കാലപ്പഴക്കം കൊണ്ടും അധികൃതരുടെ അവഗണന മൂലവും ഭാഗികമായി തകർന്ന മട്ടാഞ്ചേരി കടവുംഭാഗം ജൂതപ്പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ പൈതൃക സ്മാരകങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ് ചരിത്ര പ്രാധാന്യമുള്ള ഈ യഹൂദ ദേവാലയത്തിന് പുതുജീവൻ കൈവരിക. 25 ലക്ഷം രൂപാ ചിലവിൽ താൽകാലിക സംരക്ഷണ മേൽക്കൂര നിർമ്മിച്ചുകൊണ്ട് ഇനിയും നശിച്ചുപോയിട്ടില്ലാത്ത ഭാഗങ്ങൾ സംരക്ഷിക്കുന്നതാണ് ആദ്യ നടപടി. പിന്നീട് മറ്റ് ഭാഗങ്ങളുടെ പുനർനിർമ്മാണം തുടങ്ങും.
ജൂതപ്പള്ളി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു ഉന്നതതല യോഗം സംഘടിപ്പിക്കപ്പെട്ടിരുന്നു. അഡിഷണൽ ചീഫ് സെക്രെട്ടറിയും ടുറിസം സെക്രട്ടറിയുമായ വി വേണുവും കൊച്ചി മേയർ എം അനിൽ കുമാറും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുത്തുകൊണ്ട് ഭാവി പരിപാടികൾക്ക് രൂപം നൽകുകയുണ്ടായി, തദ്ദേശവാസികൾ ഭയക്കുന്നത് പോലെ പള്ളിക്ക് സമീപം കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു വിലക്കുകളുമില്ലെന്ന യാതാർഥ്യം അധികൃതർ ഈ യോഗത്തിന് ശേഷം ആവർത്തിച്ചു. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ചു പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരും അധികൃതരും ജൂത സമുദായ പ്രതിനിധികളും ഒത്തുകൂടി വിശദമായ കർമ്മപദ്ധതിക്ക് രൂപം നൽകിയേക്കും. ഇതിനോടൊപ്പം തന്നെ സമീപത്തെ പൗരാണിക പ്രാധാന്യമുള്ള ‘അരിയിട്ട് വാഴിച്ച കോവിലകം’ എന്ന ചരിത്ര സ്മാരകവും സംരക്ഷിക്കുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.
കടവുംഭാഗം പള്ളി കൃത്യമായി പരിരക്ഷിക്കാത്തതിനെ സംബന്ധിച്ച് കഴിഞ്ഞ കുറേ ആഴ്ചകളായിട്ട് പ്രമുഖ മാധ്യമങ്ങളിൽ നിരന്തരമായി വാർത്തകൾ വന്നുകൊണ്ടിരുന്നത് നടപടികൾ വേഗത്തിലാക്കാൻ അധികൃതർക്ക് പ്രേരണയായി. പുതിയ നടപടിക്ക് തദ്ദേശവാസികളിൽ നിന്ന് പൂർണ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരം ചരിത്ര പ്രാധാന്യ മേഖലകൾ സംരക്ഷിക്കുന്നതും നിലനിർത്തുന്നതും ഭാവിയിൽ കൊച്ചിയിലേയും പരിസരപ്രദേശങ്ങളിലേയും ടുറിസ അനുബന്ധ വികസനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
File photos: