മെയ് 10 തിങ്കളാഴ്ച. എല്ലാദിവസവുംപോലെ പതിവ് കോവിഡ് അവലോകന കണക്കുകളും അന്തി ചർച്ചകളുമൊക്കെയായി രാത്രി സമയം തള്ളി നീക്കികൊണ്ടിരുന്ന മലയാളികൾക്ക് മുന്നിൽ ഒരു ഇടിമിന്നൽ പോലെയാണ് ആ ഫ്ലാഷ് ന്യൂസ് സ്ക്രീനിൽ മിന്നിയത്. ‘പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു’. അപ്രതീക്ഷമായ ആ വാർത്ത കേട്ട് മലയാള സിനിമാലോകവും ചലച്ചിത്ര പ്രേമികളും ഒരുപ്പോലെ അമ്പരന്നു. പിന്നാലെ ചലച്ചിത്ര പ്രതിഭകളുടെയും സൂപ്പർ താരങ്ങളുടെയും പ്രതികരണങ്ങളുടെ കുത്തൊഴിക്കിൽ പ്രേക്ഷകർ നീന്തിയടുത്തത് ‘ നൊസ്റ്റാൾജിക് 1980 കൾ’ എന്ന മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ടത്തിലേക്കായിരുന്നു. മലയാള സിനിമക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന നിരവധി ക്ലാസിക് ചിത്രങ്ങളുടെ പിറവി ഏതാണ്ട് ആ കാലഘട്ടത്തിലാണ് തുടങ്ങിയതെന്ന് നിസംശയം പറയാൻ സാധിക്കും. അതിൽ ഏറെ പ്രധാനം, പിൽകാലത്ത് ഇന്ത്യൻ സിനിമയുടെ തന്നെ വാഗ്ദാനങ്ങളായി തീർന്ന മമ്മൂട്ടി, മോഹൻലാൽ എന്നീ രണ്ട് അഭിനയ രത്നങ്ങളുടെ ജനകീയ അടിത്തറ ഉറപ്പിക്കുന്ന നിരവധി ചിത്രങ്ങളുണ്ടായി എന്നതാണ്. അതിന്റെ അമരക്കാരിൽ പ്രധാനി ആയിരുന്നു ഡെന്നിസ് ജോസഫ് എന്ന ഏറ്റുമാനൂർക്കാരൻ.
സിനിമയുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബപശ്ചാത്തലമായിരുന്നെങ്കിലും സ്വപ്രയ്തനത്തിലൂടെയാണ് അദ്ദേഹം സിനിമയിലെ വിജയകിരീടം ചൂടിയതെന്ന് അദ്ദേഹത്തിന്റെ ജീവിതകഥ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റുമാനൂരിലെ പുരാതന കത്തോലിക്കാ കുടുംബാഗമായ ഡെന്നിസിനെ ചെറുപ്പത്തിൽ സ്വാധീനിച്ചത് അമ്മാവന്റെയും ചിറ്റപ്പന്റെയും സിനിമ ബന്ധങ്ങൾ തന്നെയായിരുന്നു. അമ്മയുടെ മൂത്ത സഹോദരൻ ജോസ് പ്രകാശ് മലയാളത്തിലെ അക്കാലത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ പ്രധാനിയായിരുന്നു. മറ്റൊരു സഹോദരൻ പ്രേം പ്രകാശ് ഇന്നും സിനിമയുടെ നിർമ്മാണ മേഖലയിലും അഭിനയ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. അച്ഛന്റെ സഹോദരൻ ഫ്രാൻസിസ് ആദ്യമായി സഹ നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയാണ് ജയൻ എന്ന അതുല്യ നടന്റെ അരങ്ങേറ്റം നടന്നത് എന്നത് മറ്റൊരു കൗതുകം. ഇങ്ങനെ സമ്പന്നമായ ഒരു സിനിമപശ്ചാത്തലത്തിൽ വളർന്നത് കൊണ്ടാകാം കുട്ടികാലം മുതലേ ആ രംഗത്ത് പേരെടുക്കണം എന്നൊരു ആഗ്രഹം ഡെനീസിൽ മുളപൊട്ടിയിരുന്നു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ അതിനനുകൂലമായിരുന്നില്ല. വ്യോമസേന ജീവനക്കാരനായ അച്ഛനും സ്കൂൾ അധ്യാപികയായ അമ്മക്കും മകൻ ഉയർന്ന വിദ്യാഭാസത്തോടെ സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ജോലി സമ്പാദിക്കണം എന്നതായിരുന്നു ആഗ്രഹം. കുറവിലങ്ങാട് ദേവമാതാ കോളേജിലെ പഠനകാലത്തും കൂട്ടുകാരുമായി സിനിമ വിശേഷങ്ങൾ ചർച്ച ചെയ്യുന്നതിലായിരുന്നു ഡേന്നിസിന് താല്പര്യം.
