പുഴകൾ നിറഞ്ഞ് ചീനവലകൾ, കായൽ മൽസ്യങ്ങൾക്കു വൻ ഡിമാൻഡ്.
പ്രാദേശിക മൽസ്യ ബന്ധനവും വിപണനവും കൂടുതൽ സജീവം.
നാളുകൾക്കു ശേഷം ചീനവലകളാൽ നിറഞ്ഞ് എറണാകുളത്തെ പുഴകൾ. കോവിഡ് ലോക്കഡൗണിനു ശേഷം 200 ൽ പരം ചീനവലകളാണ് എറണാകുളത്തെ പുഴകളിലും കായലുകളിലും ഉയർന്നിരിക്കുന്നത്. ജില്ലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട 2018 ലെ വെള്ളപൊക്കത്തിൽ 100 ഓളം ചീനവലകൾ നശിക്കപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതും ഇന്നും നീറുന്ന ഓർമ്മയായി മൽസ്യ കർഷകർകരുടെ മനസ്സിൽ നിലനിൽക്കുന്നു. അതു പഴയ കഥ. ഇന്ന് സ്ഥിതി അല്പം കൂടെ മെച്ചപ്പെട്ടിരിക്കുന്നു. 3 മാസത്തിലേറെയായി തുടരുന്ന ലോക്കഡൗണിൽ വലിയ മീൻ ചന്തകളിലേക്കു ആൾക്കാർക്ക് എത്തപ്പെടാൻ സാധിക്കാതിരുന്നത് പ്രാദേശിക മൽസ്യ കർഷകർക്ക് അനുഗ്രഹമായി തീർന്നു. മൽസ്യ ബന്ധന മേഖലയിലെ കടുത്ത തൊഴിലില്ലായ്മയും അതെ സമയം തന്നെ നാടൻ മൽസ്യങ്ങൾക്കു ആവശ്യക്കാർ ഏറിവന്നതും കൊച്ചിയിലും പരിസരത്തും ചീനവലകൾ കൂടുതൽ സജീവമാകുന്നതിനു കാരണമായി എന്ന് ഈ രംഗത്തെ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ വേലിയിറക്കത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന ചീനവലകൾ ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 2 മുതൽ രണ്ടരലക്ഷം രൂപ വരെ ആണ് ചീനവലകളുടെ നിർമാണ ചെലവ്. കട്ടിയുള്ള പൈപ്പുകൾ വെച്ചാണ് ഇതിന്റെ നിർമാണം. ചീനവലകളുടെ പ്രവർത്തനത്തിൽ പരമ്പരാഗത ശൈലി തുടരുന്നവരാണ് ഭൂരിപക്ഷവും. മോട്ടോറുകൾ ഉപയോഗിചുള്ള പ്രവർത്തന മാതൃക അവലംബിക്കുന്നവരും ധാരാളം. അതിഥി തൊഴിലാളികളെ വച്ച് വലകൾ പ്രവർത്തിപ്പിക്കുന്നവരും നാലോ അഞ്ചോ ചീനവലകൾ ബിസിനസ് ആയി നോക്കി നടത്തുന്നവരും ഇതിൽ ഉൾപ്പെടുന്നു എന്നാൽ ഈ മേഖലയിൽ സ്വയം തൊഴിലിനായി ജോലി ചെയ്യുന്നവരാണ് പകുതിയിൽ കൂടുതലും. കണക്കുകൾ അനുസരിച്ച 5000 ൽ ഏറെ ചീനവലകളാണ് ജില്ലയിലുള്ളത്. എന്നാൽ ആയിരത്തിൽ താഴെ ചീനവലകൾക്ക് മാത്രമേ ലൈസൻസ് ഒള്ളു. ചെറു വള്ളങ്ങളിലെ പരമ്പരാഗത ശൈലിയിൽ ഉള്ള മീൻപിടുത്തവും സജീവമാണ്. പുഴകളിൽ മത്സ്യത്തിന്റെ അളവ് ഗണ്യമായി കുറയുന്നതാണ് പരമ്പരാഗത മൽസ്യത്തൊഴിലാളികൾകളെ അലട്ടുന്ന മുഖ്യപ്രശ്നം. കൊച്ചിയിലെ കണ്ടെയ്നർ റോഡിൻറെ ഇരുവശത്തുമുള്ള കായൽ പരിസരത്തു തമ്പടിച്ചു മീൻപിടുത്തം നടത്തിപോന്ന, അന്യസംസ്ഥാനക്കാരായ ‘കുട്ട വഞ്ചി’ക്കാർ ഏറെ കാലമായി പ്രാദേശിക മൽസ്യ തൊഴിലാളികളുമായി അത്ര സൗഹ്രദത്തിൽ ആയിരുന്നില്ല. കഴിഞ്ഞ ആഴ്ച അധികൃതർ ഇറക്കിയ ഉത്തരവ് പ്രകാരം ഇക്കൂട്ടർക്ക് ഇനി ഈ മേഖലകളിൽ മൽസ്യബന്ധനം നടത്തുന്നതിന് വിലക്കു ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഈ ഉത്തരവിൻ പ്രകാരം അവരവരുടെ നാടുകളിൽ തിരികെ പോകുവാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള ചെറിയ ചില തടസങ്ങളും പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും, ഉൾനാടൻ മൽസ്യബന്ധന മേഖല സജീവമായിരിക്കുന്നത് ഈ രംഗത്ത് പുതിയ പ്രതീക്ഷകൾക്ക് വല വിരിച്ചിരിക്കുന്നു.