നഗരത്തിലെ എല്ലാ ഗതാഗത സംവിധാനങ്ങളും ഒറ്റ നെറ്റ്വർക്കിൽ കേന്ദ്രികരിക്കുന്ന ‘കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്ക്’ (KOMN) എന്ന സംവിധാനത്തിന് ഇന്ന് തുടക്കമായി. വരും കാലങ്ങളിൽ നഗര ഗതാഗത രീതിയുടെ ഭാവി തന്നെ നിശ്ച്ചയിക്കാൻ കെൽപ്പുള്ള ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ആയ ‘യാത്രി’യും ഇതിനോടനുബന്ധിച്ച് തയാറായി കഴിഞ്ഞു. ഒരു നഗരത്തിലെ സകലമാന ഗതാഗത സൗകര്യങ്ങളും വിരൽത്തുമ്പുകളിൽ ലഭ്യമാക്കി കൊണ്ട് ജനങ്ങളുടെ യാത്രാമാർഗങ്ങൾ സുഗമമാക്കാൻ മുൻകൈ എടുത്ത ലോകത്തെ ആദ്യ നഗരമായി ഇതോടെ കൊച്ചി മാറി.
ആദ്യഘട്ടത്തിൽ നഗരത്തിലെ അയ്യായിരത്തോളം ടാക്സി ഡ്രൈവർമാരെയാണ് യാത്രി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വരും മാസങ്ങളിൽ എയർപോർട്ട്, കൊച്ചി മെട്രോ, ഓട്ടോ റിക്ഷകൾ, ബോട്ട് സർവീസുകൾ, കെ എസ് ആർ ടി സി / സ്വകാര്യ ബസുകൾ എന്നിവയെല്ലാം,ഈ പദ്ധതിക്ക് കീഴിൽ വരുന്നതോടെ ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്കിന്റെ വ്യപ്തി കൂടുതൽ വർധിക്കും. ഉദാഹരണത്തിന് വൈറ്റിലയിൽ നിന്ന് മെട്രോയിൽ സഞ്ചരിക്കുന്ന ഒരാൾക്ക് മറൈൻ ഡ്രൈവിലും അവിടെ നിന്ന് ഫോർട്ട് കൊച്ചിയിലേക്കും യാത്ര ചെയ്യണമെങ്കിൽ ആപ്പ് ഓപ്പൺ ചെയ്തശേഷം ഡെസ്റ്റിനേഷനുകൾ കൃത്യമായി രേഖപ്പെടുത്തിയാൽ മതി. യാത്രക്കാരൻ അതാതു സ്ഥലങ്ങളിൽ എത്തിച്ചേരുമ്പോഴേക്കും തിരഞ്ഞെടുത്ത ഗതാഗത സൗകര്യങ്ങൾ അവിടെ കാത്തു നിൽപ്പുണ്ടാവും. ‘യാത്രി’ ഒരു ഓപ്പൺ സോർസ് ആപ്പ് ആയതിനാൽ ആവശ്യക്കാർക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയും. ഇൻഫോസിസ് സഹസ്ഥാപകനും ആധാർ സംവിധാനത്തിന്റെ ഉപജ്ഞാതാവുമായ നന്ദൻ നിലേക്കനിയുടെ ബൈക്കെൻ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കൊച്ചിയിലെ ഗതാഗത രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചുമലത വഹിക്കുന്ന കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (KMTA) ആണ് ഈ നൂതന സംരംഭത്തിന്റെ അണിയറ ശിൽപികൾ. എല്ലാ ഗതാഗത സംവിധാനങ്ങളെയും ഒരു കുടകീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച രാജ്യത്തെ തന്നെ ആദ്യത്തെ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണിത്. വിവിധ പൊതുഗതാഗത സംവിധാനങ്ങളും, ചരക്ക് ഗതാഗത സംവിധാനങ്ങളും ഏകോപിപ്പിച്ചു കൊണ്ടും, പണമടയ്ക്കുന്നതിന് ഒരു ഏകീകൃത രൂപമുണ്ടാക്കിയും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ KMTA വിഭാവനം ചെയ്യുന്ന സംരംഭമാണ് ഡിജിറ്റലൈസിംഗ് മൊബിലിറ്റി .
ഡിജിറ്റലൈസിംഗ് മൊബിലിറ്റിയിലേക്കുളള ആദ്യപടിയാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക്ക്.(kmon) ‘യാത്രി’ ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുളള ഗതാഗത രംഗത്തെ സേവനങ്ങള്‍ ഇനി നമ്മുടെ വിരല്‍തുമ്പിലെത്തും. നിലവിലുളളതും ഭാവിയില്‍ വരാവുന്നതുമായ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊളളുന്നതുമായ ലോകത്തിലെ തന്നെ ആദ്യത്തെ ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കായിരിക്കും കൊച്ചിയിലേത്.
ഇന്ന് പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു നിർവഹിച്ചു. ചടങ്ങിൽ എറണാകുളം എം. എൽ. എ., ടി. ജെ. വിനോദ്, കൊച്ചി എം. എൽ. എ., കെ. ജെ. മാക്സി, മേയർ എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.