അക്കാലത്തെ സുഹൃത്തുക്കളും സഹപാഠികളും സമാന ചിന്താഗതികരായിരുന്നു എന്നതാണ് വാസ്തവം. പിൽകാലത്ത് മലയാസിനിമയുടെ പോസ്റ്റർ ഡിസൈനിങ് രംഗത്ത് ചരിത്രപരമായ മാറ്റത്തിനു വഴി തെളിച്ച ഗായത്രി അശോകനും, മലയാള മനോരമയുടെ എക്കാലത്തെയും മികച്ച ഫോട്ടോഗ്രാഫർ ആയി പേരെടുക്കുകയും അകാലത്തിൽ അപകടമരണം സംഭവിക്കുകയും ചെയ്ത വിക്റ്റർ ജോർജും, പ്രമുഖ ക്യാമറമാനായി തിളങ്ങിയ സണ്ണി ജോസെഫുമൊക്കെ ആ സുഹൃത് സംഘത്തിലെ പ്രധാനികൾ ആയിരുന്നു. കോളേജിൽ തന്റെ കെമിസ്ട്രി അധ്യാപകനായിരുന്ന ബാബു നമ്പൂതിരി എന്ന സ്റ്റൈലൻ അധ്യാപകന് ‘നിറക്കൂട്ട്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ ഒരു സ്ഥാനം നൽകാനായതും ജീവിതാവസാനം വരെ അദ്ദേഹം കൃതജ്ഞതയോടെ ഓർത്തിരുന്നു.
സിനിമകൾ നിർമ്മിച്ച് പരാജയപ്പെട്ട് അമേരിക്കയിലേക്ക് കുടിയേറിയ അച്ഛന്റെ സഹോദരൻ ഫ്രാൻസിസ്, ഡെന്നിസിനെയും അവിടേക്ക് ക്ഷണിച്ചു. യുഎസിൽ കൂടുതൽ ജോലി സാധ്യതയുള്ള മെഡിക്കൽ കോഴ്സ് എന്തങ്കിലും പഠിച്ചാൽ അവിടെ സുഭദ്രമായ ഒരു ജീവിതം കരുപിടിക്കാമെന്ന പ്രലോഭനം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡി ഫാം ആദ്യ ബാച്ചിൽ ആയിരുന്നു. ആ ബാച്ചിലെ ഏക പുരുഷ വിദ്യാർത്ഥിയായിരുന്നു അൽപ്പം അന്തർമുഖനായ ഡെന്നിസ്. തൽക്കാലം കുടുമ്പാഗങ്ങളെ നിരാശപെടുത്താതെ അമേരിക്കയിൽ എത്തിയ ശേഷം എന്തെങ്കിലും മികച്ച യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലിം മേക്കിങ് ഡിഗ്രി സമ്പാദിക്കാം എന്നതിയിരുന്നു അദ്ദേഹം മനസ്സിൽ കണ്ടത്. എന്നാൽ സിനിമാരംഗം സാവധാനം പച്ചപിടിച്ചു വന്നിരുന്ന കൊച്ചി നഗരം തന്റെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള എസ് ആർ എം റോഡിലെ ‘നൈസാ’ എന്ന ലോഡ്ജിലായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ താമസം. ഇതിന് തൊട്ടു പിന്നിലെ കെട്ടിടത്തിലായിരുന്നു പ്രമുഖ കാർട്ടൂണിസ്റ്റ് ബി എം ഗഫ്ഫൂർ താമസിച്ചിരുന്നത്. കാർട്ടൂൺ രംഗത്ത് ഏറെ പ്രശസ്തനായ ഇദ്ദേഹം അക്കാലത്ത് ‘കട്ട് – കട്ട്’ എന്നൊരു മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. ഡെന്നിസിന്റെ രീതികൾ ഏറെ ഇഷ്ടപെട്ട ഗഫുർ മാഗസിന്റെ സബ് എഡിറ്റർ ആയി അദ്ദേഹത്തെ നിയമിച്ചു. മെഡിക്കൽ കോഴ്സ് പൂർത്തിയായ ശേഷം നഗരം വിട്ട് ഏറ്റുമാനൂരിലേക്ക് മടങ്ങേടി വരുമോ എന്ന് ശങ്കിച്ചു നിന്നിരുന്ന ഡെന്നീസിന് ഈ ജോലി ഒരു താൽകാലിക ആശ്വാസമായി മാറി. ജോലി സംബന്ധമായി അക്കാലത്തെ തലമുതിർന്ന രാഷ്ട്രീയ നേതാക്കളായ എ കെ ആന്റണി, കെ കരുണാകരൻ, പി സി ചാക്കോ എന്നിവരെയെല്ലാം പോയി കാണുകയും ഇന്ററർവ്യൂ എടുക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്തു തന്നെ ബാല്യകാല സുഹൃത്തായ ഗായത്രി അശോകനും മെച്ചപ്പെട്ട അവസരങ്ങൾ തേടി എറണാകുളത്ത് ഡെന്നിസിനൊപ്പം കൂടിയിരുന്നു.
മാഗസിൻ പ്രതിസന്ധിയിലായപ്പോൾ പ്രസിന്റെ നിയന്ത്രണം നേരിട്ട് എടുത്തു കൊണ്ട് പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ് രംഗത്ത് ഏറെ സജീവമായി ഇരുവരും. ഇതിനിടയിലാണ് അശോകൻ ചെയ്ത ‘കൂടവിടെ’ എന്ന ചിത്രത്തിൻറെ പോസ്റ്റർ ഏറെ ശ്രദ്ധേയമായത്. ആ ഒരൊറ്റ വർക്കിലൂടെ ഗായത്രി അശോകൻ മലയാള സിനിമാ രംഗത്ത് സ്ഥാനമുറപ്പിച്ചു. ഇതോടെ ഡെന്നിസിന്റെയും സിനിമാ സൗഹൃദങ്ങൾ കൂടി വന്നു.
ഏറെ ആലോചനകൾക്ക് ശേഷം ആദ്യമായി രചിച്ച തിരക്കഥ അക്കാലത്തെ മുൻനിര സംവിധായകനായായിരുന്ന ചന്ദ്രകുമാർ അവിചാരിതമായി കാണാനിടയായതാണ് ഡെന്നിസിലെ രചയിതാവിനെ ഫുൾ സ്വിങ്ങിലേക്ക് തിരിച്ചു വിട്ടതെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രകുമാറിന് അത് സിനിമയാക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം ചൊരിഞ്ഞ പ്രശംസ തിരക്കഥാരംഗത്തു കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ അദ്ദേഹത്തിന് പ്രേരണയായി. പിന്നീട് ഈ തിരക്കഥയിൽ പരിചയ സമ്പന്നനായ ജോൺ പോളിനെ കൊണ്ട് ഒരു പൊളിച്ചെഴുത്ത് നടത്തി സംവിധായകൻ ജേസി ‘ഈറൻസന്ധ്യ’ എന്ന ചിത്രം സ്ക്രീനിൽ എത്തിച്ചു. ചിത്രത്തിലെ ഡെന്നിസ് ടച്ച് തിരിച്ചറിഞ്ഞ നായകൻ മമ്മൂട്ടി അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കുകയും നിർമ്മാതാവായ ജൂബിലി ജോയിയെ പരിചയപ്പെടുത്തുകയും ചെയ്തു. ജോയി വഴി സംവിധായകൻ ജോഷിയിലേക്ക് എത്തിചേർന്നു. അവിടെനിന്നാണ് ‘നിറക്കൂട്ട്’ എന്ന വൻ ഹിറ്റ് ചിത്രത്തിന്റെ പിറവി ഉടലെടുക്കുന്നത്. ജോഷിയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട തമ്പി കണ്ണന്താനം രാജാവിന്റെ മകൻ എന്ന സൂപ്പർ ഹിറ്റിലൂടെ മോഹൻലാലിൻറെ സൗഹൃദ വലയത്തിലേക്കും ഡെന്നിസിനെ നയിച്ചു.
