കോവിഡ് 19 എന്ന മഹാമാരി ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിരവധി ചലഞ്ചുകളാണ് പ്രവർത്തകർക്ക് മുന്നിലേക്ക് നീട്ടിയത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന ‘എന്റെ മണ്ണ്, എന്റെ അടുക്കളയ്ക്ക്, എന്റെ പച്ചക്കറി ‘ ചലഞ്ച്.
സ്ഥല പരിമിതികൾ ഒരു തടസ്സമാകാത്ത തരത്തിൽ ടെറസ് ഫാമിങ്, ഗ്രോ ബാഗ്, എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള കൃഷികൾ. വീടുകളിൽ കഴിയുന്ന വീട്ടമ്മമാർക്കും കുടുംബത്തിനും ഉണർവേകാൻ ഈ ചലഞ്ച് കാരണമായി.
കാരണം, ചലഞ്ച് ഏറ്റെടുത്ത് നിരവധി ആളുകളാണ് തങ്ങൾ ചെയ്ത കൃഷിയുടെ വീഡിയോ കുടുംബശ്രീ ജില്ലാ മിഷന് അയച്ചത്. ചലഞ്ചിന്റെ സുതാര്യത ഉറപ്പാക്കാൻ മണ്ണൊരുക്കുന്നതുമുതലുള്ള ദൃശ്യങ്ങൾ കുടുംബശ്രീയുമായി പങ്കുവയ്ക്കാനായിരുന്നു നിർദേശം.
3 ഘട്ടങ്ങളിലായി നടപ്പാക്കുന്ന ചലഞ്ചിൽ ഏകദേശം 2, 200 ഓളം പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഘട്ടത്തിൽ മണ്ണൊരുക്കുന്നതിന്റെയും രണ്ടാമത്തെ ഘട്ടത്തിൽ ചെടി നടുന്നതിന്റെയോ വിത്ത് പാകുന്നതിന്റെയോ വീഡിയോയും മൂന്നാം ഘട്ടത്തിൽ ചെടി പരിപാലനം ചെയ്യുന്നതിന്റെ വീഡിയോയുമാണ് അയയ്ക്കേണ്ടത്. മികച്ച രീതിയിൽ കൃഷി ചെയ്യുന്നവരെ വിദഗ്ധ തലത്തിൽ ബ്ലോക്ക് കമ്മിറ്റി തിരഞ്ഞെടുക്കുകയും ഇവയിൽ നിന്നും ജില്ലാ തലത്തിലുള്ള വിദഗ്ധ കമ്മിറ്റി വിശകലനം ചെയ്ത് ജില്ലാ തലത്തിലുള്ള വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്യും.
കാർഷിക മേഖലയ്ക്ക് എന്തുകൊണ്ടും പുത്തൻ ഉണർവ് നൽകുന്നതാണ് എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ഈ ചലഞ്ച്. അന്യ സംസ്ഥാനത്തുനിന്നും വിഷാംശമുള്ള പച്ചക്കറികൾ വാങ്ങി ആരോഗ്യം നശിപ്പിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തം വീടുകളിൽ തന്നെ നാം കൃഷി ചെയ്യുന്ന പച്ചക്കറികൾ.