കൊച്ചി നഗരത്തിൽ നിന്ന് വിളിപ്പാടകലെ കടലിൽ ഒരു ദ്ദ്വീപിന് സമാനമായ രീതിയിൽ കൂറ്റൻ മണൽ തിട്ട രൂപപെട്ടുള്ളതായി വിദഗ്ദ്ധർ അനുമാനിക്കുന്നു. അഴിമുഖത്തിന് സമീപമായി ഒരു വലിയ മൈതാനം കണക്കെ മണൽത്തിട്ടയുള്ളതായി മത്സ്യത്തൊഴിലാളികളാണ് ആദ്യം സൂചന നൽകിയത്. കൊച്ചിയുടെ കടലോര മേഖലയുടെ ഉപഗ്രഹ ചിത്രവും ഈ വസ്തുത ഏതാണ്ട് സ്ഥീരീകരിക്കുന്നു. കൊച്ചിയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെ കപ്പൽ ചാലിന് സമീപമാണ് പുതിയ മണൽത്തിട്ട കണ്ടെത്തിയിരിക്കുന്നത്. എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ടയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വെറും നാലു വർഷ കാലയളവിനുളിൽ ആണ് ഈ മണൽത്തിട്ട കടലിൽ രൂപംപ്രാപിച്ചതെന്നു കരുതപ്പെടുന്നു. പുറമെ നിന്ന് നോക്കുമ്പോൾ കടലിനടിയിൽ ആയതിനാൽ എളുപ്പത്തിൽ ഇത് കാണാൻ സാധിക്കുകയില്ല. എന്നാൽ ഗൂഗിൾ എയർത്തിൽ ഇതിന്റെ ആകാശദൃശ്യം ലഭ്യമാണ്. വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഇതിനെ സംബന്ധിച്ചു പഠനങ്ങൾ നടത്തുമെന്ന് ഫിഷറീസ് സമുദ്ര പഠന സർവകലാശാല അധികൃതർ അറിയിച്ചു. എന്നാൽ അങ്ങനെയൊരു പ്രതിഭാസം അവിടെയില്ലെന്നും ഗൂഗിൾ എയർത്തിൽ ഇപ്പോൾ കാണുന്നതിന് സമാനമായ ദൃശ്യങ്ങൾ 2014 ൽ ലും കാണപ്പെട്ടെന്നും പിന്നീട് ഇവ അപ്രത്യഷമായതായും കൊച്ചി തുറമുഖ അധികൃതർ പറയുന്നു.
കൊച്ചിയുടെ മറ്റൊരാകർഷണമായ കുമ്പളങ്ങി ദ്വീപിന് അഞ്ചു കിലോമീറ്റർ ആണ് നീളം. അതുമായി കണക്കാക്കുമ്പോൾ നീളത്തിലും വിസ്തൃതിയിലും അതിനേക്കാൾ വലിയൊരു ദ്വീപാണ് കടലിനടിയിൽ രൂപപ്പെട്ടു വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ സൂചിപ്പിക്കുന്നു. .