്ത്യാശ്വാസം വലിച്ചത്. കഴിഞ്ഞ മാസമാദ്യമാണ് അദ്ദേഹം കോവിഡ് രോഗ ബാധയെ തുടർന്ന് അല്പം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. എന്നാൽ കുറച്ചു കാലത്തെ അസ്വസ്ഥകൾക്ക് ശേഷം ഈ മാസാദ്യം കൂടുതൽ ആരോഗ്യവാനായി ആണ് കാണപ്പെട്ടത്. രോഗാവസ്ഥയിൽ നിന്നും പൂർണ മോചിതനായി ഈ മാസാവസാനത്തോടെ ആശുപത്രി വിടുമെന്നും ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഏതാനും ദിവസങ്ങൾക്കു മുൻപ് രോഗം വീണ്ടും കലശലായതും ഗുരുതുരാവസ്ഥയിലേക്കു വഴുതി വീണതും. സൂപ്പർ താരങ്ങളായ കമൽ ഹാസനും രജനികാന്തും അദ്ദേഹത്തെ ആശുപത്രയിൽ പോയി കണ്ടിരുന്നു. ഇന്നലെ ഉച്ചക്ക് ആ നാദം എന്നെന്നേക്കുമായി നിലച്ചു. പ്രായമായി എന്ന് പറയാൻ സാധിക്കാത്ത 74 മത്തെ വയസിലായിരുന്നു ആ അന്ത്യം സംഭവിച്ചത്.
എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ബാലു എന്ന വിളിപ്പേരിൽ സുഹൃത്തുക്കൾക്കിടയിലും സഹപ്രവർത്തകർ ഇടയിലും പ്രിയങ്കരനായിരുന്ന അദ്ദേഹം പൊതുരംഗത്തെ അറിയപ്പെട്ടിരുന്നത് എസ് പി ബി എന്ന ചുരക്ക പേരിലായിരുന്നു. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശിയാണ്. ഉപരിപഠനത്തിനായി മദ്രാസ് നഗരത്തിലേക്കു ചുവടു മാറ്റിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പഠന ഇടവളകളിൽ നഗരത്തിലെ സംഗീത പ്രേമികളായ ചില സുഹൃത്തുക്കൾക്കൊപ്പം ചെറിയ ഒരു മ്യൂസിക് ട്രൂപ്പ് ഉണ്ടാക്കുകയും ചില സംഗീത പരിപാടികളുമൊക്കെയായി സുഹൃത്ത് ബന്ധങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഇളയരാജ, സഹോദരൻ ഗംഗൈ അമരൻ എന്നിവരെല്ലാം അന്നത്തെ ആ സംഗീത വലയത്തിലെ സജീവഗങ്ങളായിരുന്നു.
പിൽക്കാലത്തു കലാരംഗത്ത് ചുവടുറപ്പിച്ച എല്ലാ സംഗീത സംവിധായകരുടെയും കീഴിൽ ഗാനങ്ങൾ ആലപിക്കാൻ അദ്ദേഹത്തിന് അവസരങ്ങൾ വന്നു ചേർന്നു.
ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 40,000 ൽ അധികം ഗാനങ്ങൾ പതിനാറോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉൾകൊള്ളിച്ചു ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. യേശുദാസിനു ശേഷം മികച്ച ഗായകനുള്ള ദേശിയ അവാർഡ് ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയതിനുള്ള റെക്കോഡും അദ്ദേഹത്തിന് സ്വന്തം. സംഗീത ലോകത്തെ അദ്ദേഹത്തിന്റെ വിശേഷങ്ങൾ പറഞ്ഞാൽ തീരാത്തതാണ്. പാടിയ ഒട്ടുമിക്ക ഗാനങ്ങളും ഇവർ ഗ്രീൻ ഹിറ്റുകളാക്കി മാറ്റി എന്നതാണ് അതിലെ ഏറ്റവും വലിയ സവിശേഷത.
ഡബ്ബിങ് ആർട്ടിസ്റ് മേഖലയിൽ എത്തപ്പെട്ടത് പോലെത്തന്നെ, അഭിനയ രംഗത്തേക്കുള്ള കടന്നു വരവും തികച്ചും യാദൃശ്ചികം എന്ന് പറയാം. ഇതിൽ സരസനായി പാടി അഭിനയിച്ച കഥാപാത്രങ്ങളും ഗൗരവക്കാരനായ സി ബി ഐ ഉദോഗസ്ഥനായ കഥാപാത്രങ്ങളും ഉൾപ്പെടുന്നു. തമിഴിലെ എല്ലാ മുൻനിര സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന അപൂർവ പ്രത്യകതയും ഈ ഗാനഗാന്ധർവനുണ്ട്.
