ഇന്ന് രോഗികൾ 722, ജില്ലയിൽ കൂടുതൽ ആശുപത്രികൾ സജ്ജം.
ആദ്യമായി സംസ്ഥാനത്തു രോഗികളുടെ എണ്ണം 700 മുകളിൽ.
സംസ്ഥാനത്തും ജില്ലയിലും സമ്പർക്കം വഴിയും അല്ലാതെയും രോഗികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന ക്രമാതീതമായ വർധന വളരെ ആശങ്കയോടെയാണ് ഭരണകൂടവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നോക്കി കാണുന്നത്. സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കു പ്രകാരം, സംസ്ഥാനത്തു ഇന്നു മാത്രം രോഗം രോഗം ബാധിച്ചത് 722 പേർക്കാണ്. ഇതിൽ 481 സമ്പർക്ക രോഗികൾ ഉൾപെടും. ആകെ രോഗികളുടെ എണ്ണം 10,275. കൂടാതെ ഇന്ന് രണ്ടു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 3 ദിവസം തുടർച്ചയായി മൊത്തം രോഗികളുടെ കണക്കിൽ, എറണാകുളം ജില്ല തലസ്ഥാനത്തിനു പിന്നിലായി രണ്ടാം സ്ഥാനത്തു തുടരുകയാണ്. ഇന്ന് ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 57. ഇതിൽ 47 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നത് കൂടുതൽ ആശങ്കാജനകമാണ്. സമ്പർക്ക രോഗം എത്രത്തോളം തീവ്രമായി തുടരുന്നു എന്നതാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കൂടുതൽ ആശുപത്രികൾ കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. തദ്ദേശ ജനപ്രതിനധികളുടെ പിന്തുണയോടെ ചികിത്സ സംവിധാന ഒരുക്കുവാൻ അതാതു സ്ഥലങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ, എന്നിവ കണ്ടെത്തി പ്രാദേശിക തലത്തിലുള്ള ഒരു പ്രതിരോധ സംവിധാനമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അടുത്ത മാസത്തോടെ ജില്ലകൾ തോറും കുറഞ്ഞത് 5000 രോഗികൾ വരെ ഉണ്ടേയാക്കാം എന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ കൂടുതൽ ആശങ്കപെടുത്തുന്നതാണ്. എറണാകുളത്ത് നിലവിൽ കളമശേരി ഗവണ്മെന്റ് ആശുപത്രിക്കു പുറമെ കലൂരിലെ പി വി എസ് ആശുപത്രി, ഞാറക്കലിലെ അമൃത ആശുപത്രി എന്നിവയെല്ലാം തന്നെ കോവിഡ് പ്രതിരോധ കേന്ദ്രങ്ങളാകുവാനുള്ള പദ്ധതികൾ മാസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു. കളമശേരി സർക്കാർ ആശുപത്രിക്കു പുറമെ, അങ്കമാലിയിലെ ആഡ് -ലക്സ് കൺവെൻഷൻ സെന്റർ, കറുകുറ്റിയിലെ ധ്യാനകേന്ദ്രം എന്നിവയാണ് നിലവിൽ ഇത്തരം ചികിത്സ സൗകര്യങ്ങൾ ലഭ്യമാവുന്നത്. ഇവിടങ്ങളിലെ രോഗികളുടെ എണ്ണാത്തലുണ്ടായികൊണ്ടിരിക്കുന്ന വൻ വർധന പുതിയ കേന്ദ്രങ്ങൾ സജീവമാക്കുവാൻ അധികൃതരെ നിർബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോൾ തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കോവിഡ് കെയർ സെന്റെർ ആക്കാനുള്ള അധികൃതരുടെ ആലോചന സ്റ്റേഡിയങ്ങൾ ധാരാളമുള്ള കൊച്ചിയിലും കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ ഒരു ബാക് അപ്പ് പ്ലാൻ പോലെ ഉപയോഗിക്കാവുന്ന ഒരു സംവിധാനം ഇവിടെയുമുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നഗരത്തിന്റെ മർമ പ്രധാന മേഖലകൾ എല്ലാം തന്നെ കോൺടൈന്മെന്റ് സോണിൽ വന്നതിനാൽ അടഞ്ഞു കിടക്കുകയാണ്. നഗരത്തിന്റെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന എറണാകുളം, മരട് മാർക്കറ്റുകൾ അടഞ്ഞു കിടക്കുന്നത് ജില്ലയിലെ ഭക്ഷ്യ വിതരണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മരടിൽ കടുത്ത നിയന്ത്രണങ്ങളോടെ ഭാഗികമായി കച്ചവടം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ചെല്ലാനത്തും ആലുവയിലും സ്ഥിഗതികൾ അതീവ ഗുരുതരമായി തുടരുന്നത് ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം നഗരം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്ന സമയത്താണ് കാര്യങ്ങളെലാം കൈവിട്ടു പോകുന്നത് എന്നതാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം.