പാലാരിവട്ടം പാലം പുനർനിർമ്മാണ ദൗത്യമേറ്റെടുത്തു ഇ. ശ്രീധരൻ.
പാലാരിവട്ടം പാലം പുതുക്കി പണിയാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ, പദ്ധതി ഏറ്റെടുക്കാൻ ഡി എം ആർ സി യും ഇ ശ്രീധരനും തയാറാകുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു കേട്ട പ്രധാന ചോദ്യം. കഴിഞ്ഞ മാസം അവസാനത്തോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായതിനാൽ ഡി എം ആർ സി കൊച്ചിയിലെ പ്രവർത്തനങ്ങൾ ഈ മാസം 30 ന് പൂർണമായും അവസാനിപ്പിക്കാൻ തയാറെടുക്കകയായിരുന്നു.. പേട്ട സ്റ്റേഷൻ മുതലുള്ള തുടർ നിർമ്മാണ പ്രവർത്തനങ്ങളും വാട്ടർ മെട്രോയുടെ അനുബന്ധ പ്രവർത്തനങ്ങളും കെ എം ആർ എൽ ഏറ്റെടുക്കകയും ചെയ്തിരുന്നു.
ഏറെ വിവാദങ്ങൾക്ക് കളമൊരുക്കിയ പാലാരിവട്ടം പാലം നിർമ്മാണവും തുടർ പ്രതിസ്ന്ധികൾക്കും സുപ്രീം കോടതി വിധിയോടെ താൽകാലിക ശമനം ഉണ്ടായിരിക്കുകയാണ്. കൊച്ചി നഗരത്തിൽ 4 വ്യത്യസ്ത സ്ഥലങ്ങളിൽ മേൽപ്പാലങ്ങൾ പണിതവകയിൽ ഡി എം ആർ സി സംസ്ഥാനത്തിന് തിരിച്ചു നൽകുവാനുള്ള 17.4 കോടി രൂപ ബഡ്ജറ്റിനുള്ളിൽ നിന്ന് കൊണ്ട് പാലത്തിന്റെ പുതുക്കി പണികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് ഇ ശ്രീധരൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഈ മേൽ പാലങ്ങളുടെ നിർമാണ പ്രക്രിയക്ക് നൽകിയ എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ ചിലവിൽ ജോലികൾ പൂർത്തീകരിച്ചതു കൊണ്ടാണ് 17 കോടിയോളം രൂപ മിച്ചം വെക്കാൻ ഡി എം ആർ സി ക്കു സാധിച്ചത്. ഈ തുക സർക്കാരിന് തിരിച്ചേൽപ്പിക്കുവാനുള്ള നടപടിക്രമങ്ങൾ അരംഭിച്ച സമയത്താണ് സുപ്രീം കോടതി വിധി വന്നതും ജോലികൾ ഏറ്റെടുക്കുവാൻ തയാറാണോ എന്ന് ആരാഞ്ഞു കൊണ്ട് സർക്കാർ ശ്രീധരനെയും ഡി എം ആർ സി യെയും സമീപിച്ചത്. പ്രാരംഭത്തിൽ ചില ഒഴിവു കഴിവുകൾ ഇ ശ്രീധരൻ പറഞ്ഞുവെങ്കിലും മുഖ്യ മന്ത്രിയുടെയും സർക്കാറിന്റെയും അഭ്യർത്ഥന പ്രകാരം ജോലികൾ ഏറ്റെടുക്കുവാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നു. പാലം പൊളിക്കുന്നതിനു ഏകദേശം 2 കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 8 മാസം കൊണ്ട് പാലം പുനർനിർമ്മിക്കാൻ സാധിക്കുമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയുട്ടുണ്ട്. കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുമായി ചേർന്ന് കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കാനാവും ഇനിയുള്ള ശ്രമം.
പാലം പണി പൂർത്തിയയായി വർഷങ്ങൾ കഴിഞ്ഞെങ്കിലും കൊച്ചിക്കാർക്കു ഇപ്പോഴും പാലത്തിന്റെ വിദൂര ദർശനം മാത്രമാണ് സാദ്ധ്യകുന്നത്. സർവീസ് റോഡുകൾക്ക് വീതിയുള്ളതു കൊണ്ട് മാത്രം ഇപ്പോഴും പാലാരിവട്ടം മേഖല ഗതാഗത യോഗ്യമായി തുടരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ ഇനിയുള്ള 8 മാസക്കാലം കൂടുതൽ കഠിനമാകുമോ എന്ന ആശങ്കയിലാണ് ഈ റൂട്ടിലെ സ്ഥിരം യാത്രക്കാർ.