മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണെന്നു ആരോ പറഞ്ഞത് എത്ര ശരിയാന്നെന്നു തോന്നും പോയ വാരത്തെ ചില നഷ്ട്ടങ്ങൾ വിലയിരുത്തുമ്പോൾ. ഒരാൾ അഭിനയത്തിൽ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തുകയും അതു വഴി ഹോളിവുഡിൽ വരെ ചലനങ്ങൾ സൃഷിടിച്ചെടുത്ത ഒരു (അ) സാധാരണ നടൻ; ഇർഫാൻ ഖാൻ. മറ്റെയാൾ 1970 -80 കാലഘട്ടത്തിൽ ബോളിവുഡിൽ പ്രണയത്തിന്റെ ഉന്മാദ ലഹിരി സൃഷ്ടിച്ചുകൊണ്ട് തന്റേതായ ഒരു സ്ഥാനം സൃഷ്ടിക്കുകയും അത് മറ്റാർക്കും വിട്ടുകൊടുക്കാതെ വരുംതലമുറയെകൊണ്ട് പ്രണയധ്രുതമായി നൃത്ത ചുവടുകൾ വെക്കാൻ പഠിപ്പിച്ച ബോളിവുഡിന്റെ സ്വന്തം ഋഷി കപൂർ. ഇരുവർക്കും സമാനതകൾ ഏറെയാണ്. മസിൽ പെരുപ്പമാണ് ബോളിവുഡിലെ സ്ഥായിയായ വിജയമന്ത്രം എന്ന് യുവ തലമുറ ഏറെക്കുറെ വിശ്വസിച്ചു പോന്നിരുന്ന ഒരു കാലഘട്ടത്തിൽ ആണ് ഒരു മധ്യവർത്തി ഇന്ത്യക്കാരന്റെ ശരീര ഭാഷയുമായി ഇർഫാൻ എന്ന ഒരു അഭിനയപ്രതിഭയുടെ കടന്നു വരവ്. നൃത്തം, ആക്ഷൻ, ശരീരം ഇളക്കിമറിച്ചുള്ള കോമഡി ഇവയൊക്കെ ഉണ്ടെങ്കിൽ മാത്രമേ ബോളിവുഡിൽ ചുവടുറപ്പിക്കാൻ സാധിക്കൂ എന്ന അലിഖിത നിയമത്തെ പൊളിച്ചടുക്കിക്കൊണ്ടാണ് ഇർഫാൻ തന്റെ ഇരിപ്പിടം കണ്ടെത്തിയത്. ദീർഘനിശ്വാസം, നീണ്ട നിശബ്തത, കണ്ണുകളുടെ സാവധാനത്തിലുള്ള ചലനങ്ങൾ, അലസഭാവം ഇവയിലൂടെയല്ലാം അഭിനയം സാധ്യമാണെന്ന് സിനിമ ലോകത്തിനു ബോധ്യപെടുത്തിക്കൊടുത്തത് ഇർഫാന്റെ കഴിഞ്ഞകാല ചിത്രങ്ങൾ ആയിരുന്നുവെന്നു നിസംശയം പറയാം. ഏറ്റവും അധികം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച ഏക ഇന്ത്യൻ നടൻ എന്ന ഖ്യാതി മാത്രം മതി ഇർഫാൻ എന്ന പ്രതിഭയുടെ റേഞ്ച് മനസിലാക്കാൻ. തെക്കു കിഴക്കൻ രാജ്യങ്ങളിലെ കഥാപാത്രങ്ങൾ കടന്നു വരുന്ന വിദേശ ഭാഷ ചിത്രങ്ങളിൽ സംവിധായകർ ആദ്യം അന്വേഷിക്കുക ഇർഫാനെ ആയിരിന്നു. 2003-ൽ പുറത്തിറങ്ങിയ ‘ഹാസിൽ’ എന്ന ക്യാമ്പസ് പൊളിറ്റിക്സ് ചിത്രത്തിൽ ആണ് ഞാൻ ആദ്യമായി ഇർഫാൻ എന്ന നടനെ ശ്രദ്ധിക്കുന്നത്. അന്നത്തെ പ്രമുഖ യുവതാരം ജിമ്മി ഷെർഗിൽ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിലെ കുശാഗ്ര ബുദ്ധികാരനായ ഇർഫാൻന്റെ കഥാപാത്രം ആരെയും പിടിച്ചിരുത്തുന്ന നിശബ്ദ വില്ലൻ സ്വഭാവങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒന്നായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച വില്ലൻ നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയതോടെ ഇർഫാൻ ഒരു പടി കൂടി മുന്നോട്ടു കുതിച്ചു. തൊട്ടു പിന്നാലെ എത്തിയ മഖ്ബൂൽ എന്ന ചിത്തിൽ കരുത്തരായ ഓം പുരി, നസ്റുദ്ധിൻ ഷാ എന്നിവരോടൊപ്പം ഇർഫാൻ തകർത്തഭിനയിചു. പ്രമുഖ സംവിധായകനായ വിശാൽ ഭരദ്വാജ് ഒരുക്കിയ ഈ ചിത്രം ഷേക്സ്പെയറിന്റെ ‘മക്ബത്’ നെ ആസ്പദമാക്കിയാണ് ഒരുക്കിയത്.
