കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പോലീസുകാർക്ക് ഊർജമായി സിഎംഎഫ്ആർഐ സഹായം
കൊച്ചി: നഗരത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കരുതൽ.
ആയിരം പോലീസുദ്യോഗസ്ഥർക്ക് എൻ-95 മാസ്കുകൾ, ഗ്ലൗസുകൾ, വെള്ളക്കുപ്പികൾ എന്നിവ എത്തിച്ചുനൽകിയാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിക്കുന്ന പോലീസിന് സിഎംഎഫ്ആർഐ കരുത്തുപകർന്നത്.
സിഎംഎഫ്ആർഐയുടെ സഹായം ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ എറണാകുളം സെൻട്രൽ സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ എ ജെ തോമസിന് നൽകി. സിഎംഎഫ്ആർഐ റക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സഹായം. സിഎംഎഫ്ആർഐ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ഹരീഷ് നായർ, സെൻട്രൽ പോലീസ് സ്റ്റേഷൻ പി ആർ ഒ ജോസ് കുരുവിള എന്നിവർ സംബന്ധിച്ചു.
സിഎംഎഫ്ആർഐയിലെ കൃഷിലോകം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷിയിൽ വിളവെടുത്ത കപ്പയും നഗരത്തിലെ പോലീസുകാർക്കിടയിൽ സിഎംഎഫ്ആർഐ സൗജന്യമായി വിതരണം ചെയ്തു. കസ്തൂർബ നഗർ കോളനിയിൽ കോവിഡ് ബാധിച്ചുകഴിയുന്ന കുടുംബങ്ങൾക്കും സിഎംഎഫ്ആർഐ കപ്പ എത്തിച്ചുനൽകി