കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന റീച്ചുകളിൽ ഉൾപ്പെടുന്ന പേട്ട – എസ് എൻ ജംഗ്ഷൻ വരെയുള്ള ആദ്യ പാത അടുത്തവർഷം മാർച്ചിലും, രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന എസ് എൻ ജംഗ്ഷൻ – തൃപ്പുണിത്തറ പാത ഡിസംബറിലും പൂർത്തിയാകും. ഈ രണ്ടു പാതകളും യാഥാർഥ്യമാകുന്നതോടെ 28 കിലോമീറ്റർ ദൂരപരിധിയിൽ 25 സ്റ്റേഷനുകൾ നിലവിൽ വരും. ഒന്നാം ഘട്ടം പൂർണമായും പൂർത്തീകരിക്കപ്പെടുന്നതോടെ നഗരയാത്രകൾക്ക് കൊച്ചി മെട്രോ സർവീസ് കൂടുതൽ പ്രയോജനകരമായി തുടങ്ങും.
ഇതോടൊപ്പം കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിർമ്മാണ അനുമതിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. എന്നാലും ഡിസംബറോടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ കാക്കനാട് – ഇൻഫോ പാർക്ക് മെട്രോ പാതയുടെ പ്രാരംഭ ജോലികൾ പൂർത്തീകരിക്കാൻ അധികൃതർ താൽപര്യപ്പെടുന്നു. കോവിഡ് പ്രതിസന്ധികളും തുടർന്നുള്ള ലോക്കഡൗണുകളും നിർമ്മാണ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്. മെട്രോ വന്നതിനുശേഷം മെട്രോ പാതകളോട് അനുബന്ധമായുള്ള നടപ്പാതകളും, പൂന്തോട്ടങ്ങളും വികസിപ്പിച്ചെടുത്തുകൊണ്ട് നഗര സൗന്ദര്യവത്കരണം ഒരു പരിധി വരെ യാതാർഥ്യമാകാൻ സാധിച്ചതിന്റെ ചാരിതാർഥ്യം കെ എം ആർ എൽ അധികൃതരെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്. നിർമ്മാണ ജോലികൾ പൂർത്തീകരിക്കുന്ന അവസാന റീചുകളിലും ഈ പതിവ് ആവർത്തിക്കുമെന്ന് അധികൃതർ ഉറപ്പു നൽകുന്നു.