രാജസ്ഥാനിൽ ജനിച്ചു വളർന്ന അദ്ദേഹത്തിന് ചെറുപ്പത്തിൽ കൃത്യമായ ഒരു ലക്ഷ്യമില്ലായിരുന്നു എന്നാണ് ഇർഫാൻ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്ന ഇർഫാന് പ്രധാന ലോക്കൽ ടൂർണമെന്റ്കളിലേക്കു അനായാസമായി പ്രവേശനം ലഭിച്ചിരുന്നു. പക്ഷെ മനസ് അവിടെ ഉറച്ചു നിന്നില്ല. ജോധ്പുരിൽ തിയേറ്റർ ആർട്ടിസ്റ്റായിരുന്ന അമ്മാവൻ ആണ് യുവ ഇർഫാനെ ഈ രംഗത്തേക്ക് ആകർഷിച്ചത്. അമ്മാവന്റെ നാടകാഭിനയങ്ങൾ കാണാൻ തുടങ്ങിയതോടെയാണ് അഭിനയകലയുടെ വിസ്മയം അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങിയത്. വ്യക്തിപരമായി നന്നായി അറിയാവുന്ന ഒരാൾ സ്റ്റേജിൽ കയറി നടത്തുന്ന ഭാവമാറ്റവും, മറ്റൊരു കഥാപാത്രമായുള്ള രൂപപരിണാമവും അദ്ദേഹത്തെ വളരെ അധികം സ്വാധിനിച്ചു. ഇത് ആഴത്തിൽ അപഗ്രഥിച്ചു പഠിക്കേണഒന്നാണെന്നുള്ള ചിന്ത ഇർഫാനെ കൊണ്ടെത്തിച്ചത് പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ആണ്. അവിടുത്തെ സൗഹ്രദങ്ങൾ അദ്ദേഹത്തെ സിനിമ എന്ന വലിയ ക്യാൻവാസിന്റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ച് നടത്തി. ആദ്യ ചിത്രം 1988 ഇൽ പുറത്തിറങ്ങിയ മീര നായരുടെ ‘സലാം ബോംബെ’ ആയിരുന്നെങ്കിലും വീണ്ടും ഒരു പതിറ്റാണ്ടോളം അദ്ദേഹത്തിന് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു; ഒരു നല്ല കാലത്തിനായി. 2000 ത്തിനു ശേഷം ഇർഫാൻന്റെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചത് ‘ദി വാറിയർ’ എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെയായിരുന്നു. പിന്നെ തുടരെ തുടരെ ഹിന്ദി -ഇംഗ്ലീഷ് ചിത്രങ്ങളുടെ ഒരു ഘോഷയാത്രയായിരിന്നു. ഇതിനിടെ യതാർത്ഥ കഥയെ ആസ്പദമാക്കി യൂ ടി വി മോഷൻ കമ്പനി പുറത്തിറക്കിയ ‘പാൻ സിംഗ് തൊമാർ’ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തിന് ദേശിയ അവാർഡ് നേടിക്കൊടുത്തു. പിന്നീട് കണ്ടത് ഹോളിവുഡിലെ വമ്പൻ പ്രൊജെക്ടുകളിലെ ഇർഫാന്റെ സജീവ സാനിധ്യമാണ്. അദ്ദേഹത്തിന്റെ അവസാന കാലത്തു ഇറങ്ങിയ ചിത്രങ്ങളിലുമുണ്ട് ചില കൗതുകങ്ങൾ; 2017 ൽ പുറത്തിറങ്ങിയ ‘ഹിന്ദി മീഡിയം’ എന്ന ചിത്രം അദ്ദേഹം അഭിനയിച്ച ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്. 2020 ൽ പുറത്തിറങ്ങിയ അവസാന ചിത്രത്തിന്റെ പേര് ‘ആൻഗ്രെസി മീഡിയം’ എന്നായിരുന്നു.