പിനീടുള്ള ചരിത്രം മലയാള സിനിമാപ്രേക്ഷകർക്ക് സുപരിചിതമാണ്. നിറക്കൂട്ടിനു പിന്നാലെ വന്ന ശ്യാമയും വലിയ വിജയമായി. മലയാളത്തിലെ തലമുതിർന്ന എല്ലാ സംവിധായകർക്കുമായി അദ്ദേഹത്തിന്റെ പേന നിരന്തരം ചലിച്ചുകൊണ്ടേയിരുന്നു. ജോഷിക്കും തമ്പി കണ്ണന്താനത്തിനും പുറമേ കെ ജി ജോർജ്, ഭരതൻ, ഹരിഹരൻ, ടി എസ് സുരേഷ് ബാബു, ടി കെ രാജീവ്കുമാർ, ഐ വി ശശി, ജേസി, ഷാജി കൈലാസ്, പ്രിയദർശൻ, സംഗീത് ശിവൻ എന്നിങ്ങനെയുള്ള മുൻനിര സംവിധായകർക്കെല്ലാം വേണ്ടി അദ്ദേഹം തിരകഥകൾ രചിച്ചു. മമ്മൂട്ടിയുടെ കരിയറിലെ വഴിത്തിരിവായ ‘ന്യൂ ഡൽഹി’ എന്ന ചിത്രത്തിന്റെ തിരക്കഥ ‘ഷോലേ’ ക്കു ശേഷമുള്ള ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്നു വിശേഷിപ്പിച്ചത് സാക്ഷാൽ മണിരത്നം ആയിരുന്നു. ‘അഞ്ജലി’ എന്ന തന്റെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കാൻ അദ്ദേഹം ഡെനിസിനെ ക്ഷണിച്ചു. എന്നാൽ അപ്രതീക്ഷമായി അന്നൗൻസ് ചെയ്ത ജോഷിയുടെ മമ്മൂട്ടി – മോഹൻലാൽ ചിത്രമായാ ‘നമ്പർ 20 മദ്രാസ് മെയിലിന്’ തിരക്കഥയൊരുക്കാനുള്ള സമ്മർദ്ദം മൂലം മണിരത്നം ചിത്രത്തിൽ നിന്ന് പാതിവഴിക്ക് അദ്ദേഹം പിൻവാങ്ങി. അഞ്ജലി എന്ന ചിത്രത്തിൽ പ്രഭു അവതരിപ്പിച്ച സെമി വില്ലൻ കഥാപാത്രത്തിന് ‘ഡെന്നിസ് ജോസഫ്’ എന്ന പേരു നൽകി കൊണ്ട് മണിരത്നം ‘പ്രതികാരം’ ചെയ്ത കഥ പലപ്പോഴും അദ്ദേഹം നർമ്മത്തോടെ ഓർത്തെടുക്കാറുണ്ട്. 2 ദശാബ്ദത്തോള്ളം നീണ്ടു നിന്ന കരിയറിൽ ഏതാണ്ട് 45 ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ആദ്യമായി സംവിധാനം ചെയ്ത ‘മനു അങ്കിൾ’ എന്ന ചിത്രം ദേശിയ പുരസ്കാരം മലയാള മണ്ണിൽ എത്തിച്ചു. ഇതുൾപ്പടെ 3 ചിത്രങ്ങൾ സംവിധാനം ചെയ്തു.
മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളെ സൂപ്പർതാര പദവിയിലേക്ക് കൈപിടിച്ചുയർത്തിയ ഒട്ടനവധി ചിത്രങ്ങൾ മതി സിനിമ പ്രേമികൾ അദ്ദേഹത്തെ കാലങ്ങളോളം ഓർത്തുവെക്കുവാൻ. മാത്രമല്ല ഒരു പിടി നല്ല താരങ്ങളെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരിയിലെത്തിക്കുകയും അവർക്ക് ഭദ്രമായ ഒരിടം ഒരുക്കിക്കൊടുത്തു കൊണ്ട് ഡെന്നിസ് മലയാള സിനിമയെ സമ്പുഷ്ടമാക്കി. രാജാവിന്റെ മകനിലൂടെ സുരേഷ് ഗോപി, ഇന്ദ്രജാലത്തിലെ കാർലോസ് എന്ന വില്ലൻ കഥാപത്രത്തിലൂടെ രാജൻ പി ദേവ്, നിറക്കൂട്ടിലെ അജിത്ത് എന്ന വഷളൻ കഥാപാത്രത്തിലൂടെ ബാബു നമ്പൂതിരി, ആകാശദൂതിലെ പാൽക്കാരൻ കഥാപാത്രത്തിലൂടെ എൻ എഫ് വര്ഗീസ്. എന്നിവരൊക്കെ തങ്ങളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി പ്രേക്ഷകരെ ഞെട്ടിച്ചത് ഡെന്നിസ് എന്ന പ്രതിഭ വരച്ചിട്ട വരകളിലൂടെ കൃത്യമായി നടന്നടുത്തത് കൊണ്ട് മാത്രമാണ്.
എല്ലാത്തിനുമുപരി അദ്ദേഹത്തെ മറ്റു തിരക്കഥാകൃത്തുകളിൽ നിന്ന് വേറിട്ട് നിർത്തിയ ഘടകം വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു. ഓരോ സിനിമയും ഒന്നിനൊന്നു വ്യത്യസ്തം. ആക്ഷൻ, സസ്പെൻസ്, മിലട്ടറിപശ്ചാത്തലം, കുടുംബ ബന്ധെങ്ങൾ, സുഹൃത്ത് ബന്ധങ്ങളിലെ പാളിച്ചകൾ, കൂട്ടികളുടെ കുസൃതികൾ, നാട്ടിൻപുറ വർത്തമാനങ്ങൾ എന്നിങ്ങനെ ഏറെ വ്യത്യസ്തമായ തലങ്ങളിലൂടെ കഥകൾ പറഞ്ഞു പോയിരുന്നു. കടുത്ത അന്തർമുഖ സ്വഭാവം മൂലം മികച്ച ചിത്രത്തിനുള്ള അവാർഡ് രാഷ്ട്രപതിയുടെ കൈയിൽനിന്നു വാങ്ങാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തിയത് അവസാന കാലഘട്ടത്തിൽ അദ്ദേഹം വേദനയോടെ സ്മരിച്ചിരുന്നു. ഒരു നീണ്ട ഇടവേളക്കു ശേഷം 2018 ൽ സഫാരി ടി വി സംപ്രേക്ഷണം ചെയ്ത ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെ അദ്ദേഹം തന്റെ ഭൂതകാലസ്മരണകൾ അയവിറക്കിയപ്പോൾ അത് മറ്റൊരു സംഭവമായി മാറുകയായിരുന്നു. സഫാരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി അതിലെ മുഴുവൻ എപ്പിസോഡുകളും. ഇന്നും സമൂഹമാധ്യമങ്ങളിൽ അതൊരു തരംഗമായി നിലനിൽക്കുന്നു. ഇതിന്റെ വിജയത്തിലെ ആവേശം ഒട്ടു ചോരാത്ത രീതിയിൽ തൊട്ടു പിന്നാലെ 2019 ൽ മാതൃഭൂമി ബുക്സ് ‘നിറക്കൂട്ടുകളില്ലാതെ’ എന്ന പേരിൽ ഡെന്നിസിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കിയായപ്പോൾ ചൂടപ്പം പോലെയാണ് അതും വിറ്റഴിഞ്ഞത്. അതെ മെഗാ ഹിറ്റുകളുടെ ശില്പി അവസാന ഉദ്യമങ്ങളിലും സൃഷ്ടിച്ചതും മെഗാ ഹിറ്റുകൾ.
താൻ തന്റെ ഓട്ടം നല്ലവണ്ണം പൂർത്തിയാക്കി എന്ന തിരുവചനത്തെ നെഞ്ചോട് ചേർത്തുകൊണ്ട് ഡെന്നിസ് ജോസഫിന് ഇനി സ്വന്തം അപ്പച്ചന്റെയും അമ്മച്ചിയുടെയും കുടുംബകല്ലറയിൽ സമാധാനമായി ഉറങ്ങാം, പ്രതിഭകൾ മണ്മറഞ്ഞാലും വിസ്മരിക്കപ്പെടില്ല എന്ന പ്രപഞ്ചസത്യം അന്വർഥമാക്കി കൊണ്ട്.