എറണാകുളം സുബാഷ് പാർക്കിൽ കൂടുതൽ നാട്ടുമരങ്ങൾ വെച്ചു പിടിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ‘കാവാക്കി’ വന സംരക്ഷണ പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. പാർക്കിൽ ഇലഞ്ഞി മരതൈ നട്ടു കൊണ്ട് കൊച്ചി മേയർ എം അനിൽകുമാർ പദ്ധതി ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യപടിയായി 40 നാട്ടു മരതൈകൾ ഇന്നലെ സുബാഷ് പാർക്കിൽ നട്ടു. കുടംപുളി, നെല്ലി, ഇലഞ്ഞി, കറുകപ്പട്ട, കൂവളം, രക്തചന്ദനം, ആറ്റുപുന്ന, വാളംപുളി, വെപ്പ്, കണിക്കൊന്ന, മണിമരുത്, അടക്കാപൈൻ, പുത്രജീവി എന്നീ മരങ്ങളാണ് കാവാക്കി പദ്ധതിയുടെ ഭാഗമായി ഇന്നലെ നട്ടത്. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ എം എച്ച് എം അഷറഫ്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ , ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത്, ഡിവിഷൻ കൗൺസിലർ പത്മജ എസ് മേനോൻ, സി-ഹെഡ് ഡയറക്ടർ ഡോ. രാജൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
വേൾഡ് റിസോഴ്സ് ഇൻസ്റ്റിട്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ;സിറ്റീസ് 4 ഫോറെസ്റ്സ്’ പദ്ധതിയുടെ ഭാഗമായാണ് കാവാക്കി നടപ്പിലാക്കുന്നത് കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആയിരത്തോളം വൃക്ഷ തൈകൾ നഗരത്തിന്റെ വിവിധ ഇടങ്ങളിലായി നട്ടു പരിപാലിച്ചു വരുന്നുണ്ട്
തദ്ദേശീയ മരങ്ങളെ സംരക്ഷിക്കാൻ ജപ്പാനിൽ ഉത്ഭവിച്ച ‘മിയാവാക്കി’ പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതിക്ക് നാടൻ ശൈലിയിൽ ‘കാവാക്കി’ എന്ന നാമകരണം ചെയ്തിരിക്കുന്നത്. പണ്ട് കാലത്ത് കാവുകളോട് ചേർന്ന ഭാഗങ്ങളിൽ ഔഷധ സസ്യങ്ങളും മറ്റ് തദ്ദേശീയ ചെടികളും സ്വാഭാവികമായി വളർന്നു വന്നിരുന്നു. ഈ രീതി അവലംബിച്ചാണ് കാവാക്കി എന്ന് പേര് പദ്ധതിക്ക് നൽകിയിരിക്കുന്നത്.
സി ഹെഡ് ആണ് പദ്ധതിക്ക് നേത്ര്യത്വം നൽകുന്നത്.