രാജ് കപൂറിന്റെ സ്വപുത്രൻ എന്നനിലയിലുള്ള ഋഷി കപൂറിന്റെ കടന്നുവരവ് അനായാസമായിരുന്നു; എന്നാൽ ആ ഘടകം എക്കാലവും തന്നെ തുണക്കില്ല എന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് വേണം കരുതാൻ. നായകനായി അഭിനയിച്ച ആദ്യ ചിത്രം ‘ബോബി’ യിലെ അഭിനയവും ‘ഹം തും ഏക് കമറെ മെ’ എന്ന മനോഹരമായ ഗാനരംഗങ്ങളും സ്വപ്ന തുല്യമായ തുടക്കമാണ് ഋഷിക് സമ്മാനിച്ചത്. കൂട്ടുകാർ ‘ചിൻറ്റു’ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന ഋഷിക് ഒട്ടെറെ മനോഹര ഗാനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നാണ് ബോളിവുഡിലെ പണ്ഡിതരുടെ വിലയിരുത്തൽ. വളരെ പ്രശസ്തമായ അദ്ദേഹത്തിന്റെ തന്നെ ‘ഡാൻസ് വിത്ത് മ്യൂസിക്’ എന്ന ഗാനത്തിൽ ഈ ‘ചിൻറ്റു’ വിളിപ്പേര് സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. സംഗീത അവലോകനത്തിൽ അൽപ്പം പിന്നിൽ ആയിരുന്നെങ്കിലും ഗാനങ്ങളാണ് തന്നെ താരമാക്കിയത് എന്ന ഒരുറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാകാം ആത്മകഥക്ക് ‘ഖുല്ലം ഖുല്ലം’ എന്ന പേര് നൽകിയത്. ഋഷിയും ഭാര്യ നീതുവും ഒരുമിച്ച് നൃത്തം വച്ച ‘ഖുല്ലം ഖുല്ലം പ്യാർകരെങ്കി ഹം ദോനോം’ എന്ന പ്രശസ്ത ഗാനത്തിന്റെ ആദ്യ വരികൾ ആണ് ഇവിടെ അടർത്തി എടുത്തത്. വിവാഹശേഷം രൂപപ്പെട്ട അല്പം തടിച്ച ശരീര പ്രകൃതം ദോഷമാകുമെന്ന സിനിമ പണ്ഡിതരുടെ വിലയിരുതൽ കാറ്റിൽ പറത്തി കൊണ്ട്, ബോളിവുഡ് മസാലക്കൂട്ടുകളായ ആക്ഷൻ, കോമഡി, നൃത്തം എന്നിവയെല്ലാം തന്റെ സ്വതസിദ്ധശൈലിയിൽ രൂപപെടുത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഹിറ്റ് മേക്കർ സുഭാഷ് ഖായിയുടെ ‘karz’ എന്ന ചിത്രത്തിലെ ‘ഓം ശാന്തിയോൻ ഓം ശാന്തി’ എന്ന ഗാനത്തിന്റെ ചടുലൻ നൃത്താവിഷ്കാരം ബോളിവുഡിലെ ഏറ്റവും ഗംഭീര നൃത്തചുവടുകളായിട്ടാണ് വിലയിരുത്തി പോരുന്നത്. തലമുറകൾ പലതും കടന്നുപോയിട്ടും ഈ ഗാനം ഇന്നും യുട്യബിൽ വലിയ ട്രെൻഡ് ആണ്. അത് പോലെ തന്നെ 1990കളിൽ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഡേവിഡ് ധവാൻ അണിയിച്ചൊരുക്കിയ ‘ബോൽ രാധാ ബോൽ’ ലിലെ ടൈറ്റിൽ ഗാനരംഗം. നല്ല തടിയും വച്ച് ജൂഹി ചൗളയോടൊപ്പം മനോഹരമായി, താളബോധത്തോടെ ചുവടുകൾ ചലിപ്പിക്കുന്ന ഋഷി കപൂർ മലയാളികളെ ഓർമിപ്പിച്ചത് മോഹൻ ലാലിൻറെ ചില മനോഹര പ്രണയ ഗാനരംഗങ്ങൾ ആയിരിന്നു. വൻ സാമ്പത്തിക വിജയം നേടിയ ആ ചിത്രത്തിന്റെ ഗാനരംഗങ്ങൾ ഇന്നും എവർഗ്രീൻ ഹിറ്റചാർട്ടിന്റെ മുൻപന്തിയിൽ ആണ്. 12 ചിത്രങ്ങളിൽ തന്നോടൊപ്പം നായികയായ റീത്തു സിംഗ് നെ ഋഷി ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് 1980 ൽ ആയിരിന്നു. സംഗീത – നൃത്ത പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഋഷിയെ തേടി നിർമ്മാതാക്കൾ പാഞ്ഞ കഥകൾ വളരെ പ്രശസ്തമാണ്.
