എറണാകുളത്തേയും വെല്ലിങ്ടൺ ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ വെണ്ടുരുത്തി പാലം മിനിക്കിയെടുത്തുകൊണ്ട് പൈതൃക വിനോദ സഞ്ചാര ഇടനാഴിയായി വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി രേഖ ജില്ലാ ഭരണകൂടവും ജില്ലാ ടുറിസം വകുപ്പും ചേർന്ന് തയാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള ആശയങ്ങളും അഭിപ്രായങ്ങളും ടുറിസം വകുപ്പിനെ നേരിട്ടറിയിക്കാൻ അവസരം ഒരുങ്ങുന്നു. നിങ്ങളുടെ ആശയങ്ങൾ 9946046025 എന്ന നമ്പറിലോ info@dtpcernakulam.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ആശയങ്ങൾ ഈ മാസം 15 വരെ സമർപ്പിക്കാം. മികച്ച ആശയത്തിന് 10,000 രൂപയുടെ ക്യാഷ് അവാർഡ് ഉണ്ടാകും.
പഴയ വെണ്ടുരുത്തി പാലത്തിൽ വിദേശ രാജ്യങ്ങളിൽ കാണുന്ന പോലെയുള്ള ഒരു ഭക്ഷണ തെരുവ് നിർമ്മിക്കാനുള്ള ആശയം ഉരുത്തിരിഞ്ഞു വന്നത് കഴിഞ്ഞ ദിവസം മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ‘കൊച്ചിയുടെ ടുറിസം സാദ്ധ്യതകൾ. എന്ന സെമിനാറിലാണ്. സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇതുമായി ബന്ധപ്പെട്ട ചില ആശയങ്ങളും പങ്കുവെച്ചു. തുടർന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്, ഫോർട്ട് കൊച്ചി സബ് കളക്ടർ പി വിഷ്ണുരാജ്, ടുറിസം ഡയരക്ടർ കൃഷ്ണ തേജ്ജ എന്നിവർ പാലം സന്ദർശിക്കുകയും സാദ്ധ്യതകൾ വിലയിരുത്തുകയും ചെയ്തു. ഇതിനോടൊപ്പം നഗരത്തിലെ ജനപ്രതിനിധികളും തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെ പങ്കു വെച്ചു. ഏറെ കാലമായി അടഞ്ഞു കിടക്കുന്ന ഈ പാലം ഭാഗികമായി വാഹന പാർക്കിങ്ങുകൾക്കും സായാഹ്നങ്ങളിൽ ആളുകൾക്ക് കുടുംബത്തോടൊപ്പം വന്ന് കായൽ സൗന്ദര്യം കണ്ടുകൊണ്ട് വിവിധ ഭക്ഷണ രുചികൾ ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനെ കുറിചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ഇതിനോടു അനുബന്ധമായി തന്നെ കൊച്ചിയെ ഒരു പ്രധാന ടുറിസം കേന്ദ്രമാക്കി മാറ്റുന്നതിയുള്ള ആശയങ്ങളും സംവാദങ്ങളും പല കോണുകളിൽ നിന്ന് ആരംഭിച്ചു കഴിഞ്ഞു.