കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ വൻ നവീകരണ പ്രവർത്തങ്ങൾക്കുള്ള രൂപരേഖ തയാറായി. സ്ഥിരം വി വി ഐ പി സുരക്ഷിത മേഖലയും, സ്പെഷ്യൽ ജെറ്റ് ടെർമിനലും ബജറ്റ് ഹോട്ടലുകളുമെല്ലാം അടങ്ങിയ ഈ പദ്ധതി നടപ്പിൽ വരുന്നതോടെ സിയാൽ രാജ്യത്തെ ഏറ്റവും മുന്തിയ വിമാത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും.
രണ്ട് വർഷങ്ങൾക്കുമുൻപ്, 2019 ൽ ആഭ്യന്തര വിമാന സർവീസ് ഓപ്പറേഷനുകൾ പൂർണമായും അക്കാലത്ത് നവീകരിച്ച ഒന്നാം ടെർമിനലിലേക്കു മാറ്റിയിരുന്നു. ഇതോടെയാണ് രണ്ടാം ടെർമിനലിന്റെ പ്രവർത്തനം പൂർണമായും അവസാനിച്ചത്. വ്യോമയാന ഇതര വരുമാന മാർഗങ്ങൾ കണ്ടെത്താനും നടപ്പിലാക്കാനും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിയാൽ; അധികൃതർ നടത്തുന്ന നിരന്തര ശ്രമണങ്ങളുടെ അനന്തര ഫലമാണ് പുതിയ പദ്ധതികൾ.
പുതുക്കിയ രൂപരേഖ പ്രകാരം ബിസിനസ് ജെറ്റ് ടെർമിനൽ, വി ഐ പി സുരക്ഷിത മേഖല, കുറഞ്ഞ ചിലവിൽ അൽപ്പനേര വിശ്രമത്തിനോ താമസത്തിനോ മറ്റുമായി ബജറ്റ് ഹോട്ടലുകൾ, എന്നിവയെല്ലാം രണ്ടാം ടെർമിനലിന്റെ ഭാഗമായി ഉയരും. ഇതിനുപരിയായി എയർപോർട്ട് പരിസരത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
30,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനലുകളിൽ മൂന്ന് എക്സിക്യൂട്ടീവ് ലോഞ്ചുകൾ കസ്റ്റംസ് ഇമിഗ്രേഷൻ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരു കുടകീഴിൽ ഒരുക്കുവാനുള്ള പദ്ധതികളാണ് ഒന്നാം ബ്ലോക്കിൽ നടപ്പിൽ വരുത്തുന്നത്. രണ്ടാം ബ്ലോക്കിൽ 10,000 ചതുരശ്ര അടിയിൽ വി വി ഐ പി സ്ഥിരം സുരക്ഷാമേഖല ഒരുക്കുക്കുന്നത് മറ്റ് ആഭ്യന്തര വിമാന യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ്. 60,000 ചതുരശ്രഅടിയിൽ മൂന്നാം ബ്ലോക്കിൽ 50 മുറികളുള്ള ബജറ്റ് ഹോട്ടൽ പദ്ധതി യാഥാർഥ്യമാവുന്നതോടെ സംസ്ഥാനത്തിന്റെ ബിസിനസ് രംഗത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കാം. ഇവിടെ മുറി വാടക മണിക്കൂർ നിരക്കിൽ നിശ്ചയിക്കപ്പെടുന്നത് ഹൃസ്വ സന്ദർശനത്തിനെത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യപ്പെടും. ഈ പദ്ധതികളെല്ലാം ഒരു വർഷത്തിനുളിൽ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത് . സിയാലിന്റ്റെ വരുമാന മാർഗങ്ങൾ വർധിപ്പിക്കുവാൻ സഹായകമാവുന്ന ഈ പദ്ധതികൾക്ക് മുഖ്യമന്ത്രി ആധ്യക്ഷനായ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് അറിയിച്ചു.