നിരവധി ഫിലിം ഫെയർ അവാർഡുകൾ വാരിക്കൂട്ടിയിട്ടുള്ള ഋഷിയുടെ ജൈത്രയാത്രയിലെ നിർണായക ചിത്രങ്ങൾ ഇവയൊക്കെയാണ്; ബോബി, ഖേൽ ഖേൽ മേൻ, കഭി കഭി, അമർ അക്ബർ ആന്റണി, കർസ്, ചാന്ദിനി, ലവ് അജ് കൽ, അഗ്നീപഥ്. മലയാളിയായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ബോഡി’ എന്ന ചിത്രത്തിലും ഋഷി മുഖ്യ വേഷത്തിൽ എത്തിയിരുന്നു. മകൻ രൺബീർ കപൂർ ഇപ്പോൾ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള മുഖ്യധാരാ നടന്മാരിൽ ഒരാളാണ്. മുത്തച്ഛന്റേയും അച്ഛന്റെയും അതെ പാതയിലൂടെയുള്ള സഞ്ചാരം.
ഒരു യാദൃശ്ചികത : രാജേഷ് ഖന്നയുടെ കടുത്ത ആരാധകനായി സിനിമയിലേക്ക് ചുവടുവെച്ച ഇർഫാൻ അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ചു നടന്നു അദ്ദേഹത്തിന്റെ വീട്ടിലെ എ സി റിപ്പയർ ചെയ്യാനായി എത്തിയതും നേരിൽ പരിചയപ്പെട്ടതും പരസ്യമായ ഒരു രഹസ്യമാണ്. അക്കാലങ്ങളിൽ എ സി മെക്കാനിക് ആയി അദ്ദേഹം മുബൈയിൽ ജോലി ചെയ്യുകയായിരുന്നു. ബോളിവുഡിന്റെ റൊമാൻസ് കിംഗ് എന്ന പട്ടത്തിൽ വിലസിയിരുന്ന ഇതേ രാജേഷ് ഖന്നക് പകരക്കാരനായിട്ടാണ് ഋഷി കപൂർ ബോളിവുഡിലേക്ക് കാലെടുത്തുവച്ചതു എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. ‘ബോബി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലേക്ക് ആദ്യം രാജേഷ് ഖന്നെയെ ആയിരിന്നു സംവിധായകൻ രാജ് കപൂർ പരിഗണിച്ചത്. എന്നാൽ ഖന്നയുടെ ഉയർന്ന പ്രതിഫലനിരക്ക് രാജ് കപൂറിന്റെ കൊണ്ട് സ്വന്തം മകനെ തന്നെ കളത്തിലിറക്കുക എന്ന ‘കടുംകൈക്ക്’ പ്രേരിപ്പിച്ചു. അതൊരു ചരിത്ര നിയോഗമായിരുന്നുവെന്നു ഒരു പക്ഷെ അദ്ദേഹം പോലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അവിടെ കൊണ്ട് കൗതുകങ്ങൾ അവസാനിക്കുന്നില്ല. ‘ബോബി’യിൽ നായികയായി അരങ്ങേറ്റം കുറിച്ച ഡിംപിൾ കപാഡിയ പിന്നീട് ബോളിവുഡിലെ താരറാണി ആക്കുകയും രാജേഷ് ഖന്നയുടെ ജീവിത സഖിയായി മാറിയത് മറ്റൊരു യാദൃഛികത.
ഇർഫാൻ ഖാനും ഋഷി കപൂറും ഒരു സിനിമയിൽ മാത്രമേ ഒന്നിച്ചഭിനയിച്ചുള്ളൂ; 2013 ൽ പുറത്തിറങ്ങിയ ‘ഡി ഡേ’ എന്ന ചിത്രം. ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ആദ്യം വിടവാങ്ങുന്നത് ഇർഫാന്റെ കഥാപാത്രമാണ്. ചിത്രത്തിന്റെ അസാനഭാഗത്ത് ഋഷിയുടെ കഥാപാത്രവും മരണത്തിനു കീഴടങ്ങുന്നു. യഥാർത്ഥ ജീവത്തിലും ഇരുവരുടെയും മടക്കയാത്രകൾ സമാനമായിരുന്നു
Written by: Jaijith James