മുന്നറിയിപ്പില്ലാതെ വന്ന കോവിഡും പിന്നാലെ എത്തിയ നീണ്ട ലോക്ക്ഡൗൺ കാലയളവും മലയാള ചലച്ചിത്ര മേഖലയിൽ വരുത്തിവെച്ച സാമ്പത്തിക മാന്ദ്യത്തിന് അറുതി വരുത്തി കൊണ്ട്, സിനിമ രംഗത്ത് കൂടുതൽ ഉണർവ് സൃഷിടിക്കാൻ ഉദ്ദേശിച്ചു കൊണ്ടും ശ്രീ ഗോകുലം മൂവീസിന്റെ രണ്ടു സിനിമകളുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഇന്ന് കൊച്ചിയിൽ നടന്നു. കോവിഡിന് ശേഷം തെന്നിന്ത്യൻ സിനിമ ലോകത്ത് ആദ്യമായിട്ടാണ് ഒരേ സമയം രണ്ടു സിനിമകളുടെ നിർമ്മാണം ആരംഭിക്കുന്നത്. സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ ശ്രീ ഗോകുലം ഗോപാലൻ, പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ, സംവിധായകൻ ജോഷി, ടോവിനോ തോമസ്, സൂരജ് വെഞ്ഞാറമ്മൂട്, മുതിർന്ന നടൻ രാഘവൻ എന്നിവരുൾപ്പെടെ മലയാള സിനിമ രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും ആണ് ഇന്ന് കൊച്ചിയിൽ നടന്നത്. ഇതിനു പുറമെ നിർമ്മാണം പുരോഗമിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകരായ വിനയൻ, അജയ് വാസുദേവ് എന്നിവരുടെ ചിത്രങ്ങളുടെ പൂജയും സ്വിച്ച് ഓൺ കർമ്മവുമാണ് നടന്നത്. വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ടി”ൽ നവോഥാന നായകനും ധീര പോരാളിയുമായിരുന്ന ആറാട്ടു പുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത് . കേരളത്തിലെ ചരിത്രകാരൻമാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. സിജു വിൽസൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, സൂരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നിത പിള്ള എന്നിവർ പ്രധാന കഥാപത്രങ്ങളാകുന്നു. . ‘കോവിഡ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ചിത്രം കൊറോണ കാലത്തെ രാഷ്ട്രീയവും മാധ്യമ പ്രവര്ത്തനങ്ങളുമാണ് വിശകലനം ചെയുന്നത്. സംവിധായകൻ ജിസ് ജോയിയും ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്.