യാത്രക്കാരെ കൊണ്ട് ഉൽഘാടന കർമ്മം നിർവഹിച്ച് കൊച്ചി മെട്രോ
എറണാകുളം സൗത്തിലെ പുതിയ മെട്രോ സ്റ്റേഷന്റ്റെ ഉൽഘാടന ചടങ്ങു നടന്നത് ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി മെട്രോ അധികൃതർ രാവിലെ മെട്രോ ട്രെയിനിൽ വന്നിറങ്ങിയ ചില യാത്രക്കാരെ ഉൽഘാടകരാകാൻ ക്ഷണിക്കുകയായിരുന്നു. ആദ്യം യാത്രക്കാർ അത്ഭുതത്തോടെയും തമാശയോടെയുമാണ് ഇതിനെ നോക്കികണ്ടത്. സ്ഥിരം യാത്രക്കാരായ പി എസ് വന്ദനയും സി ജി ജോർജും അധികൃതരുടെ അഭ്യർത്ഥന സ്വീകരിക്കുകയും ക്ഷണിതാക്കളുടെ സാന്നിധ്യത്തിൽ തന്നെ ഉൽഘാടന കർമ്മം നിർവഹിച്ചപ്പോൾ അതിനു മെട്രോ ജീവനക്കാരും യാത്രക്കാരും സാക്ഷികളായി. ചടങ്ങിൽ കെ എം ആർ എൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ സന്നിഹിതനായിരുന്നു. ‘ജനങ്ങളുടെ മെട്രോ’ എന്ന ആശയം ഉൾക്കൊണ്ട് കൊണ്ടാണ് ഈ വ്യത്യസ്ത രീതിയിലുള്ള ഉൽഘാടന ചടങ്ങു് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ സൗത്ത് സ്റ്റേഷൻ ഉൽഘാടനം ചെയ്ത വേളയിൽ കെട്ടിടത്തിന്റ്റെ ഒരു വശത്തെ ജോലികൾ മാത്രമേ പൂർത്തിയായിരുന്നുള്ളു. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഇവിടുത്തെ മുഴുവൻ നിർമ്മാണ ജോലികളും പൂർത്തിയായത്.12 നിലകളുള്ള ഈ കെട്ടിടത്തിന് മെട്രോ റൂട്ടിലെ ഏറ്റവും വലിയ കെട്ടിടമെന്ന ഖ്യാതിയും ഒപ്പമുണ്ട്. സൗത്ത് ഭാഗത്തെ തിരക്കും വാണിജ്യപരമായ സാധ്യതകളും കണക്കിലെടുത്തു കൊണ്ടാണ് ഇത്രെയും വലിയൊരു കെട്ടിടം ഈ ഭാഗത്ത് നിർമ്മിച്ചത്. ഇത്തരത്തിലുള്ള ഒരു വലിയ കെട്ടിടത്തിന്റ്റെ സാന്നിധ്യം എം ജി റോഡിൻറ്റെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ സഹായിക്കുമെന്നത് പ്രാദേശിക വ്യാപാരികളെയും ചെറുകിടകരെയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ഇവിടുത്തെ മറ്റൊരു പ്രത്യകത പ്ലാറ്റഫോമിന് മുകളിൽ ഏകദേശം 6000 ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന ബിസിനസ് ഡെവലപ്മെന്റ്റ് ഏരിയ ആണ്. ഈ സ്ഥലം ഏതു രീതിയിൽ പ്രായോജനപെടുത്തണമെന്ന് പിന്നീട് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് അനന്തര കാലഘട്ടത്തിൽ സാദ്ധ്യതകൾ ഏറെയാണെന്നും അവ വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നു.