പൊതുനിരത്തുകളിൽ ഏറ്റവുമധികം സജീവമായി നിലനിൽക്കുന്ന ഓട്ടോ റിക്ഷാ സംവിധാനത്തിൽ അടിമുടി മാറ്റം വരാൻ പോകുന്നു. ഈ വരുന്ന ഓണകാലത്തിനുശേഷം ഇ-ഓട്ടകളുടെ സാന്നിധ്യം റോഡുകളിൽ വൻതോതിൽ വർധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
കൊച്ചിയെ കൂടുതൽ പ്രകൃതി സൗഹാർദ്ദ നഗരമാക്കി മാറ്റുവാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് വായുമലിനീകരണം ഒട്ടും തന്നെ സൃഷ്ടിക്കാത്ത ഇത്തരം ഗതാഗത സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേന ക്ഷണിച്ച ടെൻഡറുകൾ പ്രകാരം 77 ഇ-ഓട്ടോകളാണ് നഗരത്തിലെ പലവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഫീഡർ സർവീസുകൾ ആരംഭിക്കാൻ തയാറെടുക്കുന്നത്. ഇതിനു പുറമെ എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി വഴി നൂറോളം ഇ-ഓട്ടോകളും സെപ്റ്റംബർ ആദ്യവാരത്തോടെ നിരത്തിലിറങ്ങും.
ഇത്തരം ടെൻഡറകൾ പ്രകാരം റീചാർജ് ചെയ്തു ഉപയോഗിക്കാവുന്ന, ബാറ്ററികൾ നേരിട്ട് ഘടിപ്പിക്കാത്ത ഓട്ടോകൾ പണം അടച്ചു വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ‘സ്വാപ്പബൾ ബാറ്ററികൾ’ എന്നറിയപ്പെടുന്ന ഇവക്ക് 2.15 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പണം അടച്ചു ഏതാനും മിനുട്ടുകൾ കൊണ്ട് റീ ചാർജ് ചെയ്യാൻ കഴിയുന്ന ഈ ബാറ്ററികൾ ടെസ്റ്റ് ഡ്രൈവുകളിൽ മികവ് തെളിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗം ഇ- ഓട്ടോകളും ഫാക്ടറി സംവിധാനത്തിലൂടെ ബാറ്ററികൾ ഉള്ളിൽ ഘടിപ്പിച്ചു പ്രവർത്തിപ്പിക്കുന്നവയാണ്. ഈ വാഹനങ്ങൾക്ക് ഏതാണ്ട് മൂന്ന് ലക്ഷം രൂപ വരെ വില വരും. ഇതിൽ ബാറ്ററി ചെലവ് മാത്രം ഒരു ലക്ഷം രൂപ വരും. ചാർജ് തീർന്നു കഴിഞ്ഞാൽ ഇവ വീണ്ടും റീ ചാർജ് ചെയ്യാൻ കുറഞ്ഞത് 4 മണിക്കൂർ വരെ സമയെമെടുക്കും. പദ്ധതിയിൽ സജീവമായി പങ്കാളിത്തമുള്ള കെ എം ആർ എൽ 6 മെട്രോ സ്റ്റേഷനുകളിൽ റീ ചാർജിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മൂന്നു വർഷം മുൻപ് 16 ഓട്ടോറിക്ഷകളുമായി നഗരത്തിൽ പരീക്ഷണ ഓട്ടം ആരംഭിച്ച ഇ-ഓട്ടോ സംവിധാനം ഇപ്പോൾ 100 ന് മുകളിലേക്ക് കടക്കുന്നത് ഒരു വിജയമായി തന്നെയാണ് അധികൃതർ കാണുന്നത്. ഈ പതിനാറ് ഓട്ടോകളിൽ പകുതിയും ഇന്നും നിരത്തുകളിൽ സജീവമാണ് എന്നതാണ് മറ്റൊരു കൗതുകം. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി തുടരുന്ന മഹാമാരിയും ലോക്ക് ഡൗണുകളും ഇല്ലായിരുന്നെങ്കിൽ 150 ൽ അധികം ഇ -ഓട്ടോകൾ ഈസമയത്തിനുളിൽ നഗരത്തിൽ സർവീസ് നടത്തേണ്ടതായിരുന്നു.
ഇ- ഓട്ടോ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധികൃതർ വരും ആഴ്ചകളിൽ വിവിധ നിർമ്മാണ യൂണിറ്റുകൾ സന്ദർശിക്കും. നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പോയിന്റ് -ടു-പോയിന്റ് ഷെയർ ഓട്ടോ സർവീസുകൾക്കായി 6 സീറ്റുകൾ ഉള്ള ഓട്ടോകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ജർമ്മൻ വികസന ഏജെൻസിയായ ‘ജിസ്’ 45 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗ് ഈ പദ്ധതിക്കായി കൊച്ചി കോർപറേഷൻ മുഖനെ കരുതിവെച്ചിട്ടുണ്ട്. ഇതിൽ മുഖ്യ പരിഗണ ലഭിക്കുക സ്ത്രീകൾക്കും സമൂഹത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്നവർക്കും മാത്രമായിരിക്കും.