കമൽ – രജനി ഇവരിൽ ആർക്കായിരിക്കും എസ് പി ബി യുടെ സ്വരമാധുരി കൂടുതൽ പ്രയോജനപ്പെട്ടിട്ടുണ്ടാവുക. ഏറെ കാലമായി സിനിമ രംഗത്ത് ഉയർന്നു കേൾക്കുന്ന ഒരു പതിവ് ചോദ്യമാണിത്. പ്രത്യക്ഷത്തിൽ കമൽ ഹാസൻ എന്ന സർവ കലാവല്ലഭനാണ് കൂടുതൽ പ്രയോജനം ആസ്വദിച്ചിട്ടുണ്ടാവുക എന്ന് തോന്നാമെങ്കിലും സ്റ്റൈൽ മന്നൻ രജനികാന്ത് ഒരു സൂപ്പർ സ്റ്റാർ ആകുമെന്ന് ആദ്യം പ്രഖ്യാപിച്ച എസ് പി ബി മികച്ച ഒട്ടേറെ ഗാനങ്ങളിലൂടെ രജനിയുടെ സ്റ്റാർഡും ഉറപ്പിക്കാൻ ഏറെ സഹായിച്ചു എന്നതാണ് വസ്തുത. മാത്രമല്ല രജനിയുടെ എല്ലാ ചിത്രങ്ങളിലെയും അദ്ദഹത്തിന്റെ ഇൻട്രോ സോങ് പാടിയിരിക്കുന്നത് എസ് പി ബി ആണെന്ന് കാണാം. രജനിയുടെ അവസാന റിലീസ് ചിത്രമായ ‘പേട്ട’ യിലും ഈ പതിവ് കൃത്യമായി പാലിച്ചിട്ടുണ്ട്. അക്കാര്യത്തിൽ രജനിയും നിർബന്ധം പുലർത്തിയിരുന്നു.
അപ്പുറത്ത് കമൽ ഹാസൻ എന്ന പ്രതിഭയുടെ പോപ്പുലാരിറ്റി വർധിപ്പിക്കുന്നതിൽ എസ് പി ബി വഹിച്ച പങ്ക് വളരെ വളരെ വലുതാണ്. ആദ്യം ഒരുപിടി മികച്ച ഗാനങ്ങളിലൂടെ, പിന്നെ കമലിന്റെ സംഭാഷണങ്ങൾ തെലുങ്ക് ഭാഷയിലേക്ക് മോഴി മാറ്റിയപ്പോൾ അതിന് അദ്ദേഹം തന്നെ ശബ്ദം നൽകുകയായിരുന്നു. ദശാവതാരം എന്ന ചിത്രത്തിൽ വിവിധ കഥാപാത്രങ്ങൾക്ക് ഒരേ സമയം തന്നെ വിവിധ ഭാവത്തിൽ മൊഴിഞ്ഞപ്പോൾ അത് മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. കമൽ – എസ് പി ബി ബന്ധം ജേഷ്ഠാനുജ തുല്യമായിരുന്നനെവെന്നു സിനിമാരംഗത്തെ നിരവധിപേർ സക്ഷ്യപെടുത്തിയിട്ടുണ്ട്
മാതൃഭാഷ യായ തെലുങ്കിന് പുറമെ തമിഴ്, കന്നഡ , മലയാളം, ഹിന്ദി എന്നിങ്ങനെ എല്ലാഭാഷകളിലും അദ്ദേഹം ആലാപനം ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ ഹിറ്റുകൾ
1960 കളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് സ്രേണിയിൽ സേതുമാധവൻ സംവിധാനം ചെയ്ത ‘കടൽപ്പാലം’ എന്ന ചിത്രത്തിലെ ‘ഈ കടലും ..മറുകടലും’ എന്ന മനോഹര ഗാനം ആലപിച്ചു കൊണ്ടായിരുന്നു മലയാളത്തിലേക്കുള്ള കടന്നു വരവ്. 1991 ൽ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന മമൂട്ടി ചിത്രത്തിലെ ‘താരാ പദം…’ എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിന്റെ മെയിൽ വേർഷൻ പാടിയത് അദ്ദേഹമാണ് എന്നുള്ളത് പലർക്കും അറിയാത്ത ഒരു വസ്തുതയാണ്. ‘കിലുക്കം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ‘ഊട്ടി പട്ടണം..’, രാജീവ് അഞ്ചൽ ഒരുക്കിയ ‘ബട്ടർഫ്ളൈസ് എന്ന ചിത്രത്തിലെ ‘പാൽ നിലവിലെ..’, സംഗീത ശിവൻ ഒരുക്കിയ ഗാന്ധർവം എന്ന ചിത്രത്തിലെ ‘നെഞ്ചിൽ കഞ്ചബാണം..’, പ്രതാപ് പോത്തന്റ്റെ രചനയിൽ മോഹൻലാൽ – ശിവാജി ഗണേശൻ കോമ്പിനേഷനിൽ പിറന്ന ഒരു യാത്രാമൊഴി എന്ന ചിത്രത്തിലെ ‘കാക്കാല കണ്ണമ്മ’ എന്നിങ്ങനെ അനവധി നിരവധി അവിസ്മരണീയ ഗാനങ്ങൾക്ക് ശബ്ദം നൽകിയ എസ് പി ബി മലയാളക്കരക്കും ഏറെ പ്രിയങ്കരനായിരുന്നു.
ചില വ്യക്തികളെ കുറിച്ച് എത്ര പറഞ്ഞാലും സംസാരിച്ചാലും എഴുതിയാലും തീരില്ല. അതൊരു അപൂർവ്വതയാണ്. അത്തരം വിഭാഗത്തിൽ പെടുന്ന ഒരാളാണ് ശ്രീ എസ് പി ബി. അദ്ദേഹം ആലപിച്ച ഗാനങ്ങൾ പോലെ തന്നെ, അദ്ദേഹത്തിന്റെ സ്മരണകളും വിശേഷങ്ങളും സംഭാവനകളും എന്നും ജനമനസ്സിൽ നിലനിൽക്കും. സംശയമില്ല.