കേരളത്തിലെ ചെമ്മീന്‍ കര്ഷകന് ദേശീയ പുരസ്കാരം
കൊച്ചി: സംസ്ഥാനത്തെ ഓരുജല ചെമ്മീന്‍-മത്സ്യ കൃഷിയിലൂടെ ശദ്ധേയനായ ടി പുരുഷോത്തമന് ദേശീയ അംഗീകാരം. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ജഗ്ജീവന് കര്‍ഷക പുരസ്കാരമാണ് കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമന് ലഭിച്ചത്. കാര്‍ഷിക രംഗത്ത് നൂതനരീതികള്‍ നടപ്പിലാക്കി മികവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.
ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതികസഹായമാണ് പുരുഷോത്തമന് കൃഷികളില്‍ പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാലാം തവണയാണ് സിബയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ കര്‍ഷകര്‍ക്ക് ഐസിഎആറിന്റെ കര്‍ഷക പുരസ്കാരം ലഭിക്കുന്നത്.
തദ്ദേശീയ ചെമ്മീന്‍ കൃഷിക്ക് ഊന്നല്‍ നല്കി കഴിഞ്ഞ 27 വര്‍ഷമായി കാരച്ചെമ്മീന്, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍, കല്ലുമ്മക്കായ, കാളാഞ്ചി എന്നിവയും കുളങ്ങള്‍ക്ക് സമീപം പ്ച്ചക്കറിയുമുള്പ്പെടുന്ന സംയോജിത കൃഷിയാണ് പുരുഷോത്തമന് ചെയ്ത് വരുന്നത്. ഇതിനായി നൂതന ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, സുസ്ഥിരത ഉറപ്പുവരുത്തി ചെമ്മീന്‍-മത്സ്യോല്പാദനം വര്‍ധിപ്പിച്ചതിനാണ് പുരുഷോത്തമനെ തേടി ദേശീയ പുരസ്കാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സീറോ വാട്ടര്‍ എക്സ്ചേഞ്ച് അക്വകാള്ച്ചര് സംവിധാനം, മള്‍ട്ടിട്രോപിക് സംയോജിത കൃഷിരീതി തുടങ്ങിയ അത്യാധുനിക രീതികള്‍ പുരുഷോത്തമന് വിജയകരമായി നടപ്പിലാക്കി.സ്വയം പരീക്ഷിച്ച് സാമ്പത്തികമായി വിജയിച്ച കൃഷി രീതി, പുതിയ മത്സ്യ കര്‍ഷക സംരഭകര്‍ക്ക് പകര്‍ന്നു നല്കുന്നതില് വ്യാപൃതനാണ് ഈ ജലകര്‍ഷകന്‍. കേരളത്തില്‍ മത്സ്യോല്പാദനത്തിന് അനന്തസാധ്യതകളുള്ള ഓരുജലാശയങ്ങളെ ശാസത്രീയമായി ഉപയോഗപ്പെടുത്തി ചെമ്മീന്‍-മത്സ്യകൃഷി വിജയകരമാക്കുന്നതിന് സിബയുടെ സാങ്കേതികവിദ്യകളും അദ്ദേഹത്തിന് സഹായകരമായി.