തെരുവ് കാലാവതരണത്തിനായി കൊച്ചി കോപറേഷനും സി ഹെഡും കേരള ലളിത കലാ അക്കദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആർട്ട് സ്പേസ് കൊച്ചിയുടെ ഭാഗമായുള്ള ‘കനോപ്പി ആർട്ട് ഹോളിക്ക്’ ത്രിദിന പെയിന്റിംഗ് ക്യാമ്പിന് സമാപനമായി. കഴിഞ്ഞ മൂന്നു ദിവസമായി ചാത്യാത്ത് ക്വിൻസ് വോക് വേയിൽ നടന്ന ക്യാമ്പിൽ പത്തോളം കലാകാരൻമാർ പങ്കെടുത്തു. കൊച്ചി മേയർ അനിൽകുമാർ ക്യാമ്പ് സന്ദർശിച്ചു. ജനകീയതയിൽ ഊന്നി കൊണ്ട് കലയുടെ ഇത്തരം വൈവിധ്യമാർന്നതും നൂതനവുമായ കലാപ്രവർത്തനങ്ങൾ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുമെന്നും കൊച്ചിയെ സാംസ്കാരിക നഗരിയായും ആർട്ട് ഹബ് ആയും ഉയർത്തി കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മേയർ പറഞ്ഞു. കോവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തെയും അത് നിശ്ചലമാക്കിയ സാംസ്കാരിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ അണിയറയിൽ തയാറാക്കുന്ന വിവരവും മേയർ കലാകാരമാരുമായി പങ്കുവെച്ചു.
ക്വിൻസ് വോക് വേയുടെ മധ്യ ഭാഗത്തായി തണൽ മരങ്ങൾ നിറഞ്ഞ ഭാഗത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. അത് കൊണ്ട് തന്നെ കൃത്രിമ തണലും മറ്റ് സൗകര്യങ്ങളും സൃഷ്ടിക്കുവാൻ ഷാമിയാനയുടെയോ പന്തലിന്റെയോ ആവിശ്യം വേണ്ടിവന്നില്ല. ക്യാമ്പിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രകൃതിയുമായി ലയിച്ഛ് കൊണ്ട് സർഗാത്മക രചനകളിൽ മുഴുകുവാൻ ഈ അന്തരീക്ഷം പ്രയോജനകരമായി.
ക്യാമ്പിൽ പങ്കെടുത്തവർ: വി ആർ അമൃത, ജഗദിഷ് എടക്കാട്, കെ ടി മത്തായി, സജിത്ത് പുതുകലവട്ടം, പി എ സജീഷ്, സുനിൽ വല്ലാർപാടം, സി എം പ്രസാദ്, ഷിനോജ് ചോറൻ, വിപിൻ കെ നായർ, ഉത്തര രമേഷ്.