രണ്ടാമതൊരു വിമാനവാഹിനി കപ്പൽ കൂടി നിർമിക്കാൻ കൊച്ചി ഷിപ്പ്യാർഡിന് സാധ്യതയേറി
ഉൾക്കടലിലെ പരീക്ഷണയജ്ഞങ്ങൾ വിജയകരമായി പൂർത്തിയാക്കി ഷിപ്യാർഡിലെ ബേസിൽ മടങ്ങിയെത്തിയ ഐ എൻ എസ് വിക്രാന്തിന് രാജകീയ സ്വീകരണമാണ് കപ്പൽ ശാല അധികൃതർ ഒരുക്കിയിരുന്നത്. സമുദ്ര പരീക്ഷണങ്ങൾ വൻ വിജയമായതോടെ മറ്റൊരു വിമാനവാഹിനി അല്ലെങ്കിൽ സമാനമായ മറ്റൊരു പദ്ധതികൂടി കപ്പൽ ശാലയെ തേടിയെത്തിയേക്കുമെന്ന് അറിയുന്നു. ഇത് സംബന്ധിച്ചു ഒദ്യോഗിക സ്ഥീരീകരണങ്ങൾ ഒന്നും തന്നെ ഇത് വരെ പുറത്തുവന്നിട്ടില്ല. നിലവിൽ 2,000 കോടി രൂപ ചിലവിൽ കപ്പൽ ശാലയിൽ നിർമ്മാണം പുരോഗമിക്കുന്ന കൂറ്റൻ ഡ്രൈ ഡോക്ക് രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കരുതപ്പെടുന്നു. ഇത് പ്രവർത്തന സജ്ജമായ ശേഷം മദർ വെസെലുകളുൾപ്പടെയുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകും. കോവിഡ് പ്രതിസന്ധികൾക്കിടയിലും വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ കാലതാമസം സംഭവിച്ചില്ല എന്നതും കൊച്ചി കപ്പൽ ശാലയുടെ പ്രവർത്തനമികവിനുള്ള അംഗീകാരമായി പലരും കരുതുന്നു. വീണ്ടും ഒരു വിമാന വാഹിനി കപ്പലിന്റെ നിർമ്മാണ കരാർ ലഭിച്ചാൽ 7 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്.

