തുടർച്ചയായി ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കുടുംബശ്രീ. കൈവച്ച എല്ലാ മേഖലകളിലും വൻ ജനപങ്കാളിത്തത്തോടെ ഏറ്റടുത്ത എല്ലാ സംരഭകളും വിജയപാതയിൽ എത്തിച്ച ഒരുപൂർവ ട്രാക്ക് റെക്കോർഡ് ആണ് കുടുബശ്രീ കൈവരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയതായി പുറത്തുവരുന്ന വാർത്ത ലോക്ക് ഡൌൺ കാലത്തു പ്രവർത്തനമാരംഭിച്ച കുടുബശ്രീ ജനകീയ ഹോട്ടലുകളെ കുറിച്ചാണ്. ആളുകൾ വീട്ടിൽ ഇരിക്കുന്ന കാലത്തു സ്വാഭാവിക വളർച്ച നേടിയ ഈ സംരംഭ പദ്ധതി ഇപ്പോഴും ജനങ്ങളുടെ മുഖ്യ ഭക്ഷ്യ സ്രോതസായി നിലനിക്കുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. വരുന്ന ഓണകാലത്തു തുറക്കാനിരുന്ന ജനകീയ ഹോട്ടലുകൾ കോവിഡ്/ ലോക്ക് ഡൗൺ പ്രതിസന്ധികളെ തുടർന്ന് നേരത്തെ തുറക്കുകയായിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവുംകൂടുതൽ ഹോട്ടലുകൾ പ്രവർത്തനസജ്ജമാക്കിയതിന്റെ ക്രെഡിറ്റ് എറണാകുളം ജില്ലക്കാണ്; മൊത്തം 74 എണ്ണം. സംസ്ഥാനത്തൊട്ടാകെ 480 ന് മുകളിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 399 എണ്ണം പ്രവർത്തിക്കുന്നത് ഗ്രാമീണ മേഖലകളിലാണ്. വിലക്കുറവാണ് ജനകീയ ഹോട്ടലുകളെ സൂപ്പർ ജനകീയ പദവിയിലേക്ക് ഉയർത്തിയത്; വെറും 20 രൂപക്ക് ഉച്ചയൂണ്. അതും തോരൻ, മെഴുക്കുപെരട്ടി, ഒഴിച്ചു കറി, അച്ചാർ, പപ്പടം എന്നിവ അടങ്ങിയ ഉച്ചഭക്ഷണം. എല്ലായിടങ്ങളിലും പാർസൽ സൗകര്യവും ലഭ്യമാണ്. എല്ലാ സ്ഥലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ടാണ് ഈ സംരഭ പ്രസ്ഥാനം മുന്നേറുന്നത്.