കൊച്ചിക്ക് ലോക-കലാ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്ത കൊച്ചി – മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഡിസംബർ 12 മുതൽ തുടക്കമാകും. കോവിഡ് കാലഘട്ടം തീർത്ത നീണ്ട ഇടവേളക്ക് ശേഷം വരുന്ന ഈ കലാപ്രദർനമേള 2023 ഏപ്രിൽ 10 വരെ നീളും. 2020 ഡിസംബറിൽ നടക്കേണ്ട ബിനാലെയാണ് രണ്ടു വർഷം വൈകി നടക്കുന്നത്. ഇത്തവണ കൊച്ചി ബിനാലെയുടെ പത്താം വാർഷികം കൂടിയാണ്.
ഫോർട്ട് കൊച്ചിയിലേയും എറണാകുളത്തേയും വിവിധ ഇടങ്ങളിലായിട്ടാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. “ഞങ്ങളുടെ സിരകളിലൊഴുകുന്നത് മഷിയും തീയും എന്നതാണ് ഇത്തവണത്തെ ബിനാലെ തീമെന്ന് കൊച്ചി – മുസിരിസ് ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷണമാചാരി അറിയിച്ചു. സിംഗപ്പൂരിൽ നിന്നുള്ള പ്രമുഖ ആർട്ടിസ്റ്റ് ശുബിഗി റാവു ആണ് അഞ്ചാം ബിനാലെയുടെ ക്യൂറേറ്റർ. ഇത്തവണത്തെ ബിനാലെക്കായി .ലോകമെമ്പാടുനിന്നും 80 ൽ അധികം ആർട്ടിസ്റ്റുകളെ ഒന്നിച്ചു കൊണ്ടുവരുന്നുണ്ട്. ഇതിനു പുറമേ ഈ വർഷത്തെ ബിനാലെയിൽ വിഖ്യാത കലാകാരൻ ജിതീഷ് കല്ലറ ക്യൂറേറ്റ് ചെയ്ത ‘ടാൻ ഗിൽഡ് ഹൈരാർക്കി’ ഡിസംബർ 13 മുതൽ പ്രദർശനത്തിനുണ്ടാകും.
File Photos