രാജ്യത്തെ തീരദേശ തണ്ണീർതടങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ സമ്പൂർണ വിവരങ്ങൾ ഇനി മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, നശിച്ചുകൊണ്ടിരിക്കുന്ന ചെറിയ തണ്ണീർതടങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നിർദേശപ്രകാരം ഐഎസ്ആർഒയുടെ കീഴിലുള്ള അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻസ് സെന്ററാണ് (സാക്) മൊബൈൽ ആപ്പ് വികസിപ്പിച്ചത്. മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണത്തിന് പുതുവൈപ്പിലെ കണ്ടൽവന-തണ്ണീർതടങ്ങളിൽ നിന്നും ഗവേഷകർ വിവരങ്ങൾ ശേഖരിച്ച് തുടക്കമിട്ടു.
2.25 ഹെക്ടറിൽ താഴെയുള്ള തണ്ണീർതടങ്ങളുടെ വിവരങ്ങളാണ് മൊബൈൽ ആപ്പ് വഴി ശേഖരിക്കുക. കേരളത്തിൽ മാത്രം ഈ ഗണത്തിൽ പെടുന്ന 2592 തണ്ണീർതടങ്ങളുണ്ട്. തണ്ണീർതടങ്ങളുടെ ജല-മണ്ണ് ഗുണനിലവാരം, മലിനീകരണ സ്വഭാവം, വളർത്തു മത്സ്യയിനങ്ങൾ, വിസ്തൃതി, മത്സ്യകൃഷി സാധ്യതകൾ, അനധികൃത നിർമാണപ്രവർത്തനങ്ങൾ, മറ്റു ജൈവവൈവിധ്യ സവിശേഷതകൾ എന്നിവയുമായി ബന്ധപ്പട്ടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
സിഎംഎഫ്ആർഐയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചറിന്റെ (നിക്ര) കീഴിലാണ് ഈ പദ്ധതി. ഗവേഷകർ, കർഷകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ ശരിയെന്ന ഉറപ്പുവരുത്തിയതിന് ശേഷം ഡേറ്റബേസിൽ സൂക്ഷിക്കും.
രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക. തണ്ണീർതടങ്ങളുടെ വിവരശേഖരണത്തിന് ഈ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് സിഎംഎഫ്ആർഐയുടെ നിക്ര ഗവേഷണ വിഭാഗത്തെ സമീപിക്കാവുന്നതാണ്.
കാലാവസ്ഥാ വ്യതിയാനത്തിനെ തുടർന്നുണ്ടാകുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ തണ്ണീർതടങ്ങളുടെ സമ്പൂർണ ഡിജിറ്റൽ വിവരങ്ങൾ പലരീതിയിലും പ്രയോജനകരമാകുമെന്ന് മൊബൈൽ ആപ്പ് പുറത്തിറക്കവെ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, സിഎംഎഫ്ആർഐയിലെ നിക്ര പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ഡോ പി യു സക്കറിയ, ഡോ എ പി ദിനേശ്ബാബു, ഡോ പി കലാധരൻ, ഡോ ടി വി സത്യാനന്ദൻ എന്നിവർ പങ്കെടുത്തു.
തണ്ണീർതടങ്ങളുടെ സംരക്ഷണത്തിന് മൊബൈൽ ആപ്പ്
170
previous post